മയക്കുമരുന്നിനെതിരെ എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ്

ലഹരിക്കെതിരെ ജനകീയപ്രതിരോധം ഉയർത്തുന്നതിനൊപ്പം എൻഫോഴ്സ്മെൻറ് നടപടികളും സംസ്ഥാനത്ത് ശക്തമാക്കിയതായി മന്ത്രി എം ബി രാജേഷ് . ഓണം സ്പെഷ്യൽ ഡ്രൈവിന് തുടർച്ചയായി സെപ്റ്റംബർ 16ന് മയക്കുമരുന്നിനെതിരെ ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിൽ ഇന്നലെ വരെ 597 കേസുകളിലായി 608 പേർ പിടിയിലായി.

തിരുവനന്തപുരത്തും എറണാകുളത്തും കൊല്ലത്തുമാണ് കൂടുതൽ കേസുകൾ. ഡ്രൈവിൻറെ ഭാഗമായി 13.48 കോടി രൂപയുടെ മയക്കുമരുന്നും പിടിച്ചിട്ടുണ്ട്. മയക്കുമരുന്നിനെതിരെയുള്ള എൻഫോഴ്സ്മെൻറ് നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 6 വരെ 849.7 ഗ്രാം എംഡിഎംഎയാണ് പിടിച്ചത്. വയനാട്, കാസർഗോഡ്, പാലക്കാട് ജില്ലകളിലാണ് കൂടുതൽ എംഡിഎംഎ പിടിച്ചത്. 1.4 കിലോ മെറ്റാഫെറ്റാമിനും പിടിച്ചു. ഇതിൽ 1.28 കിലോയും കണ്ണൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

ഈ കാലയളവിൽ 99.67കിലോ കഞ്ചാവും 170 കഞ്ചാവ് ചെടികളും എക്സൈസ് പിടിച്ചു. 153 ഗ്രാം ഹാഷിഷ് ഓയിൽ, 1.4 ഗ്രാം ബ്രൗൺ ഷുഗർ, 9.6 ഗ്രാം ഹെറോയിൻ, 11.3 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ്, 85.2 ഗ്രാം ലഹരി ഗുളികകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

സ്ഥിരം കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കലും വിപുലമായ നിരീക്ഷണം ഉറപ്പുവരുത്താനുള്ള തീരുമാനവും എക്സൈസ് നടപ്പിലാക്കി വരികയാണ്. 3133 പേരെ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്. സ്ഥിരം കുറ്റവാളികളായ 758 പേരെ ഈ കാലയളവിൽ പരിശോധിച്ചിട്ടുമുണ്ട്. പൊതുജനങ്ങളിൽ നിന്ന് ഈ കാലയളവിൽ മയക്കുമരുന്ന് വിഷയവുമായി ബന്ധപ്പെട്ട് 242 പരാതികളും വിവരങ്ങളുമാണ് ലഭിച്ചത്. ഇതിൽ 235 വിഷയങ്ങളിലും എക്സൈസ് നടപടി സ്വീകരിച്ചിട്ടുണ്ട്. വാറൻറ് പ്രതികളുടെ അറസ്റ്റും തുടരുകയാണ്.

മയക്കുമരുന്നിനെതിരെയുള്ള സർക്കാരിൻറെ പോരാട്ടത്തിൽ ഓരോ വ്യക്തിയും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർഥിച്ചു. ലഹരി വ്യാപനം തടയിടാനുള്ള പ്രവർത്തനം പൊതുസമൂഹം ഏറ്റെടുക്കണം.

സ്കൂൾ പിടിഎകൾ, വിദ്യാർഥി കൂട്ടായ്മകൾ, സ്റ്റുഡൻറ് പൊലീസ് കേഡറ്റ്, യുവജനസംഘടനകൾ ഉൾപ്പെടെയുള്ളവർ ഇതിനായി രംഗത്തിറങ്ങണം. ലഹരി ഒഴുക്കിന് തടയിടാൻ കൂടുതൽ ശക്തമായ എൻഫോഴ്സ്മെ‍ൻറ് നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here