Mulayam Sing Yadav: വിട വാങ്ങിയത് നിലപാടുകളുടെ പോരാളി; ഏവരുടെയും നേതാജി

വിസ്മയങ്ങളും കൗതുകങ്ങളും കോര്‍ത്തിണക്കിയ വ്യക്തിത്വമായിരുന്നു മുലായം സിംഗ് യാദവ്(Mulayam Singh Yadav). കോണ്‍ഗ്രസിന് അഞ്ചു പ്രധാനമന്ത്രിമാരെ സംഭാവനചെയ്തിട്ടും ആ പാര്‍ടിയുടെ ദയനീയമായ പതനം കണ്ട ഉത്തര്‍പ്രദേശില്‍നിന്ന് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ തിളങ്ങുന്ന നക്ഷത്രമായി ഉയര്‍ന്ന പോരാളി. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ അവിടെ മൂന്നു തവണ മുഖ്യമന്ത്രിയും രണ്ടുവട്ടം കേന്ദ്ര മന്ത്രിയുമായ മുലായത്തെതേടി പല ഉന്നത പദവികളും തുടര്‍ച്ചയായി വന്നു.

ആറര പതിറ്റാണ്ടിലേറെ വിസ്തൃതിയുണ്ടായ പൊതുജീവിതത്തില്‍ ചിലപ്പോഴെല്ലാം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഈടുവെപ്പ് ദളിത് മുസ്ലിം ആഭിമുഖ്യവും ഏറ്റവും ദരിദ്ര ജനവിഭാഗങ്ങളോടുള്ള കൂറും അധികം അനുരഞ്ജനം കാണിക്കാത്ത മതനിരപേക്ഷതയുമാണ്. നേരിട്ട വെല്ലുവിളികളും പരിഹാസങ്ങളും നിരവധി. മുസ്ലിങ്ങള്‍ക്കൊപ്പം നിലകൊണ്ടതിനാല്‍ ‘മൗലാന മുലായം’ എന്ന ശകാരപ്പേരും വീണു.

മത്സരിച്ച ഏതാണ്ട് എല്ലാ തെരഞ്ഞെടുപ്പുകളിലും വെന്നിക്കൊടി പാറിച്ച മുലായം എട്ടുവട്ടം നിയമസഭയില്‍ അംഗമായി. 2004ല്‍ ഗുന്നാവ് നിയമസഭാ സീറ്റില്‍നിന്ന് 92 ശതമാനം വോട്ടുനേടിയും ചരിത്രം തീര്‍ത്തു. 1992 ഒക്ടോബര്‍ നാലിന് രൂപീകൃതമായ സമാജ്വാദി പാര്‍ടി ദരിദ്രരുടെ പ്രശ്നങ്ങളില്‍ ഊന്നി. തെരഞ്ഞെടുപ്പ് ചിഹ്നം സാധാരണക്കാരുടെ വാഹനമായ സൈക്കിള്‍. അസമത്വത്തിനും അനീതിക്കുമെതിരെ വിദ്യാര്‍ഥി നാളുകളിലേ രോഷത്തോടെ പ്രതികരിച്ച മുലായം പില്‍ക്കാലത്ത് അധഃസ്ഥിതരുടെയും പിന്നോക്കക്കാരുടെയും നേതാവായിമാറി.

സോഷ്യലിസ്റ്റ് നേതാവ് രാംമനോഹര്‍ ലോഹ്യയുടെ ആശയങ്ങളില്‍ ആകൃഷ്ടനായാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് വന്നത്. ഇറ്റാവയിലെ കര്‍മക്ഷേത്ര കോളേജ് വിദ്യാര്‍ഥിയായിരിക്കെ ലോഹ്യയുടെ പത്രാധിപത്യത്തിലുള്ള ‘ജാന്‍’ പത്രം രാഷ്ട്രീയചിന്തകളെ പിടിച്ചുലച്ചു. മുലായം ആഗ്ര സര്‍വകലാശാലയില്‍ നിന്ന് ബിടി ബിരുദവും രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. മണിപുരി ജയ്ന്‍ കോളേജില്‍നിന്ന് രാഷ്ട്രതന്ത്രത്തില്‍ എംഎ. ആഗ്ര യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിടി. കുറച്ചു കാലം കര്‍ഹാലില്‍ ജയിന്‍ ഇന്റര്‍ കോളേജില്‍ അധ്യാകപനുമായി.

1960കളുടെ ആരംഭത്തില്‍ ഇറ്റാവ ഡിഗ്രി കോളേജ് യൂണിയന്‍ പ്രസിഡന്റായ മുലായം പിന്നീട് സംസ്ഥാന ലോക്ദള്‍ അധ്യക്ഷനായി. അത് പിളര്‍ന്ന് ജനതാദള്‍ രൂപംകൊണ്ടപ്പോഴും അധ്യക്ഷന്‍. യുപി നിയമസഭയിലെ പ്രായംകുറഞ്ഞ അംഗമെന്ന ഖ്യാതിയും മുലായത്തിന്. 1977ല്‍ ആദ്യമായി രാംനരേഷ് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാ മന്ത്രിസഭയില്‍ അംഗമായി.

സഹകരണ സ്ഥാപനങ്ങളില്‍ പിന്നോക്ക സംവരണം നേടിക്കൊടുക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത് ആ കാലയളവിലാണ്. 1974, 77ലും തുടര്‍ ജയങ്ങള്‍. ബിജെപി പിന്തുണയോടെ 1989ല്‍ മുഖ്യമന്ത്രിയായെങ്കിലും അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് സഖ്യം തകര്‍ന്നു. ഇന്ത്യയെ മുറിവേല്‍പ്പിക്കാന്‍ എല്‍ കെ അദ്വാനി രഥയാത്ര ആരംഭിച്ചപ്പോള്‍ അയോധ്യയില്‍ കടക്കാന്‍ വിടില്ലെന്ന് മുലായം പ്രഖ്യാപിച്ചത് രാജ്യത്തിനാകെ ആവേശമായി. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായുള്ള സഖ്യ പരീക്ഷണങ്ങള്‍ക്ക് മുലായം പലപ്പോഴും ആത്മാര്‍ഥമായി മുന്നിട്ടിറങ്ങിയെങ്കിലും വിജയിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News