Wayanad: ചീരാലില്‍ വീണ്ടും വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിച്ചു

വയനാട് ചീരാലില്‍ വീണ്ടും വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിച്ചു.ഒരു പശു കൊല്ലപ്പെട്ടു.രണ്ട് പശുക്കള്‍ക്ക് പരിക്കുണ്ട്.കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു.പ്രദേശത്ത് കൂടുകള്‍ സ്ഥാപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

മുണ്ടക്കൊല്ലി പ്രദേശത്ത് രണ്ടാഴ്ചയായി കടുവാ ഭീതി നിലനില്‍ക്കുകയാണ്.ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും കടുവ ജനവാസ കേന്ദ്രത്തിലിറങ്ങി.ഡാനിയേല്‍, അയ്യപ്പന്‍, വേലായുധന്‍ എന്നിവരുടെ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു.ഡാനിയേലിന്റെ പശുവാണ് ചത്തത്.
രണ്ടാഴ്ചക്കിടെ മൂന്നാമത്തെ വളര്‍ത്തുമൃഗമാണ് ഇവിടെ കൊല്ലപ്പെടുന്നത്.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളും ജനപ്രതിനിധികളും തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തി പ്രതിഷേധിച്ചു. ഇതിനിടെ കൂട് സ്ഥാപിക്കാന്‍ എത്തിയ സംഘം ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങി. സ്ഥലത്തെത്തിയ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസുമായി നാട്ടുകാര്‍ പിന്നീട് ചര്‍ച്ച നടത്തി. കടുവയെ മയക്കു വെടിവച്ചു പിടികൂടുക.നഷ്ടപരിഹാര തുക സ്ഥലത്ത് തന്നെ പ്രഖ്യാപിക്കുക തുടങ്ങിയവയായിരുന്നു നാട്ടുകാരുടെ ആവശ്യം.കടുവയെ പിടികൂടാന്‍ പ്രദേശത്ത് രണ്ട് കൂട് സ്ഥാപിക്കാമെന്നും കൂട്ടില്‍ കുടുങ്ങിയില്ലങ്കില്‍ മയക്കുവെടി വച്ചു പിടികൂടാനുള്ള നടപടി സ്വീകരിക്കാമെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉറപ്പുനല്‍കി.നഷ്ടപരിഹാര തുക എത്രയും വേഗത്തില്‍ നല്‍കുമെന്നും അറിയിച്ചു.

രണ്ട് മണിക്കൂര്‍ നീണ്ട പ്രതിഷേധം ഈ തീരുമനങ്ങള്‍ക്കൊടുവിലാണ് അവസാനിച്ചത്. ബത്തേരി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പൊലിസും സ്ഥലത്തെത്തിയിരുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്ന മേഖലയില്‍ വന്യമൃഗശല്യം അതി രൂക്ഷമാണ്.കാട്ടാനകള്‍ക്ക് പുറമേ കടുവയുടെ സാന്നിദ്ധ്യം കൂടി സ്ഥിരീകരിച്ചതോടെ പ്രദേശം ആശങ്കയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here