ADVERTISEMENT
അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവും സിപിഐഎം(CPIM) സംസ്ഥാന സെക്രട്ടറിയും മുന്‍മന്ത്രിയും ആയിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan) അനുസ്മരണം നടന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് അയര്‍ലണ്ട് (എഐസി) ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഏഴ് വെള്ളിയാഴ്ച വൈകുന്നേരം താല ഫിര്‍ഹൌസ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് സംഘടിപ്പിച്ച യോഗത്തില്‍ ഐറിഷ് സമൂഹത്തിന്റെ വിവിധമേഖലയിലുള്ള വ്യക്തികള്‍ പങ്കെടുത്തു.
എ ഐ സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വര്‍ഗ്ഗീസ് ജോയ് അദ്ധ്യക്ഷനായ ചടങ്ങില്‍ എ ഐ സി ഡബ്ലിന് ബ്രാഞ്ച് സെക്രട്ടറി മനോജ് ഡി മന്നാത്ത് സ്വാഗതം പറഞ്ഞു. അനുസ്മരണയോഗത്തില്‍ കേരളത്തിന്റെ മുന്‍സ്പീക്കറും നോര്‍ക്ക അധ്യക്ഷനുമായ സഖാവ് ശ്രീരാമകൃഷ്ണന്‍ ഓണ്‍ലൈന്‍ മാര്‍ഗ്ഗം പങ്കെടുക്കുകയും ഗുരുതുല്യനായ കോടിയേരിയുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും തനിക്കു വ്യക്തിപരമായും വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എ ഐ സിയുടെ അനുശോചനപ്രമേയം ജനറല്‍ സെക്രട്ടറി സഖാവ് ഹര്‍സെവ് ബെയിന്‍സ് ഓണ്‍ലൈന്‍ വഴി അവതരിപ്പിച്ചു.
യോഗത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (OICC) നേതാവ് ശ്രീ സാന്‍ജോ മുളവരിക്കല്‍ സഖാവ് കോടിയേരിയെ അനുസ്മരിക്കുകയും സഖാവ് നായനാര്‍ക്കു ശേഷം പ്രസന്നമായ ശൈലിയിലൂടെ ജനമനസ്സുകളില്‍ കുടിയേറിയ നേതാവാണ് കോടിയേരി എന്നഭിപ്രായപ്പെടുകയും ചെയ്തു. കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (KMCC) നേതാവ് ശ്രീ ഫവാസ് മാടശ്ശേരി കോടിയേരിയെ അനുസ്മരിക്കുകയും ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം നടത്തിയ പരിഷ്‌കാരങ്ങള്‍ സമൂഹത്തിനു ഗുണപ്രദമാണ് എന്ന് സൂചിപ്പിക്കുകയും ചെയ്തു. യോഗത്തില്‍ പങ്കെടുത്ത കേരള പ്രവാസി കോണ്‍ഗ്രസ് എം അയര്‍ലണ്ട് നേതാവ് കോടിയേരിയെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പ്രതിസന്ധി സമയത്തു കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കിയ സഹായങ്ങളെയും അതിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തിയ കാര്യവും എടുത്തു പറഞ്ഞു.
യോഗത്തില്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് അയര്‍ലണ്ട് പ്രതിധിയായ ഷേമസ് മക്‌ഡോണായും മിലിറ്ററി ഓഫീസേഴ്സ് യൂണിയന്റെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ജെറി റൂണിയും സഖാവ് കോടിയേരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. അയര്‍ലണ്ടിലെ സാമൂഹ്യപ്രവര്‍ത്തകരായ ശ്രീ രാജന്‍ ദേവസ്സ്യയും രാജന്‍ ചിറ്റാറും യോഗത്തില്‍ കോടിയേരിയെ അനുസ്മരിച്ചു. മഹാനായ വിപ്ലവകാരി കോടിയേരിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കു ഊര്‍ജ്ജം പകരുമെന്ന പ്രതീക്ഷ പങ്കുവച്ചു യോഗം പിരിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.