Sitaram Yechury: ആര്‍എസ്എസ് അജണ്ട അംഗീകരിക്കില്ല: സീതാറാം യെച്ചൂരി

ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിനുമേല്‍ ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍’ ആര്‍എസ്എസ്(RSS) ആശയം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് സിപിഐ എം(CPIM) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(Sitaram Yechury). ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍പ്പെടുത്തിയിട്ടുള്ള 22 ഔദ്യോഗിക ഭാഷയെ തുല്യമായി പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. വൈവിധ്യങ്ങളുടെ ആഘോഷമാണ് ഇന്ത്യയെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

ഹിന്ദി അറിയില്ലെങ്കില്‍ കേന്ദ്ര ജോലിയില്ല; നിയമനം ലഭിക്കാന്‍ ഹിന്ദി അറിഞ്ഞിരിക്കണം

രാജ്യത്ത് ഹിന്ദി(Hindi) അറിയാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി അന്യമാക്കുന്ന വിവാദ ശുപാര്‍ശയുമായി നരേന്ദ്ര മോദി(Narendra Modi) സര്‍ക്കാര്‍. ഹിന്ദി നിര്‍ബന്ധമാക്കുകയെന്ന അജണ്ട മുന്‍നിര്‍ത്തി 112 ശുപാര്‍ശയടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ പാര്‍ലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. കേന്ദ്ര റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ഹിന്ദിയില്‍ മാത്രമാക്കും.

കേന്ദ്രസര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഹിന്ദി നിര്‍ബന്ധമായി അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥ ചെയ്യും. അതിനായി ഔദ്യോഗിക ഭാഷാവകുപ്പ് സെക്രട്ടറി, പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് മുഖേന വിവിധ റിക്രൂട്ട്മെന്റ് ഏജന്‍സികളുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിക്കുന്നു. ഫലത്തില്‍ ഹിന്ദിയിതര സംസ്ഥാനങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടും. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ കത്തിടപാടുകളും ഹിന്ദിയിലാക്കും. കേന്ദ്രസര്‍ക്കാര്‍ പരിപാടികളുടെ ക്ഷണക്കത്തും പ്രസംഗവും ഹിന്ദിയിലായിരിക്കും. ഓഫീസുകളിലെ കംപ്യൂട്ടറുകള്‍ ഹിന്ദിയിലേക്ക് മാറ്റും.

ഹിന്ദി ഉപയോഗിക്കാന്‍ വിമുഖത കാട്ടുന്ന കേന്ദ്ര ജീവനക്കാര്‍ക്കെതിരെ തൃപ്തികരമായ വിശദീകരണമില്ലെങ്കില്‍ നടപടിയെടുക്കും. സന്നദ്ധരാകുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സെന്റീവ് നല്‍കും.

കേന്ദ്ര സര്‍വകലാശാലകളും സാങ്കേതിക- -ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യയനത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഭാഷ ഹിന്ദിയാകും. ശുപാര്‍ശ നടപ്പായാല്‍ ഐഐടികള്‍, ഐഐഎമ്മുകള്‍, എയിംസ് തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്രീയ വിദ്യാലയം, നവോദയ തുടങ്ങിയ സാങ്കേതിക ഇതര സ്ഥാപനങ്ങളിലും ഹിന്ദി നിര്‍ബന്ധമാകും. ഒഴിച്ചുകൂടാനാകാത്തിടത്ത് മാത്രമേ ഇംഗ്ലീഷ് ഉപയോഗിക്കാവു. ഭാവിയില്‍ അതും ഹിന്ദിക്ക് വഴിമാറും. പ്രാദേശിക ഭാഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശത്തിന് കടകവിരുദ്ധമാണ് പുതിയ ശുപാര്‍ശ. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ മെഡിക്കല്‍ പഠനം ഹിന്ദിയിലാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

സംസ്ഥാനങ്ങള്‍ ഹിന്ദി പ്രചാരണം ഭരണഘടനാ ബാധ്യതയായി കാണണമെന്നും ശുപാര്‍ശയിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ ഔദ്യോഗികഭാഷാ നയം നടപ്പാക്കുന്നത് അവലോകനം ചെയ്യാന്‍ പാര്‍ലമെന്ററി സമിതിക്ക് അധികാരം നല്‍കണം. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും എ, ബി വിഭാഗങ്ങളായി തിരിക്കും. ഹിന്ദി ഭാഷാ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളുടെ നടപടിക്രമം ഹിന്ദിയിലാകണം. മറ്റ് എല്ലാ ഹൈക്കോടതികളിലും ഹിന്ദി പരിഭാഷ വേണം. ഐക്യരാഷ്ട്ര സംഘടനയില്‍ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ പരിഗണിക്കും. പത്ര–മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പരസ്യത്തിന്റെ അമ്പത് ശതമാനം ഹിന്ദിയിലാക്കും.

വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മില്‍ ഇംഗ്ലീഷിനുപകരം ഹിന്ദിയില്‍ സംസാരിക്കണമെന്ന് മുമ്പ് അമിത് ഷാ പ്രതികരിച്ചിരുന്നു. ദക്ഷിണേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് വലിയ പ്രതിഷേധമുയര്‍ന്നതോടെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News