മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചപ്പോൾ മാറിപ്പോയി : സംഭവം ദമാമിൽ

ദമാമിൽ മരിച്ച മലയാളിയുടെയും യു പി സ്വദേശിയുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചപ്പോൾ മാറിപ്പോയി . ദമാമിൽ മരിച്ച കായംകുളം വള്ളികുന്നം കാരായ്​മ സ്വദേശി കണിയാൻ വയൽ വീട്ടിൽ ഷാജി രാജന്റെയും (50), യു.പി വരാണസി സ്വദേശി ജാവേദിന്റെയും (44) മൃതദേങ്ങളാണ്​ പരസ്​പരം മാറിപോയത്. സാമൂഹിക പ്രവർത്തകരുടെയും അധികൃതരുടെയും ഇടപെടലിനെ തുടർന്ന് കായംകുളം സ്വദേശിയുടെ മൃതദേഹം വാരണാസിയിൽ നിന്നും ആംബുലൻസിൽ നാട്ടിൽ എത്തിച്ചു. രണ്ട്​ വിമാനങ്ങളിലായി നാട്ടിലേക്കയച്ച കായംകുളം സ്വദേശിയുടയും യു.പി സ്വദേശിയുടെയും മൃതദേഹങ്ങളുടെ പെട്ടികൾക്ക് മുകളിൽ പതിപ്പിച്ച സ്റ്റിക്കർ മാറിപ്പോയതു കൊണ്ടാണ് മൃതദേഹങ്ങൾ മാറിപോയത്.
ഷാജി രാജ​ന്റേതെന്ന്​ കരുതി കായംകുളത്തെ വീട്ടിലെത്തിയ മൃതദേഹം ബന്ധുക്കൾ ദഹിപ്പിപ്പിച്ചത് പ്രശ്നം കൂടുതൽ സങ്കീർണമാക്കി​.
സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ രണ്ടര മാസം മുമ്പ്​ ആണ് ഷാജി രാജൻ മരിച്ചത്. രണ്ടാഴ്ച മുൻപ് ആണ് ഖോബാറിലെ ആശുപത്രിയിൽ ജാവേദ് മരിച്ചത് .

ഒരേ ദിവസമാണ്​ ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുവാൻ ഉള്ള നടപടികൾ പൂർത്തിയായത്.
ഷാജി രാജന്റേത്​ അൽ അഹ്സയിലെ നവോദയ പ്രവർത്തകൻ ആയ ചന്ദ്രബാബു കടയ്ക്കലും ,ജാവേദിന്റേത്​ സാമൂഹിക പ്രവർത്തകനും ലോക കേരള സഭാ അംഗവും ആയ നാസ്​ വക്കവുമാണ്​ നടപടികൾ പൂർത്തീകരിച്ചത്​.​ സെപ്റ്റംബർ 29 ന് വ്യത്യസ്ത വിമാനങ്ങളിൽ നാട്ടിൽ അയക്കുനതിനയി ഇരു മൃതദേഹങ്ങളും ഒരേ ആംബുലൻസിൽ ആണ് കാർഗോ സ്ഥാപനം ദമ്മാമിലെ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ എത്തിച്ചത്​.

തുടർ നടപടിക്രമങ്ങൾ പൂർത്തീകരിച്ച​ ശേഷം അതിന്റെ രേഖകൾ അടങ്ങുന്ന സ്​റ്റിക്കർ ഓരോ പെട്ടിയുടെയും മുകളിൽ പതിപ്പിക്കാറുണ്ട്​. ഇങ്ങനെ പതിപ്പിച്ചപ്പോൾ ​സ്​റ്റിക്കർ പരസ്​പരം മാറുകയായിരുന്നു​. പെട്ടിക്ക്​ മുകളിലുള്ള രേഖകൾ പ്രകാരം ഷാജിയുടെ മൃതദേഹം ഡൽഹി വിമാനത്തിലും ജാവേദിന്റേത്​ ശ്രീലങ്കൻ എയർവേയ്​സിലും അയക്കുകയായിരുന്നു. പെട്ടിക്ക്​ മുകളിലുള്ള സ്​റ്റിക്കറുകളിലെ വിവരങ്ങൾ നോക്കിയാണ്​ നാട്ടിൽ മൃതദേങ്ങൾ കൈമാറുന്നത്​. എന്നാൽ, ഇരുപെട്ടികളുടെയും മുകളിൽ ഇംഗ്ലീഷിൽ പേരുകൾ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. നാട്ടിലെത്തിയവർ അത്​ ശ്രദ്ധിച്ചില്ല​.

വരാണസി സ്വദേശി ജാവേദിന്റെ ബന്ധുക്കൾ ഡൽഹിയിൽനിന്ന്​ മൃതദേഹം​ ഏറ്റുവാങ്ങി ആംബുലൻസിൽ തിരിക്കുന്നതിനിടെ പെട്ടിയുടെ മുകളിൽ ഷാജി രാജൻ എന്ന പേര്​ കണ്ട്​ സംശയം തോന്നി സാമൂഹിക പ്രവർത്തകൻ നാസ്​ വക്കവുമായി ബന്ധപ്പെടുകയായിരുന്നു. എന്നാൽ, ഒപ്പം കിട്ടിയ രേഖയിലും സ്റ്റിക്കറിലും ജാവേദ് എന്നുമാണ് ഉണ്ടായിരുന്നത്. നാസ് വക്കം ഉടൻ റിയാദിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വരാണസി കലക്​ടറെ ബന്ധപ്പെട്ട്​ മൃതദേഹം​ മോർച്ചറിയിൽ സൂക്ഷിക്കാൻ ഏർപ്പാടാക്കി. എന്നാൽ, കായംകുളം​ പുതുപ്പള്ളിയിൽ എത്തിയ മൃതദേഹം ഇതിനകം ദഹിപ്പിച്ചിരുന്നു.

രണ്ടര മാസം പഴക്കമുള്ള മൃതദേഹമായതിനാൽ ഷാജിയുടെ മൃതദേഹം തുറന്ന്​ ആരെയും കാണിക്കേണ്ടതില്ല എന്ന്​ ബന്ധുക്കൾ തീരുമാനിച്ചതിനാൽ ഉടൻ ദഹിപ്പിക്കുവൻ തീരുമാനിച്ചു. മക്കളുടെ നിർബന്ധത്തിന്​ വഴങ്ങി അവരെ മാത്രം മൃതദേഹം കാണിച്ചിരുന്നു. ഷാജി രാജന്റെ രണ്ടാമത്തെ മകൾ ഇത്​ അച്ഛന്റെ മൃതദേഹമല്ലെന്ന്​ പറഞ്ഞെങ്കിലും ആദ്യം ആരും കാര്യമാക്കിയില്ല. മൃതദേഹം മാറിപ്പോയെന്നറിഞ്ഞതോടെ ഷാജിയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന്​ ബന്ധുക്കൾ ഇന്ത്യൻ എംബസിയോട്​ ആവശ്യപ്പെട്ടു. തുടർന്ന്​ യുപിയിൽ നിന്നും ആംബുലൻസിൽ ഷാജിയുടെ മൃതദേഹം കായംകുളത്തെ വീട്ടിലെത്തിച്ചു.

എന്നാൽ, വാരണാസിയിലെ ജാവേദിന്റെ കുടുംബത്തെ യു.പിയിലെ സാമൂഹിക പ്രവർത്തകരും കലക്​ടർ ഉൾപ്പടെയുള്ള അധികാരികളും വീട്ടിലെത്തി കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്​ എന്നും പ്രശ്നങ്ങൾ മനസ്സിലാക്കി അവർ ഷാജിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുനതിനായി പരിപൂർണമായും സഹകരിച്ചു എന്നും വിഷയത്തിൽ ഇടപെട്ട സാമൂഹിക പ്രവർത്തകൻ നാസ് വക്കം കൈരളി ന്യൂസിനോട് പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here