പുതുജീവിതത്തിലേക്ക് കടന്ന് സുഭാഷ്; 6 പേര്‍ക്ക് ജീവനേകി മാതൃകയായി അനിതയുടെ കുടുംബം

കഴിഞ്ഞ ആറ് വര്‍ഷമായി ഡയാലിസിസുമായി ജീവിതം തള്ളിനീക്കിയ കൊല്ലം(kollam) ചവറ സ്വദേശി സുഭാഷ് (33) വൃക്ക(kidney) മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച് വീട്ടിലേക്ക്. സെപ്റ്റംബര്‍ 21ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച അനിതയുടെ വൃക്കയാണ് സുഭാഷിന് ലഭിച്ചത്. സുഭാഷിനെ തിങ്കാളാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. ശസ്ത്രക്രിയയില്‍ പങ്കെടുത്ത എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഒപ്പം തീവ്ര വേദനയില്‍ അവയവം ദാനം ചെയ്യാനായി മുന്നോട്ടു വന്ന അനിതയുടെ ബന്ധുക്കളേയും മന്ത്രി അഭിനന്ദിച്ചു.

അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി അനിതയുടെ (42) ബന്ധുക്കള്‍ എടുത്ത സുപ്രധാനമായ തീരുമാനം സുഭാഷ് ഉള്‍പ്പെടെ 6 പേര്‍ക്കാണ് പുതുജീവന്‍ സമ്മാനിച്ചത്. അനിതയുടെ കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍, രണ്ട് കൈകള്‍ എന്നിവ ദാനം ചെയ്യുകയായിരുന്നു.

തലച്ചോറിലുണ്ടായ അമിതമായ രക്തസ്രാവം കാരണമാണ് അനിതയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. സെപ്റ്റംബര്‍ 20ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച അനിതയുടെ അവയവങ്ങള്‍ 21നാണ് കൈമാറിയത്. അവയവം സ്വീകരിച്ച എല്ലാവരും സുഖംപ്രാപിച്ചു വരുന്നത് വലിയ നേട്ടമാണ്.

സര്‍ക്കാര്‍ ആരംഭിച്ച കെ സോട്ടോയിലൂടെയാണ് അവയവ വിന്യാസം നടത്തുന്നത്. നിരവധി രോഗികള്‍ മസ്തിഷ്‌ക മരണം സംഭവിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കാറുണ്ട്. അവബോധം ഇല്ലാത്തത് കാരണം പലപ്പോഴും അവയവം ദാനം ചെയ്യാറില്ല.

മസ്തിഷ്‌ക മരണം എന്ന ഘട്ടത്തില്‍ അനിതയുടെ ബന്ധുക്കള്‍ ചെയ്തതു പോലെ അവയവദാനം നിര്‍വഹിച്ചാല്‍ ധാരാളം രോഗികള്‍ക്ക് ആശ്വാസമാകും. വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം, കണ്ണ്, കൈകള്‍ ഇങ്ങനെ നിരവധി ശരീരഭാഗങ്ങള്‍ വിജയകരമായി ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ സാധിക്കും. ഇതിലൂടെ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News