
9 പേരുടെ ജീവനെടുത്ത വടക്കഞ്ചേരി അപകടവാര്‍ത്ത ഏവരെയും ഞെട്ടിച്ച ഒന്നായിരുന്നു. പാലക്കാട് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസ്സിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം 9 പേരാണ് ദാരുണമായി മരണപ്പെട്ടത്. ഡ്രൈവറുടെ അമിത വേഗതയും അനാസ്ഥയുമാണ് 9 പേരുടെ ജീവനെടുത്ത അപകടമുണ്ടാക്കിയതിന് കാരണം.
വേളാങ്കണ്ണി യാത്ര കഴിഞ്ഞ ഉടന്‍ തന്നെ ഒരു ഇടവേളപോലും എടുക്കാതെയായിരുന്നു ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോജോ പത്രോസ് എന്ന ജോമോന്‍ സകൂള്‍ വിദ്യാര്‍ത്ഥികളുമായി അടുത്ത യാത്ര ആരംഭിച്ചത്. അതുതന്നെ നിയമം ലംഘിച്ചതിന്റെ ആദ്യ പടിയായിരുന്നു. അപകടം ഉണ്ടായ സമയത്ത് ബസ് സഞ്ചരിച്ചിരുന്നത് 97 കിലോമീറ്റര്‍ വേഗത്തിലായിരുന്നു.
പരമാവധി 80 കിലോമീറ്റര്‍ വേഗമാണ് ഈ വാഹനത്തിലെ സ്പീഡ് ഗവേര്‍ണര്‍ സംവിധാനത്തില്‍ കമ്പനി നിശ്ചയിച്ചിരുന്നത്. എന്നാല്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ പോകാവുന്ന വിധത്തില്‍ സ്പീഡ് ഗവേര്‍ണര്‍ സംവിധാനത്തില്‍ മാറ്റംവരുത്തിയിട്ടുമുണ്ടായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളരും നിയന്ത്രണങ്ങളുമെല്ലാം കാറ്റില്‍ പറത്തിയായിരുന്നു ടൂറിസ്റ്റ് ബസ് യാത്ര നടത്തിയിരുന്നത്.
എന്നാല്‍ ഈ അപകടത്തെ വെറും ഡ്രൈവറുടെ മാത്രം തലയില്‍ കെട്ടിയവയ്ക്കാന്‍ കഴിയില്ല എന്നതാണ് മറ്റൊരു വസ്തുത. ബസ് ഉടമകളും, ലേസര്‍ ലൈറ്റുകളും ഹൈ ബാസ്സ് സൗണ്ടുമുള്ള ബസ്സുകളിലേ യാത്ര പോകൂ എന്ന് ആവശ്യപ്പെടുന്ന യാത്രക്കാരും ഇത്തരം അപകടങ്ങള്‍ക്ക് കാരണക്കാര്‍ തന്നെയാണ്.
യാത്രക്കാരെ ആകര്‍ഷിക്കാനായി ഉപയോഗിക്കുന്ന ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും അശ്രദ്ധമായ ഡ്രൈവിങ്ങിന് കാരണമാകുന്നു എന്ന വസ്തുത നമ്മുടെ കുറച്ച് നേരത്തെ സന്തോഷത്തിനുവേണ്ടി നമ്മള്‍ മനപ്പൂര്‍വം മറന്നുപോവുകയാണ്. ഉടമകളുടെ നിര്‍ബന്ധത്തിന് വഴങ്ങി തുടര്‍ച്ചയായി ഉറക്കമില്ലാതെ ബസ് ഓടിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നത് തന്നെയാണ്.
നിയമം അനുശാസിക്കുന്ന യാതൊരു സുരക്ഷാമനദണ്ഡങ്ങളും പാലിക്കാതെയാണ് മിക്ക ബസുകളും സര്‍വ്വീസ് നടത്തുന്നത്. ക്ഷീണം വരുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനുളള ഡ്രൈവര്‍ ക്യാബിനോ, രണ്ട് ഡ്രൈവറെന്ന നിബന്ധനയോ ഒന്നും ഇപ്പോള്‍ പാലിക്കപ്പെടുന്നില്ല. ബസ്സിലെ അനാവശ്യ ലൈറ്റുകളും ശബ്ദസംവിധാനവും ഡ്രൈവര്‍മാരുടെ ശ്രദ്ധയെ പൂര്‍ണ്ണമായി വഴിതെറ്റിക്കുന്നതാണ്.
വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരിക്കും ഈ ഉച്ചത്തിലുള്ള ശബ്ദം ഡ്രൈവര്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഈ മരണക്കളിക്ക് ഒരു അന്ത്യം വരുത്തണമെങ്കില്‍ നമ്മള്‍ തന്നെ മുന്നിട്ടിറങ്ങണം. ഒരു ജീവനും നിസ്സാരമല്ല. ഒരാളുടെ പേരില്‍ മാത്രം ഒതുക്കിത്തീര്‍ക്കാവുന്ന ഒരു ചെറിയ അപകടവുമല്ല കേരളത്തില്‍ ഇന്നലെ നടന്നത്. ഈ അസുരയാത്രകള്‍ക്ക് ഈ ഒരു സംഭവത്തോടുകൂടി അറുതി വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനിയും ഒരുപാട് ജീവനുകള്‍ നമുക്ക് മുന്നില്‍ നഷ്ടമായിക്കൊണ്ടിരിക്കുക തന്നെ ചെയ്യും
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here