ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ജീവിതശൈലിയിൽ വരുത്താം ഈ മാറ്റങ്ങൾ | Health

ലക്ഷക്കണക്കിന് പേരാണ് ആസ്മ രോഗം മൂലം ബുദ്ധിമുട്ടുന്നത്.കുട്ടികൾക്കിടയിലെ പകരാത്ത രോഗങ്ങളിൽ ഏറ്റവും വ്യാപകമായ ഒന്നാണ് ആസ്മ. 65 വയസ്സിന് മുകളിലുള്ളവരിൽ മരണകാരണമായേക്കാവുന്ന രോഗങ്ങളിൽ മുൻപന്തിയിലാണ് ന്യൂമോണിയ. ഇതിനെല്ലാം പുറമേ ദശലക്ഷക്കണക്കിന് പേർ ക്ഷയരോഗത്തിന്റെയും പിടിയിലാണ്.

ഇത്തരത്തിൽ ശ്വാസകോശത്തെ ബാധിക്കുന്ന നിരവധി രോഗങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഇവയ്ക്കിടയിൽ ശ്വാസകോശത്തെ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ വരുത്താവുന്നതാണ്.

1. പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുന്നത് ശരീരത്തിന്റെ ഹൃദയമിടിപ്പും രക്തസമ്മർദവും കുറയ്ക്കുകയും കാർബൺ മോണോക്സൈഡ് തോത് പുകവലിക്കാത്തവരുടേതിന് തുല്യമാക്കുകയും ചെയ്യും. ഇതിനു പുറമേ രക്തചംക്രമണവും ശ്വാസകോശ ആരോഗ്യവും ഇത് വർധിപ്പിക്കും. ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയും നേർപകുതിയായി കുറയ്ക്കും.

2. പുകവലിക്കാരുടെ ഒപ്പവും നിൽക്കരുത്

പുകവലി പോലെതന്നെ അപകടകരമാണ് പുകവലിക്കുന്നവരുടെ സമീപം നിൽക്കുന്നതു മൂലമുണ്ടാകുന്ന പാസീവ് സ്മോക്കിങ്. പുകവലിക്കുന്നവർ വലിച്ചു കയറ്റുന്ന അതേ വിഷാംശം നിറഞ്ഞ പദാർഥങ്ങൾ കൂടെ നിൽക്കുന്നവരുെട ഉള്ളിലുമെത്തും. ഇതിനാൽ പുകവലിക്കാരിൽ നിന്ന് അകലം പാലിക്കേണ്ടതാണ്.

3. വായു മലിനീകരണമുണ്ടാക്കുന്ന മറ്റ് വസ്തുക്കളോടും അകലം

സിഗരറ്റ് പുകയ്ക്ക് പുറമേ വായുവിനെ മലിനപ്പെടുത്തുന്ന മറ്റു പല വസ്തുക്കളുമുണ്ട്. അലക്കുന്ന ഡിറ്റർജന്റിൽ ഉപയോഗിക്കുന്ന സിന്തറ്റിക് പെർഫ്യൂമുകളും ചില എയർ ഫ്രഷ്നറുകളും ഇത്തരത്തിൽ ഹാനീകരമാകാം. ഇവയോടുള്ള സഹവാസവും പരിമിതപ്പെടുത്തണം.

4. വാക്സീൻ എടുക്കുക

വാക്സീനുകൾ ലക്ഷക്കണക്കിന് ജീവനുകളാണ് ഓരോ വർഷവും രക്ഷിച്ചെടുക്കുന്നത്. ന്യൂമോകോക്കൽ ന്യൂമോണിയ, കോവിഡ്– 19, ഇൻഫ്ലുവൻസ, വില്ലൻ ചുമ തുടങ്ങി പല ശ്വാസകോശരോഗങ്ങളെയും നിയന്ത്രിക്കാൻ വാക്സിനേഷൻ സഹായിക്കും. ഇവ ഉപയോഗപ്പെടുത്തേണ്ടതാണ്.

5. ശ്വസന വ്യായാമങ്ങൾ

ശ്വസന വ്യായാമങ്ങൾ നിത്യവും ചെയ്യുന്നത് ശരീരത്തിലെ ഓരോ കോശത്തിലും ആവശ്യത്തിന് ഓക്സിജൻ എത്തിക്കാൻ സഹായിക്കും. ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും വായു കടന്നു പോകുന്ന വഴികൾ തടസ്സങ്ങളില്ലാതിരിക്കാനും ഇത് സഹായകമാണ്.

6. സജീവമാകട്ടെ ജീവിതശൈലി

നിത്യവുമുള്ള വ്യായാമം ഫിറ്റ്നസ് മെച്ചപ്പെടുത്തുകയും ജീവിതത്തിന്റെ നിലവാരം വർധിപ്പിച്ച് മാറാരോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ശ്വാസകോശത്തിന്റെ ആരോഗ്യവും വ്യായാമം മെച്ചപ്പെടുത്തും. എന്നാൽ ശാരീരിക പ്രവർത്തനങ്ങളുടെ തീവ്രത വർധിപ്പിക്കുന്നതിന് മുൻപ് ഡോക്ടറുടെയോ ഫിസിയോതെറാപ്പിസ്റ്റിന്റെയോ ഉപദേശ നിർദേശങ്ങൾ തേടുന്നത് നന്നായിരിക്കും.

7. കഴിക്കുന്ന ഭക്ഷണവും പ്രധാനം

വൈറ്റമിൻ എ, ഡി, ഇ, സിങ്ക് എന്നിവ അടങ്ങിയ ഭക്ഷണം ആസ്മ വരുന്നത് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഗവേഷണ പഠനങ്ങൾ പറയുന്നു. അതേസമയം കരോട്ടിനോയ്ഡുകളും ആന്റി ഓക്സിഡന്റുകളും ധാരാളമുള്ള ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പഴം, പച്ചക്കറി വർഗങ്ങൾ സിഒപിഡിയെയും ചെറുക്കും.

പഴങ്ങളും, പച്ചക്കറികളും, മീനും ധാരാളം അടങ്ങിയതും ഉപ്പും ട്രാൻസ്ഫാറ്റും കുറഞ്ഞതുമായ ഭക്ഷണങ്ങൾ ശ്വാസകോശരോഗ സാധ്യത കുറയ്ക്കും. മഞ്ഞൾ, ബീറ്റ്റൂട്ട്, ഇഞ്ചി, വെളുത്തുള്ളി, ഇരട്ടിമധുരം എന്നിവയെല്ലാം ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഭക്ഷണവിഭവങ്ങളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News