Maharashtra:മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 12 ആയി

(Maharashtra)മഹാരാഷ്ട്രയിലെ നാസിക്കില്‍ ഇന്ന് പുലര്‍ച്ചെ ബസിനു തീപിടിച്ചതിനെ തുടര്‍ന്ന് ഒരു കുട്ടിയടക്കം 12 പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. നാസിക്-ഔറംഗബാദ് ഹൈവേയില്‍ ഡീസല്‍ വഹിച്ചുള്ള ട്രെയിലര്‍ ട്രക്കില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് ബസിന് തീപിടിച്ചത്.

മരിച്ചവരില്‍ ഭൂരിഭാഗവും സ്ലീപ്പര്‍ കോച്ച് ബസിലെ യാത്രക്കാരാണ്. പരുക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി നാസിക് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അമോല്‍ താംബെ പറഞ്ഞു.തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തീ ആളി പടര്‍ന്ന് ബസിനെ വിഴുങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പുലര്‍ച്ചെ 5.15 ഓടെയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു, തുടര്‍ന്ന് പൊലീസിനെയും ആംബുലന്‍സിനെയും വിളിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. തീപിടിത്തം രൂക്ഷമായതിനാല്‍ യാത്രക്കാരെ രക്ഷിക്കാന്‍ കഴിയാതെ പോയെന്നും പ്രദേശവാസികള്‍ പറയുന്നു.

അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും. മഹാരാഷ്ട്ര സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് മഹാരാഷ്ട്ര സര്‍ക്കാര്‍ വഹിക്കുമെന്ന് സംസ്ഥാന മന്ത്രി ദാദാ ഭൂസെ പറഞ്ഞു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ അപകടത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News