Rorschach: തിയേറ്ററുകളെ ത്രസിപ്പിച്ച് റോഷാക്ക്

നിഗൂഢതയുടെ മുഖാവരണമഴിയുമ്പോള്‍, കാഴ്ചശീലങ്ങളെ നടുക്കി മമ്മൂട്ടി ചിത്രം റോഷാക്ക്(Rorschach) തിയേറ്ററുകളില്‍ ആവേശം സൃഷ്ടിക്കുകയാണ്. സസ്‌പെന്‍സുകള്‍ പൊളിച്ചുള്ള കഥ പറച്ചിലും മലയാളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയും കൊണ്ട് സംവിധായകന്‍ നിസാം ബഷീര്‍ സിനിമയെ അടയാളപ്പെടുത്തുമ്പോള്‍, സമാനതകളില്ലാത്ത പ്രകടന മികവുകൊണ്ട് മമ്മൂട്ടി(Mammootty) പ്രേക്ഷക ശ്രദ്ധ നേടുകയാണ്.

പേരിലെ കൗതുകം കൊണ്ടും നിഗൂഢത നിറച്ച പ്രമോഷണല്‍ മെറ്റീരിയലുകള്‍ കൊണ്ടും പ്രഖ്യാപനം മുതല്‍ റിലീസ് വരെ സിനിമാ ആരാധകരുടെ സജീവ ചര്‍ച്ചയില്‍ വന്ന ചിത്രമാണ് ‘റോഷാക്ക്’. ഒടുവില്‍ തിയറ്ററുകളിലെത്തിയപ്പോഴും പ്രേക്ഷക പ്രതീക്ഷകള്‍ ചിത്രം തകര്‍ത്തില്ല. പലതരം അടരുകളിലായി 2 മണിക്കൂര്‍ 30 മിനിറ്റ് ദൈര്‍ഘ്യത്തില്‍ ഒരു മുഴുനീള ത്രില്ലിംഗ് എക്‌സ്പീരിയന്‍സുമായാണ് ഈ മമ്മൂട്ടി ചിത്രമെത്തുന്നത്. ആദ്യ ഷോട്ട് മുതല്‍ ഒരു പ്രത്യേക മൂഡിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോയി പതിഞ്ഞ താളത്തില്‍ തുടങ്ങി പിന്നീട് പതിയെ പതിയെ കൊട്ടിക്കയറി ഓരോ കഥാപാത്രങ്ങളുടേയും അടരുകള്‍ ഒന്നൊന്നായി പൊളിച്ചെഴുതുകയാണ് റൊഷാക്ക്.

സൂക്ഷ്മമായ ഭാവങ്ങളും ചലനങ്ങളും ശരീരഭാഷയും കൊണ്ട് ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ സമര്‍ത്ഥമായി രേഖപ്പെടുത്താന്‍ മമ്മൂട്ടിയ്ക്ക് സാധിച്ചു എന്നത് തന്നെയാണ് അദ്ദേഹത്തിലെ അനായാസ നടനെ അടയാളപ്പെടുത്തുന്നത്. മമ്മൂട്ടി എന്ന താരത്തിന്റേയോ, മുന്‍പ് ചെയ്ത കഥാപാത്രങ്ങളുടെ ഭാരമോ ലൂക്ക് ചുമക്കുന്നില്ല. പതിവില്‍ നിന്നും വിഭിന്നമായ അനുഭവപശ്ചാത്തലത്തലമുള്ള പ്രമേയം വിശ്വസനീയമാക്കുന്നതും സംവിധായകന്റെ സമര്‍ഥമായ ആഖ്യാനമാണ്. സാമ്പ്രദായികമായ സിനിമാ ആസ്വാദന രീതികളെയെല്ലാം പുറത്തുനിര്‍ത്തി വേണം റോഷാക്കിന് കയറാന്‍. അവിടെ നായകനെ പരിചയപ്പെടുത്തുന്ന ഇന്‍ട്രോകളോ മാസ് ബിജിഎമോ ഒന്നുമില്ല. വിജനമായൊരു വഴിയിലൂടെ അപ്രതീക്ഷിതമായൊരു തിരിവില്‍ നിന്നും ലൂക്ക് ആന്റണി സ്‌ക്രീനിലെത്തുന്നു. നിഗൂഢതയുമായി എത്തുന്ന ലൂക്കിനൊപ്പം ഉദ്യോഗഭരിതമായ മനസ്സോടെ നടന്നുതുടങ്ങുകയാണ് പ്രേക്ഷകരും.

മമ്മൂട്ടിയുടെ ഇന്നോളമുള്ള വേഷങ്ങളില്‍ നിന്ന് വേറിട്ടതാണ് ‘ലൂക്ക’യുടെ രൂപവും ഭാവവും. ‘റോഷാക്കി’ന്റെ പ്രമേയം ആവശ്യപ്പെടുന്ന നിഗൂഢത ചിത്രത്തിലുടനീളം നിലനിര്‍ത്താന്‍ അടിത്തറയാകുന്നത് മമ്മൂട്ടിയുടെ സൂക്ഷ്മതയാര്‍ന്ന ഭാവ പ്രകടനമാണ്. സംഘര്‍ഷഭരിതവും വിഭിന്നവുമായ അനുഭവപശ്ചാത്തലമുള്ള കഥാപാത്രത്തിലേക്കാണ് ഇക്കുറി മമ്മൂട്ടിയുടെ പ്രവേശനമെന്നതിനാല്‍ അത് പ്രേക്ഷകന്റെ ആസ്വാദനതലത്തെയും പ്രവര്‍ത്തനക്ഷമമാക്കുന്നു. ‘ലൂക്ക’യുടെ സൂക്ഷ്മതലത്തിലുള്ള മുഖഭാവങ്ങളിലും സംഭാഷണ താളത്തിലും മമ്മൂട്ടി സ്‌ക്രീനില്‍ അദ്ഭുതപ്പെടുത്തുന്നു. ഏറെക്കാലം സ്‌ക്രീനില്‍ നിന്ന് മാറിനിന്ന് ബിന്ദു പണിക്കരുടെ അതിഗംഭീരമായ തിരിച്ചുവരവിനും ‘റോഷാക്ക്’ സഹായകരമായി. വേഷപകര്‍ച്ചകള്‍ പലവിധം വേണ്ട ‘സീത’ എന്ന കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞുള്ള പ്രകടനമാണ് ബിന്ദു പണിക്കരുടേത്. സിനിമകണ്ട് തീയറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷന്റെ ഉള്ളില്‍ തങ്ങി നില്‍ക്കുകയാണ് സീതയുടെ കണ്ണുകള്‍.

ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, സഞ്ജു ശിവ്‌റാം, കോട്ടയം നസീര്‍ തുടങ്ങിയിവരും പ്രകടനത്തില്‍ പ്രമേയത്തിന്റെ ആവശ്യകതയ്ക്ക് അനുസരിച്ച് ഉയര്‍ന്നുനില്‍ക്കുന്നു. റോഷാക്കി’ന്റെ പ്രമേയത്തെ അതിന്റെ തീവ്രവതയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഘടകം മിഥുന്‍ മുകുന്ദന്റെ പശ്ചാത്തല സംഗീതമാണ്. ചിത്രത്തെ ഒരു മികച്ച തിയറ്റര്‍ അനുഭവമാക്കി മാറ്റുന്നത് നിമിഷ് രവിയുടെ ക്യാമറാക്കണ്ണുകളിലെ നിഗൂഢത കൂടിയാണ്. മമ്മൂട്ടിയുടെ നിര്‍മാണ സംരഭമായ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫാറര്‍ ഫിലിംസ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളിലും ലഭിക്കുന്നത്. മാറുന്ന ചലച്ചിത്രാസ്വാദന കാലത്ത്, വേറിട്ട വേഷപ്പകര്‍ച്ചയുമായി മലയാളത്തിന്റെ മഹാനടനെത്തുമ്പോള്‍ പ്രേക്ഷകര്‍ക്കുള്ള റോഷാക്ക് ടെസ്റ്റാവികയാണ് ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News