46-ാമത് വയലാര്‍ അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

1977 മുതല്‍ മുടക്കം വരാതെ എല്ലാ വര്‍ഷവും സമര്‍പ്പിച്ചുവരുന്ന വയലാര്‍ അവാര്‍ഡിന്റെ 46-ാമത് അവാര്‍ഡ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് രാവിലെ 10 മണിക്ക് അവാര്‍ഡിനര്‍ഹമായ കൃതി തെരഞ്ഞെടുക്കുന്നതിനുള്ള ജഡ്ജിംഗ് കമ്മിറ്റി മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ ചേരും.

തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഹാര്‍മണി എന്ന കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന പത്ര സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അവാര്‍ഡ് പ്രഖ്യാപിക്കുമെന്നും സെക്രട്ടറി ബി സതീശന്‍ അറിയിച്ചു.

2011ലെ വയലാര്‍ രാമവർമ സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ ബെന്യാമിനായിരുന്നു ലഭിച്ചത്. ‘മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന നോവലായിരുന്നു നാല്‍പത്തിയഞ്ചാം വയലാര്‍ പുരസ്‌കാരം എഴുത്തുകാരന് നേടിക്കൊടുത്തത്.

കെ.ആര്‍ മീര, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ.സി ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശില്പവുമായിരുന്നു അവാർഡ്.

വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ്

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്കാരം നൽകുന്നത്. 1976ലാണ് ട്രസ്റ്റ് രൂപീകൃതമായത്. അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന സി. അച്യുതമേനോനാണ് അതിന് മുന്‍കൈ എടുത്തത്. സി അച്യുതമേനോന്‍ മുഖ്യ രക്ഷാധികാരിയായും അദ്ദേഹത്തിന്‍റെ സഭയിലെ എല്ലാ അംഗങ്ങളും രക്ഷാധികാരികളായും സമൂഹത്തിലെ പ്രമുഖര്‍ രാഷ്ട്രീയ പാര്‍ട്ടി വ്യത്യാസമില്ലാതെ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പ്രസിഡന്‍റായി രൂപീകരിക്കപ്പെട്ട ഈ കമ്മിറ്റിയുടെ ട്രഷര്‍ മലയാള മനോരമയുടെ ചീഫ് എഡിറ്ററായിരുന്ന കെ എം മാത്യു ആയിരുന്നു. മദ്രാസിലെ ആശാന്‍ മെമ്മോറിയല്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂഷന്‍സിന്‍റെ സെക്രട്ടറിയും വയലാറിന്‍റെ ഉറ്റ സുഹൃത്തുമായിരുന്ന എ കെ ഗോപാലനും സി വി ത്രിവിക്രമനുമായിരുന്നു സെക്രട്ടറിമാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here