‘ഇതെന്റെ അവസാന ലോകകപ്പ്‌’; ഒടുവിൽ ലയണൽ മെസി മനസ്സുതുറന്നു

ഒടുവിൽ ലയണൽ മെസി മനസ്സുതുറന്നു. ‘ഇതെന്റെ അവസാന ലോകകപ്പ്‌’. എല്ലാ മോഹവും ഖത്തറിൽ അവസാനിപ്പിക്കാമെന്ന്‌ കരുതുന്നു. ഇനിയൊരു ലോകകപ്പിന്‌ ബാല്യമില്ല. ഞാനത്‌ ആഗ്രഹിക്കുന്നുമില്ല. പക്ഷേ, കളിയിൽനിന്ന്‌ വിരമിക്കുന്നതിനെക്കുറിച്ച്‌ തീരുമാനമെടുത്തിട്ടില്ല.
പ്രായം 35 ആയി. അവസാന ലോകകപ്പിനെക്കുറിച്ച്‌ ഓർക്കുമ്പോൾ അതൊരു പ്രത്യേക അനുഭവമായിരിക്കും. അതിന്റെ അസ്വസ്ഥതയുണ്ടാവും. ഉൽക്കണ്‌ഠയുണ്ടാവും. കളിക്കാൻ പോകുന്നത്‌ അഞ്ചാമത്തെ ലോകകപ്പാണ്‌.

മറ്റൊരു ടൂർണമെന്റ്‌ പോലെയല്ല ലോകകപ്പ്‌. മറ്റൊരു കളിപോലെയുമല്ല ഇവിടത്തെ കളികൾ. ലോകകപ്പിൽ എന്തും സംഭവിക്കാം. ഓരോ മത്സരവും കടുത്തതാണ്‌. കിരീടം നേടുമെന്ന പ്രവചിക്കപ്പെട്ടവരൊക്കെ അടിതെറ്റിവീണിട്ടുണ്ട്‌. ഞങ്ങൾ പ്രവചനക്കാരുടെ പട്ടികയിൽ ഉണ്ടോയെന്നറിയില്ല.

പക്ഷേ, ഒന്നുപറയാം. ലോകകപ്പിൽ എല്ലാക്കാലത്തും അർജന്റീന പ്രിയപ്പെട്ടതാണ്‌. രണ്ടുതവണയാണ്‌ അർജന്റീനയ്ക്ക്‌ ലോകകപ്പ്‌ നേടാനായത്‌. 1978ലും 1986ലും. എല്ലാത്തവണയും സാധ്യതാപട്ടികയിൽ ഉണ്ടാകും. നല്ല കളിയിലൂടെ മുന്നേറും. പക്ഷേ, അവസാനം കാലിടറും.

ഈ സീസൺ സന്തോഷമുള്ളതാണ്‌. ശാരീരികമായും മാനസികമായും കരുത്തനായി. എല്ലാ കളികൾക്കും പൂർണസജ്ജനായി. അർജന്റീന ജേഴ്‌സിയിൽ കളി തുടങ്ങിയിട്ട്‌ എത്രവർഷമായി. പലതവണ കിരീടം കിട്ടിയെന്ന് കരുതി. എല്ലാം വഴുതിപ്പോയി. ഖത്തറിൽ നല്ല ആത്മവിശ്വാസമുണ്ട്‌. ചെറുപ്പക്കാരുടെ സംഘമാണ്‌ ഒപ്പമുള്ളത്‌. തുടർച്ചയായി 35 കളിയിൽ തോൽക്കാതെയാണ്‌ ഞങ്ങൾ വരുന്നത്‌.

2019ൽ കോപ്പ നേടിയത്‌ നല്ല തുടക്കമായി. ഇത്തവണ ലോകകപ്പ്‌ നേടാതെ പറ്റില്ല. അല്ലെങ്കിൽ എല്ലാക്കാലവും അതൊരു കുറവായി അവശേഷിക്കും. അർജന്റീനയിലെ ജനങ്ങളെ അത്രമാത്രം  സ്‌നേഹിക്കുന്നു. അവർക്കായി കിരീടം നേടണമെന്നാണ്‌ ആഗ്രഹമെന്നും മെസി പറഞ്ഞു. ലോകകപ്പിൽ അർജന്റീന ഗ്രൂപ്പ്‌ സിയിലാണ്‌. നവംബർ 22ന്‌ സൗദിഅറേബ്യയാണ്‌ ആദ്യ എതിരാളി. മെക്‌സിക്കോയും പോളണ്ടുമാണ്‌ ഗ്രൂപ്പിലെ മറ്റ്‌ ടീമുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News