19.72 ലക്ഷം കുട്ടികള്‍ക്ക് കൈറ്റ് ഡിജിറ്റൽ മീഡിയ ലിറ്ററസി പരിശീലനം നല്‍കി

പ്രതീകാത്മക ചിത്രം

വ്യാജ വാര്‍ത്തകളെ പ്രതിരോധിക്കുന്നതിന് കുട്ടികള്‍ക്കുള്‍പ്പെടെ ബോധവല്‍ക്കരണം നടത്തുന്ന ‘സത്യമേവജയതേ’ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ കൈറ്റിന്റെ നേതൃത്വത്തില്‍ 5 മുതല്‍ 10 വരെ ക്ലാസുകളിലെ
19.72 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റൽ മീഡിയ ലിറ്ററസി പരിശീലനം പൂര്‍ത്തിയാക്കിയതായി പൊതുവവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. കോവിഡ് സമയത്ത് 2020 ഫെബ്രുവരി 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ആദ്യഘട്ടം കൈറ്റ് വിക്ടേഴ്സ് ചാനലിൽ ‘ഫസ്റ്റ്‌ബെൽ’ ക്ലാസുകളിലൂടെയായിരുന്നു. 2021 ജൂണ്‍ മുതല്‍ ആരംഭിച്ച രണ്ടാംഘട്ട പരിശീലനത്തില്‍ എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് അതത് ക്ലാസുകളിൽ പരിശീലനം നല്‍കിയിരുന്നത്.

2022 ആഗസ്റ്റ് മുതല്‍ പ്രത്യേക മൊഡ്യൂള്‍ ഉപയോഗിച്ച് നടത്തിയ മൂന്നാംഘട്ട പരിശീലനത്തിലാണ് അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികളെ പരിശീലിപ്പിച്ചത്. കൈറ്റിന്റെ നേതൃത്വത്തില്‍ 5920 പരിശീലകരുടെ സഹായത്തോടെയാണ് പൊതുവിദ്യാലയങ്ങളില്‍ യു.പി തലത്തില്‍ 9.48 ലക്ഷം കുട്ടികള്‍ക്കും ഹൈസ്കൂള്‍ തലത്തില്‍ 10.24 ലക്ഷം കുട്ടികള്‍ക്കും (മൊത്തം 19.72 ലക്ഷം) പരിശീലനം നല്‍കിയത്. ഏറ്റവും കൂടുതല്‍ കുട്ടികളെ പരിശീലിപ്പിച്ച സര്‍ക്കാര്‍ വിദ്യാലയം മലപ്പുറം ജില്ലയിലെ ഡി.ജി.എച്ച്.എസ്.എസ്. താനൂരും (3691) എയ്ഡഡ് വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടവും (7467) ആണ്.

ഇന്റര്‍നെറ്റ് നിത്യ ജീവിതത്തില്‍, സോഷ്യല്‍ മീഡിയയ്ക്ക് നമ്മെ വേണം, സോഷ്യല്‍ മീഡിയയിലെ ശരിയും തെറ്റും, വ്യാജവാര്‍ത്തകളുടെ വ്യാപനം എങ്ങനെ തടയാം എന്നിങ്ങനെ നാലു മേഖലകളിലായി രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനമാണ് ഓരോ കുട്ടിക്കും നല്‍കിയത്. വിവരവിനിമയത്തില്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുളള സ്വാധീനം മനസിലാക്കുക, ഡിജിറ്റല്‍ മാധ്യമങ്ങളിലെ വാസ്തവവിരുദ്ധമായ ഇടപെടലുകളെ കുറിച്ച് അറിയാനും അവയോട് ക്രീയാത്മകമായി പ്രതികരിക്കാനുമുളള പ്രേരണ വളര്‍ത്തുക, കൈമാറ്റം ചെയ്യുന്ന സന്ദേശങ്ങളിലെ വാസ്തവം തിരിച്ചറിയാനുളള സാങ്കേതിക പരിജ്ഞാനം ആര്‍ജിക്കുക, മാധ്യമ സാക്ഷരതയിലൂടെ വിവരവിനിമയത്തിലെ അപാകതകള്‍ തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള ശേഷി കൈവരിക്കുക എന്നിങ്ങനെയുളള മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി യായിരുന്നു പരിശീലനം. ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുന്ന സത്യവിരുദ്ധമായ വിവരങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന തെറ്റായ സ്വാധീനവും വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കലും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പൊതുജനങ്ങൾക്കായി ‘സത്യമേവ ജയതേ’ പരിപാടിയുടെ ഇതേ ക്ലാസുകൾ തിങ്കൾ ( ഇന്ന് -ഒക്ടോബർ 10 )മുതൽ വ്യാഴം വരെ തുടർച്ചയായി വൈകുന്നേരം 7 മണിയ്ക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുമെന്ന് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News