Pinarayi Vijayan: ”കേരളം മാറും”; രണ്ടാം ക്ലാസുകാരിയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്: കൈയ്യടിച്ച് മറുനാടന്‍ മലയാളികള്‍

നോര്‍വേയിലെ മലയാളി അസോസിയേഷനായ(Norway Malayali Association) ‘നന്മ’ യുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയോടുള്ള(Pinarayi Vijayan) ആദ്യ ചോദ്യം കുഞ്ഞു സാറയുടേതായിരുന്നു. നാട്ടില്‍ വന്നപ്പോള്‍ മിഠായി കഴിച്ചപ്പോള്‍ അതിന്റെ കടലാസ് ഇടാന്‍ വേസ്റ്റ് ബിന്‍ നോക്കിയിട്ട് എങ്ങും കണ്ടില്ലെന്നും ഇനി വരുമ്പോള്‍ ഇതിനു മാറ്റമുണ്ടാകുമോ എന്നതായിരുന്നു രണ്ടാം ക്ലാസ്സുകാരിയുടെ ചോദ്യം.

രണ്ട് അക്കാദമീഷ്യന്‍മാര്‍ പണ്ട് സിംഗപ്പൂരില്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചത് ഓര്‍മ്മിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. അവിടെ ബസ്സില്‍ നിന്നിറങ്ങിയ അവര്‍ ടിക്കറ്റ് റോഡിലിടുന്നത് കണ്ട സ്‌കൂള്‍ കുട്ടികള്‍ അമ്പരന്നു പോയെന്നും ഇതു കണ്ട് തെറ്റ് മനസ്സിലാക്കിയ അവര്‍ റോഡില്‍ നിന്നും ടിക്കറ്റ് എടുത്ത് വേസ്റ്റ് ബിന്നിലിട്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഈ അവബോധം വേണ്ടത്ര വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടി കാട്ടി. മാലിന്യ സംസ്‌കരണം പ്രധാന പ്രശ്‌നമായി സര്‍ക്കാര്‍ കാണുന്നുവെന്നും അത് പരിഹരിക്കുന്നതിനായി ശ്രമിക്കുകയാണെന്നന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാറ ആഗ്രഹിക്കുന്ന രൂപത്തിലേക്ക് കേരളത്തെ മാറ്റാന്‍ ശ്രമിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഹര്‍ഷാരവത്തോടെ സദസ്സ് സ്വീകരിച്ചു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസത്തിലേക്ക് ലക്ഷക്കണക്കിന് കുട്ടികള്‍ മടങ്ങിയതും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. നോര്‍വ്വേയില്‍ പൊതു വിദ്യാഭ്യാസം മാത്രമാണുള്ളതെന്ന് പറഞ്ഞ മലയാളികള്‍ നാട്ടിലെ വിദ്യാഭ്യാസത്തിന്റെ മികവാണ് തങ്ങള്‍ക്കെല്ലാം ഇവിടെ ഉന്നതമായ ജോലി ലഭിക്കുന്നതിന് സഹായകരമായതെന്ന് പറഞ്ഞു.

മഹാരാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സീമ സ്റ്റാന്‍ലി എഴുതിയ പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മൂന്നു മണിക്കൂറിലധികം മലയാളി സമൂഹവുമായി ആശയവിനിമയം നടത്തിയ ശേഷമാണ് മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്. ചരിത്രത്തിലാദ്യമായിട്ടാണ് കേരള മുഖ്യമന്ത്രി നോര്‍വേയിലെത്തി അവിടുത്തെ മലയാളികളുമായി സംവദിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News