Team India: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടീം ഇന്ത്യക്ക് 7 വിക്കറ്റ് ജയം; ശ്രേയസ് അയ്യർക്ക് സെഞ്ച്വറി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ(india)ക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. സെഞ്ചുറി നേടി പുറത്താവാതെ നിന്ന ശ്രേയസ്സ് അയ്യരാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 93 റണ്‍സെടുത്ത ഇഷാന്‍ കിഷനും മികച്ച പ്രകടനം പുറത്തെടുത്തു. സഞ്ജു സാംസണ്‍ (36 പന്തില്‍ പുറത്താവാതെ 30) സെന്‍സിബിള്‍ ഇന്നിംഗ്‌സുമായി പുറത്താവെ നിന്നു.

നേരത്തെ, മൂന്ന് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് സിറാജ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പെത്തി. ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 48 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (13), ശുഭ്മാന്‍ ഗില്‍ (28) ഇന്ത്യക്ക് നഷ്ടമായി. ക്യാപ്റ്റന്‍ ധവാന്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി.

പാര്‍നല്ലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ഇഷാന്‍ ക്രീസിലേക്ക്. ഗില്‍ മറുവശത്ത് മനോഹരമായി കളിച്ചു. അഞ്ച് ബൗണ്ടറികള്‍ ഗില്ലിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. എന്നാല്‍ റബാദയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി ഗില്‍ മടങ്ങി. തുടര്‍ന്ന് കിഷന്‍- ശ്രേയസ് സഖ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇരുവരും 161 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ആക്രമിച്ച കളിച്ച ഇഷാന് നിര്‍ഭാഗ്യം കൊണ്ടാണ് സെഞ്ചുറി നഷ്ടമായത്. ഏഴ് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്‌സ്. ബോണ്‍ ഫോര്‍ട്വിനെതിരെ പുള്‍ ഷോട്ടിന് ശ്രമിക്കുമ്പോഴാണ് കിഷന്‍ പുറത്താവുന്നത്. തുടര്‍ന്ന് ക്രീസിലെത്തിയ സഞ്ജു ശ്രേയസിന് പിന്തുണ നല്‍കി.

മാത്രമല്ല, ശ്രേയസിനൊപ്പം 73 റണ്‍സ് കൂട്ടിചേര്‍ക്കാനും സഞ്ജുവിനായി. ഒരു സിക്‌സും ഫോറും സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഇതിനിടെ ശ്രേയസ് സെഞ്ചുറി പൂര്‍ത്തിയാക്കി. 111 പന്തിലാണ് താരം 113 റണ്‍സെടുത്തത്. 14 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്.

ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ എയ്ഡന്‍ മാര്‍ക്രം (79), റീസ ഹെന്‍ഡ്രിക്‌സ് (74) എന്നിവരാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകളാണ് ദക്ഷിണഫ്രിക്കയ്ക്ക് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലാണ്.

മോശം തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. മൂന്നാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ (5) സിറാജ് ബൗള്‍ഡാക്കി. പത്താം ഓവരില്‍ ജന്നെമന്‍ മലാനും (25) മടങ്ങി. ഇതോടെ ദക്ഷിണാഫ്രിക്ക രണ്ടിന് 40 എന്ന നിലയിലായി. തുടര്‍ന്ന് നാലാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഹെന്‍ഡ്രിക്‌സ്- മാര്‍ക്രം സഖ്യമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

ഇരുവരും 129 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹെന്‍ഡ്രിക്‌സിനെ മടക്കിയയച്ച് സിറാജ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 76 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെന്‍ഡ്രിക്‌സിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്ന് ക്രീസിലെത്തിയത് മികച്ച ഫോമിലുള്ള ഹെന്റിച്ച് ക്ലാസന്‍. മധ്യ ഓവറുകള്‍ക്ക് ശേഷം മാര്‍ക്രത്തിനൊപ്പംനിര്‍ണായക കൂട്ടുകെട്ടുണ്ടാക്കാന്‍ ക്ലാസനായി. 45 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.

സ്‌കോര്‍ 215ല്‍ നില്‍ക്കെ രണ്ട് പേരേയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. തുടര്‍ന്ന് ക്രീസിലെത്തിയ വെയ്ന്‍ പാര്‍നല്ലിന് (16) കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ഡേവിഡ് മില്ലര്‍ (35), കേശവ് മഹാരാജ് (5) എന്നിവര്‍ ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറില്‍ മഹാരാജ് പുറത്തായി. ബോണ്‍ ഫോര്‍ട്വിന്‍ (0) പുറത്താവാതെ നിന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News