കലിഫോര്‍ണിയയില്‍ ഇന്ത്യന്‍ കുടുംബത്തെ കൊന്നൊടുക്കിയ പ്രതിക്കു വധശിക്ഷ നല്‍കണം:പൊലീസ്

കലിഫോര്‍ണിയയില്‍ ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നല്‍കാന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കണമെന്നു മെര്‍സെഡ് കൗണ്ടി ഷെറീഫ് വെര്‍ണന്‍ വാങ്കെ അഭിപ്രായപ്പെട്ടു. എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പോലും വധിച്ച പ്രതിക്കു നരകത്തില്‍ പ്രത്യേക ഇടം ലഭിക്കുമെന്നു ഏറെ വികാരവിക്ഷുബ്ധനായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കുടുംബത്തെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ താന്‍ ഉള്‍പെട്ടിട്ടുണ്ടെന്നു കസ്റ്റഡിയില്‍ ഉള്ള കുറ്റാരോപിതന്‍ ജീസസ് മാനുവല്‍ സല്‍ഗാഡോ സ്വന്തം കുടുംബത്തോട് പറഞ്ഞിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി. അയാളുടെ കുടുംബം തന്നെയാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്.

പൊലീസ് പിടിച്ചപ്പോള്‍ ആത്മഹത്യക്കു ശ്രമിച്ച അയാള്‍ ആശുപത്രിയിലാണ്. ചോദ്യം ചെയ്യാന്‍ ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചിട്ടില്ല. സായുധ കവര്‍ച്ചയ്ക്ക് 2005ല്‍ ശിക്ഷിക്കപ്പെട്ട സല്‍ഗാഡോ 2015 ലാണ് പുറത്തിറങ്ങിയത്. പശ്ചാത്തലം നല്‍കുന്ന സൂചന അയാളുടെ ലക്ഷ്യം പണം തന്നെ എന്നാണ്. സല്‍ഗാഡോയ്ക്കു എതിരെ ഒട്ടേറെ സാഹചര്യ തെളിവുകള്‍ ഉണ്ടെന്നു വാങ്കെ പറഞ്ഞു. വ്യക്തമായ തെളിവുകള്‍ സമാഹരിക്കാനുള്ള ശ്രമം തുടരുകയാണ്.

മൃതദേഹങ്ങള്‍ കണ്ടെത്തിയ കൃഷിയിടത്തിനടുത്തു റോഡില്‍ നിന്നാണ് സിംഗ് കുടുംബത്തിന്റെ ഫോണ്‍ ലഭിച്ചത്. അവരുടെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് പണം എടുത്തിട്ടുണ്ട്. വികാരക്ഷോഭം കൊണ്ട് തനിക്കു തീപിടിക്കയാണെന്നു വാങ്കെ പറഞ്ഞു. ഒരു കുടുംബത്തെ മുഴുവന്‍ തുടച്ചു നീക്കി. ഒരു പിഞ്ചു കുഞ്ഞിനേയും കൊല്ലാന്‍ മടിച്ചില്ല.

തോക്കു ചൂണ്ടി സിംഗ് കുടുംബത്തെ തട്ടിക്കൊണ്ടു പോകുന്ന വീഡിയോ വാങ്കെ മാധ്യമങ്ങളെ കാണിച്ചു. ആദ്യം ജസ്ദീപ് സിംഗിനെയും അമന്‍ദീപ് സിംഗിനെയും കൈകള്‍ പിന്നില്‍ കെട്ടി കൊണ്ടു പോകുന്നു. പിന്നീട് ജസ്ദീപിന്റെ ഭാര്യ ജെസ്ലിനെയും കുട്ടിയേയും. പിന്നീട് അവരെ കൊണ്ടു പോയ ട്രക്ക് തീ പിടിച്ച നിലയില്‍ കണ്ടെത്തി.

ഈ കൂട്ടക്കൊലയെ കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്താന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഇടപെടണമെന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ആവശ്യപ്പെട്ടു. ഹോഷിയാര്‍പൂരിലെ ഹാര്‍സി ഗ്രാമത്തില്‍ നിന്നുള്ള കുടുംബത്തിന് ഉണ്ടായ ദുരന്തത്തില്‍ അദ്ദേഹം അനുശോചനം അറിയിച്ചു.അങ്ങേയറ്റം അപലപനീയമായ ക്രൂരകൃത്യം. ഞെട്ടിക്കുന്നത്, പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള പഞ്ചാബികള്‍ക്ക്. യുഎസ് പോലുള്ള വികസിത രാജ്യങ്ങളില്‍ പോലും പഞ്ചാബികളുടെ സുരക്ഷയെ കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നു. ഇന്ത്യാ ഗവണ്‍മെന്റ് ഇക്കാര്യം യുഎസ് ഗവണ്‍മെന്റിന്റെ മുന്നില്‍ ഉന്നയിക്കേണ്ടതാണ്. യു എസില്‍ ജീവിക്കുന്ന പഞ്ചാബികളുടെ സുരക്ഷ ഉയര്‍ന്ന പരിഗണന ആവണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News