അധ്യക്ഷ തെരഞ്ഞടുപ്പ് ; പോരാട്ടം തരൂരും ഖാർഗെയും തമ്മിൽ | Congress

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞടുപ്പിനുള്ള അന്തിമ ചിത്രം തെളിഞ്ഞു.മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണ് മത്സരം. ഈ മാസം 17 ന് രഹസ്യ ബാലറ്റ് വഴിയാകും വോട്ടെടുപ്പ് നടക്കുക. 19 ന് വോട്ടെണ്ണലും നടക്കും.

അതേസമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരസ്യ പ്രതികരണത്തിന് വിലക്ക് ഏർപ്പെടുത്തി കെപിസിസി. ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്നാണ് കർശന നിർദേശം. അതിനിടെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മനസാക്ഷി വോട്ടിൽ പ്രതീക്ഷ അർപ്പിച്ച് ശശി തരൂർ.തരൂരിന്റെ ലക്ഷ്യമെന്തെന്ന് അറിയാതെ ആശങ്കയോടെ കേരളത്തിലെ നേതാക്കൾ.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാധ്യമങ്ങളിൽ പ്രതികരിക്കരുതെന്നാണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഈ വിഷയത്തിലെ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്നാണ് കർശന നിർദേശം നൽകിയിരിക്കുന്നത്.

ശശി തരൂരിന് അനുകൂലമായി സമൂഹമാധ്യമങ്ങളിലും പ്രവർത്തകരിൽ നിന്നും വ്യാപക പ്രതികരണം വരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കെപിസിസിയുടെ വിലക്കെന്നാണ് സൂചന. അതേസമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി 8 നാളുകൾ മാത്രമാണ് ഇനി ബാക്കി.

തരൂർ മത്സര രംഗത്ത് എത്തിയതോടെ നെഹ്‌റു കുടുംബത്തിന്റെ പിൻസീറ്റ് ഡ്രൈവിന് മാറ്റമുണ്ടാകുമെന്ന വാർത്തയും വിവാദവുമാണ് അധ്യക്ഷ തെരഞ്ഞെടുപ്പിനെ ശ്രദ്ദേയമാക്കുന്നത്. മല്ലികാർജുന്‍ ഖാർഗയെ ഔദ്യോഗിക നേതൃത്വവും പിസിസികളും പരസ്യമായി തന്നെ പിന്തുണക്കുന്നു. മുതിർന്ന നേതാക്കളുടെയും പിന്തുണ ഖാർഗെക്കുതന്നെ. എന്നിട്ടും തെരഞ്ഞെടുപ്പ് രംഗത്ത് ഉറച്ചു നിൽക്കുന്ന തരൂരിന്റെ ലക്ഷ്യമെന്തെന്നതാണ് നേതാക്കളെ ആശങ്കപ്പെടുത്തുന്നത്.

തരൂരിന്റെ രണ്ടും കൽപ്പിച്ച നീക്കത്തിൽ കേരളത്തിലെ നേതാക്കളും അസ്വസ്ഥരാണ്. ആദ്യഘട്ടത്തിൽ തരൂരിനെ അവഗണിച്ച കേരളത്തിലെ നേതാക്കൾക്ക് രണ്ടാംഘട്ടത്തിൽ അദ്ദേഹത്തിനെതിരെ രംഗത്തിറങ്ങേണ്ടിവന്നു.

കെ.സുധാകരൻ പലതവണ നിലപാട് മാറ്റി. ചില നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. പക്ഷെ യുവതലമുറയിലെ പലനേതാക്കളും തരൂരിനൊപ്പമാണ്. ഇവരുമായി തരൂർ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടു. പരസ്യമായി പ്രതികരിക്കാതെ പലരും തരൂരിന് പിന്തുണയും അറിയിച്ചിട്ടുമുണ്ട്.

ഇത് മനസിലാക്കിയാണ് തരൂർ മനസാക്ഷി വോട്ടിൽ പ്രതീക്ഷ അർപ്പിക്കുന്നത്. സാധാരണ പാർട്ടി പ്രവർത്തകരുടേയും സോഷ്യൽ മീഡിയകളിലെയും പ്രതികരണങ്ങളും തരൂരിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ കൂടുതൽ പേർ രഹസ്യബാലറ്റിൽ തനിക്ക് അനുകൂലമാകുമെന്നാണ് തരൂരിന്റെ പ്രതീക്ഷ.

പക്ഷെ കേരളത്തിൽ നിന്ന് തരൂരിന്റെ പെട്ടിയിലേക്ക് വോട്ട് വീഴാതിരിക്കാനുള്ള അണിയറ നീക്കത്തിലാണ് കെസി വേണുഗോപാലും ഗ്രൂപ്പ് ലീഡർമാരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News