ആദ്യ പകുതിയില്‍ ഗോളടിക്കാതെ ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും | ISL

ഐഎസ്എൽ ഒമ്പതാം സീസണിൻറെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പോരാട്ടത്തിൻറെ ആദ്യ പകുതി ഗോൾരഹിതം. ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല.

സീസണിലെ ആദ്യ പോരിൽ കോച്ച് ഇവാൻ വുകാമനോവിച്ച് 4-4-2 ശൈലിയിലാണ് ടീമിനെ കളത്തിലിറക്കിയത്. ഈസ്റ്റ് ബംഗാൾ ആകട്ടെ 3-4-1-2 ശൈലിയിലും. കളിയുടെ ആദ്യ മിനിറ്റിൽ ഈസ്റ്റ് ബംഗാളാണ് ഗോളിലേക്ക് ലക്ഷ്യംവെച്ചത്. ഒന്നാം മിനിറ്റിൽ സുമീത് പാസി തൊടുത്ത ലോംഗ് റേഞ്ചർ പക്ഷെ പ്രഭ്സുഖൻ ഗില്ലിന് അനായാസം കൈയിലൊതുക്കാനായി.

അഞ്ചാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന് ആദ്യ അവസരം കൈവന്നത്. കോർണർ കിക്കിൽ അഡ്രിയാൻ ലൂണ എടുത്ത കിക്കിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെ ഫാർ പോസ്റ്റിൽ നിന്ന ലെസ്കോവിച്ച് തൊടുത്ത ഹെഡ്ഡർ പക്ഷെ പുറത്തേക്ക് പോയി.ഏഴാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനെയും ഗ്യാലറിയിലെ മഞ്ഞപ്പടയെയും ഈസ്റ്റ് ബംഗാൾ വിറപ്പിച്ചു.

അലക്സ് ലിമയുടെ ലോങ് റേഞ്ചർ പ്രഭ്‌സുഖൻ ഗിൽ കഷ്ടപ്പെട്ട് തട്ടിയകറ്റിയില്ലായിരുന്നെങ്കിൽ തുടക്കത്തിലെ ബ്ലാസ്റ്റേഴ്സ് പിന്നിലാവുമായിരുന്നു. പിന്നീട് ദിമിട്രിയോസ് ഡയമന്റകോസും അപ്പോസ്‌തോലോസ് ജിയാനോയും ഏതാനും ഗോൾശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. തുടക്കത്തിൽ പ്രതിരോധത്തിലൂന്നിയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്.26ാം മിനിറ്റിൽ ഇവാൻ ഗോൺസാലോസ് ദിമിട്രിയോസ് ഡയമൻറ്കോസിനെ ഫൗൾ ചെയ്തതിനെത്തുടർന്ന് ഇരു ടീമിലെയും കളിക്കാർ തമ്മിൽ കൈയാങ്കളിയിലെത്തി.

ആദ്യ പകുതി തീരാൻ നാല് മിനിറ്റ് മാത്രം ബാക്കിയിരിക്കെ ബോക്സിന് തൊട്ടുപുറത്തു നിന്ന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് എടുക്കാൻ അഡ്രിയാൻ ലൂണ എത്തിയപ്പോൾ ആരാധകർ ഒരുപാട് പ്രതീക്ഷിച്ചു. ലൂണ എടുത്ത കിക്ക് ലക്ഷ്യത്തിലേക്ക് ആയിരുന്നെങ്കിലും ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ കരൺജീത് കഷ്ടപ്പെട്ട് തട്ടിയകറ്റിയതോടെ ആദ്യ പകുതിയിലെ സമനില കുരുക്ക് അഴിക്കാനാവാതെ ഇരു ടീമും ഗ്രൗണ്ട് വിട്ടു.ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാളിനും ബ്ലാസ്റ്റേഴ്സിനും ഓരോ തവണ മാത്രമാണ് ഗോളിലേക്ക് ലക്ഷ്യം വെക്കാനായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News