ജീവന്‍ മരണ പോരിന് ഇന്ത്യ ; രണ്ടാം ഏകദിനം ഇന്ന് | India vs South Africa

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്.ഉച്ചയ്ക്ക് 1 : 30 ന് ജാർഖണ്ഡിലാണ് മത്സരം. ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് പരമ്പര നഷ്ടമാകാതിരിക്കാൻ വിജയം അനിവാര്യമാണ്.

ലഖ്നൌവിൽ ദക്ഷിണാഫ്രിക്ക വിജയിച്ചെങ്കിലും തോൽവി സമ്മതിച്ചത് മലയാളി ക്രിക്കറ്റർ സഞ്ജു സാംസണിന്റെ മുന്നിലായിരുന്നു. ലുങ്കി എൻഗീഡിയുടെ പേസിൽ തകർന്ന ഇന്ത്യൻ ബാറ്റിംഗ് നിരയെ ഏതാണ്ട് ഒറ്റക്ക് കൈപിടിച്ചുയർത്തുകയായിരുന്നു മലയാളികളുടെ ഈ അഭിമാന താരം.

ദക്ഷിണാഫ്രിക്കൻ ബോളർമാരെ കണക്കറ്റ് പ്രഹരിച്ച സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത് ക്രിക്കറ്റ് പ്രേമികൾ എന്നെന്നും മനസിൽ സൂക്ഷിക്കുന്ന അപരാജിത അർധ സെഞ്ചുറിയാണ്.

ജീവന്മരണ പോരാട്ടത്തിനായി ഇന്നിറങ്ങുമ്പോൾ സഞ്ജുവിന്റെ ബാറ്റിങ്ങ് പ്രകടനത്തിലാണ് ടീം ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്നത്. ശ്രേയസ് അയ്യർ ഒഴികെയുള്ളവരുടെ മോശം ഫോമും ആശങ്ക ഉണ്ടാക്കുന്നുണ്ട്. മുനയൊടിഞ്ഞ ബോളിംഗാണ് ഏറ്റവും വലിയ തലവേദന.

ക്ലാസന്റെയും മില്ലറുടെയും ആക്രമണാത്മക ബാറ്റിംഗിന് ഫുൾസ്റ്റോപ്പിടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിക്കുന്നില്ല. പോരായ്മകളും പാളിച്ചകളും പരിഹരിച്ചില്ലെങ്കിൽ പരമ്പര ഇന്ത്യക്ക് നഷ്ടമാകും. അതേസമയം ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക.

ട്വന്റി-20 പരമ്പര നഷ്ടത്തിന് ഏകദിന പരമ്പര നേട്ടത്തിലൂടെ പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാണ് ടീം. ബാറ്റിംഗും ബോളിംഗുമെല്ലാം ഫുൾ ചാർജിലാണ്. ജാർഖണ്ഡിൽ ജയിക്കാനായാൽ സന്ദർശക ടീമിന് ജോറായി പരമ്പര നേട്ടം ആഘോഷിക്കാം. ഏതായാലും ഹൈ വോൾട്ടേജ് പോരാട്ടത്തിന് ജാർഖണ്ഡിലെ JSCA ഇൻറർനാഷണൽ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here