ADVERTISEMENT
ടൂറിസ്റ്റ് ബസ്സുകള്‍ക്ക് കളര്‍കോഡ് നടപ്പാക്കാന്‍ സാധിക്കാത്തത് ഹൈക്കോടതി സ്റ്റേ കാരണമെന്ന് മന്ത്രി ആന്റണി രാജു. സ്റ്റേ റദ്ദാക്കാന്‍ കോടതിയെ സമീപിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
ബ്ലാക്ക് ലിസ്റ്റ് ചെയ്ത വാഹനങ്ങള്‍ക്ക് സര്‍വീസ് അനുവദിക്കണമെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത ആഴ്ച തന്നെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
അതേസമയം വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാതലത്തിൽ സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസുകളിലെ മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധന തുടരുന്നു. നിയമ ലംഘനം നടത്തിയ ബസുകൾക്കെതിരെ നടപടിയും വകുപ്പ് ആരംഭിച്ചു. ഈ മാസം 16 വരെയാണ് ഒാപ്പറേഷൻ ഫോക്കസ് ത്രി എന്ന പേരിൽ പ്രത്യേക ഡ്രൈവ് തീരുമാനിച്ചിരിക്കുന്നത്.
കോണ്‍ട്രാക്ട് കാര്യേജുകളില്‍ അനധികൃത രൂപമാറ്റം, അമിത വേഗത, സ്പീഡ് ഗവര്‍ണറുകളില്‍ കൃത്രിമം, ലൈറ്റുകള്‍, ഡാന്‍സ് ഫ്‌ലോര്‍, അമിതശബ്ദ സംവിധാനം മുതലായ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുകയാണ് ഓപ്പറേഷന്‍ ഫോക്കസ് ത്രീ എന്ന പ്രത്യേക ഡ്രൈവിന്‍റെ ലക്ഷ്യം. നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ വിവിധ ജില്ലകളില്‍ നടപടിയും ആരംഭിച്ചു.
പരിശോധനയുടെ രണ്ടാം ദിനത്തിൽ അനധികൃത എയര്‍ഹോണുകളും നമ്പര്‍ പ്ലേറ്റുകള്‍ മറച്ച നിലയിലുള്ള ടൂറിസ്റ്റ് ബസുകളും കണ്ടെത്തി. നികുതിയടക്കാതെയും ബസുകള്‍ യാത്ര ചെയ്യുന്നുണ്ട്. ബസുകളില്‍ ലേസര്‍ ലൈറ്റുകളും ഭീമന്‍ സബ് വൂഫറുകളും സ്‌മോക് മെഷീനുകൾ ഘടിപ്പിച്ചതും കണ്ടെത്തിയിട്ടുണ്ട്.
ഇവ പൂർണമായും ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇല്ലാത്ത പക്ഷം ബസ്സിന്‍റെ ഫിറ്റ്‌നസ് റദ്ദാക്കും. ടൂറിസം കേന്ദ്രങ്ങളും പ്രധാന റോഡുകളും കേന്ദ്രീകരിച്ചാണ് മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധന. ബ്ളാക്ക് ലിസ്റ്റിൽ പെടുത്തേണ്ട ബസുകളുടെ പട്ടികയും പരിശോധനയുടെ ഭാഗമായി വകുപ്പ് തയ്യാറാക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.