കോൺഗ്രസ് അധ്യക്ഷൻ ആര് ? ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ഒരാൾ കോൺഗ്രസ് അധ്യക്ഷൻ, എന്നാണ് വയ്പ്പ്. കുടുംബ ആധിപത്യത്തിന്റെ തേരോട്ടത്തിന് ഇതോടെ അവസാനമാകുമെന്ന് കരുതിയാൽ അതിന് മണ്ടത്തരം എന്നല്ലാതെ മറ്റു വിശേഷണങ്ങളൊന്നും നൽകാൻ കഴിയില്ല.
ശശി തരൂരും മല്ലികാർജ്ജുൻ ഖാർഗെയും തമ്മിൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുമ്പോൾ ഗ്യാലറിക്ക് പുറത്തിരുന്ന് കളി കാണുന്നവർ വിചാരിക്കും സോണിയയും രാഹുലും ഇനി ഇവർ പറയുന്നതാകും കേൾക്കുകയെന്ന്. എന്തുകൊണ്ട് അശോക് ഗെഹ്ലോട്ട് നിന്നില്ല. മുഖ്യമന്ത്രി സ്ഥാനം വിട്ട് അധ്യക്ഷ സ്ഥാനത്തേക്ക് വന്നാൽ വെറും റബ്ബർ സ്റ്റാമ്പ് പോലെയാണ് താനെന്ന് ഗെഹ്ലോട്ടിന് നന്നായി അറിയാം…ബുദ്ധിമാൻ.
ഇനി തരൂർ- ഖാർഗെ സ്ഥാനാർത്ഥികളെ നോക്കിയാൽ.കേരളത്തിലെ കോൺഗ്രസുകാർ സ്വാഭാവികമായും പിന്തുണയ്ക്കുക തരൂരിനെയാകും എന്ന് ചിലരെങ്കിലും കരുതും.പക്ഷേ നെഹ്റു കുടുംബം പറയുന്നവർക്കൊപ്പമേ കേരളത്തിലേ കോൺഗ്രസ് നിൽക്കൂ…ഇതാണ് അവസ്ഥ
ഖാർഗെയ്‌ക്ക് വേണ്ടി പരസ്യ നിലപാടെടുത്ത കെ സുധാകരന്റെയും അതിന് ചരടുവലിക്കുന്ന കെ സി വേണുഗോപാലിന്റെയും നീക്കങ്ങൾ തരൂരിന് നന്നായി അറിയാം.അതിനാൽ തന്നെ മുതിർന്ന നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്ന് തരൂർ പരസ്യമായിപ്പറഞ്ഞു കഴിഞ്ഞു. സാധാരണ പ്രവർത്തകരിലും യുവനിരയിലുമാണ് തരൂരിന്റെ വിശ്വാസം.ആ വിശ്വാസം തരൂരിനെ രക്ഷിക്കുമോ..?
അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നേതാക്കൾക്കിടിയിൽ ചേരിതിരിവ് രൂക്ഷമാകുന്നതിനിടെയാണ് പാലായിൽ ശശി തരൂരിന് അനുകൂലമായി പോസ്റ്റർ പതിഞ്ഞത്. ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെയാണ് ഫ്ലക്സ് ഉയർന്നിട്ടുള്ളതെങ്കിലും ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
കെ.സുധാകരൻ്റെയും കെ മുരളീധരന്റേയും മലക്കം മറിച്ചിലിനും, മല്ലികാർജുന ഖാർഗേയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല രംഗത്ത് വന്നതിനും പിന്നാലെയാണ് തരൂരിന് അനുകൂലമായി പാലായിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്നാണ് ഫ്ലക്സിലെ വാചകം.
തരൂർ വന്നാൽ കോൺഗ്രസ് രക്ഷപ്പെടുമോ…? ഖാർഗെ വന്നാൽ കേരളത്തിലെ കോൺഗ്രസിന്റെ പൊടി പോലും കണ്ടു പിടിക്കാനാവാതെ വരുമോ…? അവസാനം മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി എന്നുപറയും പോലെ നെഹ്റു കുടുംബത്തിൽ നിന്നുള്ള അടിയൊഴുക്കിൽ ഉലഞ്ഞ് മറ്റെന്തെങ്കിലും അത്ഭുതം നടക്കുമോ..?
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.