John Brittas MP: തരൂരിനെ കാലുവാരുന്നതില്‍ വിജയിക്കാം, എന്നാല്‍ അത് കോണ്‍ഗ്രസിന്റെ തന്നെ കാലു വാരുന്നതിനു തുല്യമാണെന്നാണ് എന്റെ അനുമാനം: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഭിന്നാഭിപ്രായം പ്രകടമാണ്. തരൂരിനോടുള്ള കേരളത്തിലെ നേതാക്കളുടെ അവഗണനയും മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കായി ചരടലുവലിക്കുന്നവരോടുള്ള തരൂരിന്റെ രോഷവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസ് എം പി യുടെ പ്രതികരണം ശ്രദ്ധേയമാണ്. ‘ശശിതരൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി കാണണമെന്നാണ് എന്റെ ആഗ്രഹം. രണ്ട് സ്ഥാനാര്‍ത്ഥികളെ താരതമ്യം ചെയ്യുമ്പോഴുള്ള നിഗമനമാണിത്’ എന്നാണ് അദ്ദേഹം പറഞ്ഞത്.

തരൂരിനെ(Shashi Tharoor) കാലുവാരുന്നതില്‍ വിജയിക്കാം, എന്നാല്‍ അത് കോണ്‍ഗ്രസിന്റെ തന്നെ കാലു വാരുന്നതിനു തുല്യമാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി(John Brittas M P). ആര് അദ്ധ്യക്ഷനായാലും ലീഡര്‍ രാഹുല്‍ഗാന്ധി ആയിരിക്കുമെന്നും കുടുംബം പറയാതെയോ ആഗ്രഹിക്കാതെയോ ഇത് നടക്കില്ലെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ജോണ്‍ ബ്രിട്ടാസ് എം പിയുടെ വാക്കുകള്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ചാണിത്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ആഭ്യന്തര കാര്യമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും പറയുന്നില്ല. മറിച്ച് പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമായതുകൊണ്ടാണല്ലോ കെ.സുധാകരനും വി.ഡി.സതീഷിനും കെ.മുരളീധരനുമൊക്കെ പരസ്യമായി പ്രതികരിക്കുന്നതും പത്രസമ്മേളനം നടത്തുന്നതുമൊക്കെ. സ്ഥാനാര്‍ത്ഥി ശശിതരൂര്‍ എണ്ണമറ്റ അഭിമുഖങ്ങളും ആശയവിനിമയങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. 9000+ അംഗങ്ങളുള്ള ഇലക്ട്രല്‍ കോളേജുമായി പുലബന്ധമില്ലാത്ത ഐഐടി വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവദിച്ചു.

ഒരു കാര്യം പറയുമ്പോള്‍ കോണ്‍ഫ്‌ലിറ്റ് ഓഫ് ഇന്ററസ്റ്റ് വ്യക്തമാക്കണം എന്നതാണല്ലോ ചട്ടം. ശശിതരൂരിനോട് എനിക്ക് ബഹുമാനവും ഇഷ്ടവുമാണ്. ഞങ്ങള്‍ ഒരു പാര്‍ലമെന്ററി കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. പല കാര്യങ്ങളെ കുറിച്ചും തുറന്നു സംസാരിക്കാറുണ്ട്. ഞാന്‍ അംഗമായ രാജ്യസഭയിലെ പ്രതിപക്ഷ അംഗമാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. അദ്ദേഹത്തിന്റെ പരിഗണനയ്ക്കും വാല്‍സല്യത്തിനും ഞാന്‍ പാത്രമായിട്ടുണ്ട്.

ശശിതരൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി കാണണമെന്നാണ് എന്റെ ആഗ്രഹം. രണ്ട് സ്ഥാനാര്‍ത്ഥികളെ താരതമ്യം ചെയ്യുമ്പോഴുള്ള നിഗമനമാണിത്. ശശിതരൂരിന് അടിത്തട്ടില്‍ ബന്ധങ്ങളില്ല, പ്രവര്‍ത്തകരുമായി സൗഹൃദമില്ല, പാരമ്പര്യമില്ല എന്നൊക്കെ പറയുന്ന വാദത്തോട് എനിക്ക് യോജിപ്പില്ല. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്മാരായത് കേവലം ഒരു കുടുംബത്തിന്റെ ഭാഗമായതുകൊണ്ടാണ്. തരൂര്‍ പറയുന്ന പലതിനോടും എനിക്ക് യോജിപ്പുണ്ട്. കോണ്‍ഗ്രസിന് ആശയപരമായും സംഘടനപരമായും ദൃഢതയുണ്ടാകണം, ഹൈക്കമാന്റ് സംസ്‌കാരം അവസാനിപ്പിക്കണം, സംസ്ഥാന ഘടകങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരവും ആ തീരുമാനത്തിന്റെ ഉത്തരവാദിത്വവും നല്‍കണം എന്നിങ്ങനെ കുറേ കാര്യങ്ങള്‍ അദ്ദേഹം പറയുന്നുണ്ട്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തല്‍സ്ഥിതി തുടരുന്നതിന്റെയും താന്‍ മാറ്റത്തിന്റെയും പ്രതീകങ്ങളാണെന്നുള്ള തരൂരിന്റെ വാദത്തോടാണ് എനിക്ക് യോജിപ്പ്.

ഹൈക്കമാന്റ് ത്രയത്തിന് സോണിയ, രാഹുല്‍, പ്രിയങ്ക – നോമിനി ഇല്ലെന്ന വാദം ശരിയല്ല. മൂവരും തന്നോട് ഇങ്ങനെയാണ് പറഞ്ഞത് എന്ന് തരൂര്‍ പറയുന്നുണ്ടെങ്കിലും അതിലൊരു വഞ്ചന ഒളിഞ്ഞിരിക്കുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. എ.കെ.ആന്റണി മുതല്‍ അശോക് ഗഹല്ലോട്ട് വരെയുള്ളവര്‍ ഖാര്‍ഗെയ്ക്ക് വേണ്ടിയാണ് ഒപ്പു ചാര്‍ത്തിയത്. കേരളത്തില്‍ പോലും ഉമ്മന്‍ചാണ്ടി, ചെന്നിത്തല, സുധാകരന്‍, സതീശന്‍ തുടങ്ങിയവര്‍ ഖാര്‍ഗെക്കാണ് പിന്തുണ നല്‍കുന്നത്. പി.ചിദംബരത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതാണ്; ആര് അദ്ധ്യക്ഷനായാലും ലീഡര്‍ രാഹുല്‍ഗാന്ധി ആയിരിക്കും. കുടുംബം പറയാതെയോ ആഗ്രഹിക്കാതെയോ ഇത് നടക്കില്ലെന്നത് വ്യക്തം.

കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്. തരൂരിനെ കാലുവാരുന്നതില്‍ വിജയിക്കാം, എന്നാല്‍ അത് കോണ്‍ഗ്രസിന്റെ തന്നെ കാലു വാരുന്നതിനു തുല്യമാണെന്നാണ് എന്റെ അനുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here