ബ്ലാസ്റ്റേഴ്‌സ് – ഈസ്റ്റ് ബംഗാള്‍ മത്സരത്തിന് തുടക്കം | ISL

മഞ്ഞക്കടലിന് നടുവിൽ ഐഎസ്എൽ മാമാങ്കത്തിന് ആവേശത്തുടക്കം.മഞ്ഞയിൽ നിറഞ്ഞുകവിഞ്ഞ കൊച്ചി ജവാഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് തുടക്കമായി.

രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് കാണികൾ തിരിച്ചെത്തുന്നത്.കോവിഡ് കാരണം കഴിഞ്ഞ രണ്ട് സീസണിലും കളി ഗോവയിലായിരുന്നു.അപ്രതീക്ഷിത കുതിപ്പായിരുന്നു കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഇവാൻ വുകോമനോവിച്ച് എന്ന സെർബിയക്കാരൻ പരിശീലകനുകീഴിൽ ഫൈനൽവരെ മുന്നേറി.

കിരീടപ്പോരിൽ ഹൈദരാബാദ് എഫ്‌സിയോട് തോറ്റെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ കളിയഴകിന് ഏറെ കൈയടി കിട്ടി. ബ്ലാസ്റ്റേഴ്‌സ് ഏറ്റവും കൂടുതൽ ജയങ്ങളും പോയിന്റുകളും സ്വന്തമാക്കിയ സീസൺ. അഡ്രിയാൻ ലൂണയും അൽവാരോ വാസ്‌കസും സഹൽ അബ്ദുൾ സമദും ഫോമിലായിരുന്നു.

ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവുപുലർത്തി.അതിനൊരു തുടർച്ചയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ആദ്യപടിയായി പരിശീലകനെ നിലനിർത്തി. ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സിൽ ഒരു പരിശീലകൻ തുടരുന്നത്. റണ്ണറപ്പായ ടീമിലെ 16 കളിക്കാരെയും നിലനിർത്തി.

വിട്ടുപോയവരിൽ വാസ്‌കസും ജോർജ് ഡയസുമുണ്ട്. ആ വിടവ് നികത്താൻ ഒരുപിടി വിദേശതാരങ്ങളെ കൊണ്ടുവന്നു. മധ്യനിര നയിക്കാൻ ഇവാൻ കലിയുഷ്‌നിയെന്ന ഉക്രയ്ൻ താരത്തിനാണ് ചുമതല. ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങളുടെ ചുമതല കലിയുഷ്നിക്കാണ്.

സഹലും ലൂണയും ജീക്‌സൺ സിങ്ങും ഒപ്പം ചേരും. മധ്യനിരയാണ് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്താകുക. ഗോളടിക്കാരായി അപോസ്തലോസ് ജിയാനു, ദിമിത്രിയാസ് ഡയമാന്റകോസ്, ബിദ്യാസാഗർ സിങ് എന്നിവരുമുണ്ട്. പ്രതിരോധത്തിൽ മാർകോ ലെസ്‌കോവിച്ചാണ് താരം. ഹർമൻജോത് ഖബ്രയും ഹോർമിപാമും ക്യാപ്റ്റൻ ജെസെൽ കർണെയ്‌റോയും കൂട്ടിനുണ്ട്. ഗോൾ കീപ്പറായി പ്രഭ്‌സുഖൻ ഗില്ലും.

സഹലും രാഹുലും വി ബിജോയിയും ഉൾപ്പെടെ ഏഴ് മലയാളിതാരങ്ങളുണ്ട് ബ്ലാസ്റ്റേഴ്‌സ് നിരയിൽ. കഴിഞ്ഞ സീസണിൽ അവസാനസ്ഥാനത്തായിരുന്നു ഈസ്റ്റ് ബംഗാൾ. ഇക്കുറി മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈനുകീഴിലാണ് കൊൽക്കത്തക്കാർ ഇറങ്ങുക. ബ്രസീലുകാരൻ ക്ലെയ്റ്റൺ സിൽവയാണ് പ്രധാന താരം. പ്രതിരോധത്തിൽ ഇവാൻ ഗൊൺസാലസ്. മധ്യനിരയിൽ ബ്രസീലുകാരൻ അലെക്‌സ് ലിമ.

മിടുക്കരായ ഇന്ത്യൻ താരങ്ങളാണ് ഈസ്റ്റ് ബംഗാളിന്റെ കരുത്ത്. ജെറി ലാൽറൻസുവാല, സൗവിക് ചക്രവർത്തി, സാർതക് ഗൊലുയ്, അനികേത് ജാദവ് എന്നിവർ മിന്നും. മലയാളിതാരങ്ങളായ വി പി സുഹൈർ, മുബഷീർ റഹ്മാൻ എന്നിവരുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News