രാജ്യത്ത് ജോലിക്കും വിദ്യാഭ്യാസത്തിനും ഹിന്ദി നിർബന്ധമാക്കുന്ന കേന്ദ്രത്തിന്റെ നടപടി; പ്രതികരണവുമായി ഡോ ജോൺബ്രിട്ടാസ് എം പി

രാജ്യത്ത്‌ ഹിന്ദി അറിയാത്തവർക്ക്‌ കേന്ദ്രസർക്കാർ ജോലി അന്യമാക്കുന്ന വിവാദ ശുപാർശയുമായി എത്തിയിരിക്കുകയാണ് കേന്ദ്രം. ഹിന്ദി നിർബന്ധമാക്കുകയെന്ന (hindi-mandatory) അജൻഡ മുൻനിർത്തി 112 ശുപാർശയടങ്ങിയ റിപ്പോർട്ട്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ അധ്യക്ഷനായ പാർലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി രാഷ്‌ട്രപതിക്ക് സമർപ്പിച്ചു. ഇനി കേന്ദ്ര റിക്രൂട്ട്‌മെന്റ്‌ പരീക്ഷകളുടെ ചോദ്യപ്പേപ്പർ ഹിന്ദിയിൽ മാത്രമാക്കും.വരുംദിവസങ്ങളില്‍ രാജ്യത്ത് ശക്തമായ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരാനിടയാക്കുന്നതാണ് ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ ഈ നീക്കം. ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ഡോ ജോൺബ്രിട്ടാസ് എം പി (Dr.Johnbrittas MP).

ഡോ ജോൺബ്രിട്ടാസ് എം പി എഴുതുന്നു

ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിനുമേൽ ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ’ ആർഎസ്‌എസ്‌ ആശയം അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ നമ്മൾ ശക്തമായി തന്നെ എതിർത്തിരുന്നു.വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ തമ്മിൽ ഇംഗ്ലീഷിനുപകരം ഹിന്ദിയിൽ സംസാരിക്കണമെന്ന്‌ മുമ്പ്‌ അമിത്‌ ഷാ പ്രതികരിച്ചപ്പോൾ വലിയ പ്രതിഷേധമാണുയർന്നത്.ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ലെന്ന്‌ കേന്ദ്രസർക്കാർ നിലപാട് തിരുത്തുകയും ചെയ്തു .ഇപ്പോൾ ഇതാ വീണ്ടും ഇതേ അജണ്ടയുമായി മുന്നോട്ട് പോകുകയാണ് പാർലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി.

ഹിന്ദി നിർബന്ധമാക്കുകയെന്ന അജൻഡ മുൻനിർത്തി 112 ശുപാർശയടങ്ങിയ റിപ്പോർട്ട്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ അധ്യക്ഷനായ പാർലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി രാഷ്‌ട്രപതിക്ക് സമർപ്പിച്ചു.സംസ്ഥാനങ്ങൾ ഹിന്ദി പ്രചാരണം ഭരണഘടനാ ബാധ്യതയായി കാണണമെന്നും ശുപാർശയിലുണ്ട്‌. കേന്ദ്ര റിക്രൂട്ട്‌മെന്റ്‌ പരീക്ഷകളുടെ ചോദ്യപ്പേപ്പർ ഹിന്ദിയിൽ മാത്രമാക്കും.അതായത് തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി നിർബന്ധം;

* കേന്ദ്രസർക്കാർ ജോലികളിലേക്കുള്ള പരീക്ഷകളിൽ ഇംഗ്ലീഷിനുപകരം ഹിന്ദി നിർബന്ധമാക്കണം. ചോദ്യപേപ്പർ ഹിന്ദിയിലാകണം. നിയമനത്തിൽ ഹിന്ദി പ്രവീണ്യമുള്ളവർക്ക് മുൻഗണന നൽകണം.

* ഓഫീസുകളിൽ അത്യാവശ്യത്തിനുമാത്രം ഇംഗ്ലീഷ് ഉപയോഗിക്കണം. കാലക്രമേണ ഇതും ഹിന്ദിയിലേക്ക് മാറ്റണം.

* എഴുത്തുകൾ, ഫാക്സ്, ഇ-മെയിൽ, ക്ഷണക്കത്തുകൾ എന്നിവ ഹിന്ദിയിലാകണം

* ഹിന്ദിഭാഷാ പ്രാവീണ്യത്തോടെ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക അനുകൂല്യങ്ങൾ അനുവദിക്കണം.

* ഹിന്ദിയിൽ നടപടിക്രമങ്ങൾ നടത്താത്ത ഉദ്യോഗസ്ഥരിൽനിന്ന് വിശദീകണം തേടണം. മറുപടി തൃപ്തികരമല്ലെങ്കിൽ ഇക്കാര്യം ജീവനക്കാരുടെ വാർഷിക പ്രവർത്തന റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.

*കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ, സാങ്കേതിക-ഇതര കേന്ദ്ര സർവകലാശാലകൾ എന്നിവിടങ്ങളിൽ ഹിന്ദിപഠനം നിർബന്ധമാക്കണം. ആശയവിനിമയവും ഹിന്ദിയിലായിരിക്കണം. ഇംഗ്ലീഷ് ഓപ്ഷണലായി തുടരും.

കേന്ദ്രസർവീസിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നതിന്‌ ഹിന്ദി നിർബന്ധമായി അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥ ചെയ്യും. അതിനായി ഔദ്യോഗിക ഭാഷാവകുപ്പ് സെക്രട്ടറി, പേഴ്‌സണൽ ആൻഡ്‌ ട്രെയിനിങ്‌ വകുപ്പ് മുഖേന വിവിധ റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി ബന്ധപ്പെടണമെന്നും നിർദേശിക്കുന്നുണ്ട്.
സംസ്ഥാനങ്ങൾ ഹിന്ദി പ്രചാരണം ഭരണഘടനാ ബാധ്യതയായി കാണണമെന്നും ശുപാർശയിലുണ്ട്‌.

സംസ്ഥാന സർക്കാർ ഓഫീസുകളിൽ ഔദ്യോഗികഭാഷാ നയം നടപ്പാക്കുന്നത് അവലോകനം ചെയ്യാൻ പാർലമെന്ററി സമിതിക്ക്‌ അധികാരം നൽകണം.ഐക്യരാഷ്‌ട്ര സംഘടനയിൽ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ പരിഗണിക്കും. പത്ര–-മാധ്യമങ്ങൾക്ക്‌ നൽകുന്ന പരസ്യത്തിന്റെ അമ്പത്‌ ശതമാനം ഹിന്ദിയിലാക്കും ഇങ്ങനെ പോകുന്നു ശുപാർശകൾ.

വൈവിധ്യങ്ങളുടെ നാട്ടിൽ,22 ഔദ്യോഗിക ഭാഷയെ തുല്യമായി പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് അനുശാസിക്കുന്ന ഭരണഘടനയുള്ള നാട്ടിലാണ് ഈ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നത് എന്നോർക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News