കോൺഗ്രസ് നേതാക്കൾക്കിടയിൽ ചേരിതിരിവ് രൂക്ഷം | Congress

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നേതാക്കൾക്കിടയിൽ ചേരിതിരിവ് രൂക്ഷമാകുമ്പോൾ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ തരൂരിനായി മുറിവിളി. തരൂരിന് എതിരായി നിലപാട് സ്വീകരിച്ചതിൽ കേരളത്തിലെ നേതാക്കൾക്ക് എതിരെ രൂക്ഷ വിമർശനമാണ് ഗ്രൂപ്പുകളിൽ നടക്കുന്നത്.

മല്ലികാർജ്ജുൻ ഖാർഗെയുമായുള്ള രമേശ് ചെന്നിത്തലയുടെ ഫെയ്സ് ബുക്ക് പേജിൽ അണികൾ ചെന്നിത്തലയെ പൊങ്കാല ഇടുകയാണ്.

കേരളത്തിലെ നേതാക്കൾ മല്ലികാർജ്ജുന്‍ ഖാർഗെയ്ക്കായി പ്രചരണത്തിന് ഇറങ്ങുമ്പോൾ താഴെ തട്ടിലുള്ള പ്രവർത്തകർ നേതാക്കളോടുള്ള രോഷം പരസ്യമാക്കുകയാണ്. നവമാധ്യമങ്ങളെ കൂട്ട് പിടിച്ചാണ് പലരും രോഷം പ്രകടിപ്പിക്കുന്നത്.

പൂഞ്ഞാർ ഐ.എൻ.സിയെന്ന ഗ്രൂപ്പിൽ ആൻ്റണി ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് വിമർശനം. തരൂരിനെ പോലുള്ള ഒരാൾ നേതൃത്വത്തിൽ വരുന്നത് കാണാൻ ആഗ്രഹമില്ലാത്തവരാണ് ആൻ്റണിയും, വേണുഗോപാലും. കൊടിക്കുന്നിലും പോലെയുള്ള നിർഗുണ പരബ്രഹ്മങ്ങളെന്നാണ് പരാമർശം.

കെ.സി.വേണുഗോപാലെന്ന നിർഗുണനാണ് കോൺഗ്രസിനെ നശിപ്പിക്കുന്നതെന്നായിരുന്നു മറ്റൊരു പ്രതികരണം. 200 പേരുള്ള കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ ഗ്രൂപ്പിലാണ് ഇത്തരം ചർച്ച. ഖാർഗേയ്ക്കായി പ്രചരണത്തിന് ഇറങ്ങിയെന്ന ചെന്നിത്തലയുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ അണികൾ അദ്ദേഹത്തെ പൊങ്കാലയിടുകയാണ്.

ഈ പാർട്ടി ഒരിക്കലും തിരിച്ചു വരില്ല.ഖാർഗയേക്കാൾ ഭേദം നിങ്ങളായിരുന്നു. പാർട്ടിയെ തിരിച്ചുകൊണ്ടുവരുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്. സ്വന്തം കാര്യം സിന്ദാബാദ് മാത്രം കൈമുതലായുള്ള താങ്കളെപ്പോലുള്ളവരാണ് കോൺഗ്രസ് മുക്ത ഭാരതത്തിനായി ശ്രമിക്കുന്നത്.

കെപിസിസി പ്രസിഡണ്ട് ആകുവാൻ കൊടിക്കുന്നിലിനെ പരിഗണിച്ചപ്പോൾ എന്തേ അന്ന് ദളിത് സ്നേഹം തോന്നിയില്ല.കോൺഗ്രസ് വൃദ്ധസദനത്തിൽ ആളെ കൂട്ടാൻ ചെന്നിത്തലയുടെ യാത്ര.ഇങ്ങനെ നീളുന്നു പ്രവർത്തകരുടെ പരിഹാസവും രോഷ പ്രകടനവും. അതേ സമയം ശശീ തരൂരിനോട് താൽപ്പര്യമുള്ള ഒരു വിഭാഗം നേതാക്കളും കേരളത്തിലുണ്ട്. അവരുടെ മൗനാനുവാദത്തോടെയാണ് സൈബറിടത്തിലെ പോരാട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here