പല്ലു തേയ്ക്കുമ്പോൾ രക്തം പൊടിയുന്നുണ്ടോ,വായ്നാറ്റം ഉണ്ടോ? സൂക്ഷിക്കണം! മോണരോഗ വിദഗ്ധ ഡോ അനീറ്റ ബെന്നി

ആരോഗ്യമുള്ള ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ആരോഗ്യമുള്ള വായ. നമ്മുടെ തന്നെ ശ്രദ്ധ കുറവ് കൊണ്ട് വായിൽ ഉണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് മോണരോഗം. ആരംഭ​ദ​ശ​യിൽ മോണരോഗത്തിനു യാതൊ​രു രോഗ​ല​ക്ഷ​ണ​ങ്ങ​ളും ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. വായയുടെ വൃത്തിക്കുറവ് തന്നെയാണ് മോണരോഗത്തിന്റെ പ്രധാന കാരണം. അതോടൊപ്പം മറ്റെന്തൊക്കെയാണ് മോണരോഗത്തിൽ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.തീർത്ഥാസ് ടൂത് അഫയർ ഡെന്റൽ ക്ളനിക്കിലെ മോണരോഗ വിദഗ്ധ ഡോ അനീറ്റ ബെന്നി എഴുതുന്നു.

വായയുടെ വൃത്തിക്കുറവ് തന്നെയാണ് മോണരോഗത്തിന്റെ പ്രധാന കാരണം എന്ന് പറഞ്ഞല്ലോ.അതോടൊപ്പം പുകവലി ,പ്രമേഹം,വൈറ്റമിന്റെ അഭാവം,രോഗപ്രതിരോധശേഷിക്കുറവ്,ഗര്ഭധാരണം,ചില മരുന്നുകളുടെ ഉപയോഗം,ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയും മോണരോഗത്തിന് കാരണമാകാം.ശരിയായ രീതിയില്‍ ബ്രഷ് ചെയ്യാത്തതിനാല്‍ പല്ലുകള്‍ക്കിടയിലും മോണയുടെ ഉള്ളിലും plaque അടിഞ്ഞു കൂടി അത് മോണ പഴുപ്പിന് കാരണമായി തീരുന്നു. ക്രമേണ പഴുപ്പ് എല്ലുകളെ ബാധിച്ചു പല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കാന്‍ ഇടയാവുകയും ചെയ്യുന്നു.

പല്ലിൽ പതിവാ​യു​ണ്ടാ​കുന്ന ബാക്‌ടീ​രി​യ​യു​ടെ ഒരു നേർത്ത ആവരണ​മായ ഡെന്‍റൽപ്ലാ​ക്കാണ്‌ മോണരോഗത്തിനുള്ള ഒരു സാധാ​ര​ണ​കാ​രണം.പ്ലാക്ക് നീക്കം ചെയ്യു​ന്നി​ല്ലെ​ങ്കിൽ അത്‌ കട്ടിയുള്ള കക്കയായി രൂപപ്പെടുകയും പിന്നീട് മോണപഴുപ്പിന് കാരണമാകുകയും ചെയ്യാം.
മോണ​ക​ളി​ലു​ണ്ടാ​കുന്ന രക്തസ്രാ​വം മോണരോഗത്തിന്റെ ആദ്യ ഘട്ടം തിരി​ച്ച​റി​യാ​നുള്ള ഒരു അടയാ​ള​മാ​ണ്. പല്ലു തേയ്‌ക്കു​മ്പോ​ഴോ, ഫ്‌ളോസ്‌ (ഒരു പ്രത്യേ​ക​തരം നൂൽ ഉപയോ​ഗിച്ച് പല്ലിനി​ട​യിൽനിന്ന് അവശി​ഷ്ടങ്ങൾ നീക്കം ചെയ്യൽ) ചെയ്യു​മ്പോ​ഴോ,കാരണം കൂടാ​തെ​ത​ന്നെ​യോ രക്തസ്രാവം ഉണ്ടാകാം.എന്നാല്‍ വേദന ഇല്ലാത്തതിനാല്‍ ആളുകള്‍ പലപ്പോഴും ഇതിനെ അവഗണിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇതുമൂലം മോണരോഗം കൂടുതല്‍ തീവ്രമായ അവസ്ഥയില്‍ എത്തി ചേരാന്‍ കാരണമാവുന്നു..

ആദ്യ ഘട്ടം ചികിൽസിക്കാതെ വരുമ്പോൾ രോഗിയില്‍ എല്ലു തേയ്മാനം മൂലം പല്ലുകള്‍ക്കിടയില്‍ വിടവ് വരാനും ഭക്ഷണം കുടുങ്ങാനും അതു മൂലം പല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കാനും കാരണമായി തീരാറുണ്ട്.അസ്ഥികൾ ദ്രവിക്കുന്നതോടെ പല്ലുകൾക്ക് ഇടയിൽ രൂപ​പ്പെ​ടുന്ന വിടവു​കൾ, വായ്‌നാ​റ്റം, പിന്നി​ലേക്കു മാറുന്ന മോണ (മോണ വളരെ​യേറെ പിന്നി​ലേക്കു വലിഞ്ഞ് പല്ലിനു നീളം​കൂ​ടു​ന്ന​താ​യി തോന്നി​ക്കുന്ന അവസ്ഥ എന്നിവയൊക്കെ ഉണ്ടായേക്കാം. മോണ​രോ​ഗം നിമി​ത്ത​o പല്ലുകൾക്കുണ്ടാകുന്ന ബലക്ഷയം പല്ല് നഷ്ടപ്പെ​ടു​ന്ന​തിനും , ഭക്ഷണം ചവച്ചരച്ചു കഴിക്കു​ന്ന​തി​നുപോലും തടസമാകാം.ആയതിനാൽ കൃത്യമായ രോഗ​നിർണ​യ​വും ചികി​ത്സ​യും മോണരോഗത്തിനു ആവശ്യമാണ്.

ആരംഭ​ഘ​ട്ട​ത്തി​ലാ​ണെ​ങ്കിൽ ഒരു സാധാരണ ക്‌ളീനിംഗിന്റെയും മൗത് വാഷിന്റെയും ആവശ്യമേ വരികയുള്ളു.എന്നാൽ മോണരോഗം മൂർഛിക്കുന്ന അവസ്ഥയിൽ നിങ്ങളു​ടെ മോണയ്‌ക്ക് ഉള്ളിലുള്ള പഴുപ്പ് നീക്കം ചെയ്യാൻ പലപ്പോഴും മോണ തുറന്ന് ചികിൽസിക്കേണ്ടതായി വരും.ഈ പ്രക്രിയ പല രോഗികളിലും ആശങ്ക ഉണ്ടാക്കുന്ന ഒന്നാണ്.ഇന്ന് മോണരോഗത്തിനുള്ള ഏറ്റവും നവീനമായ ചികിത്സ രീതിയാണ് ലേസർ ഉപയോഗിച്ചുള്ള ദന്ത ചികിത്സ അഥവാ ലേസർ തെറാപ്പി.

ലേസർ ചികിത്സ രീതി രോഗികളുടെ പല ആശങ്കകളും പരിഹരിക്കുന്നു എന്നതാണ് വാസ്തവം. മോണരോഗത്തിൽ ലേസർ ചികത്സയിലൂടെ മോണ തുറക്കാതെ തന്നെ അണുബാധ നീക്കം ചെയ്യാനാകും എന്നത് പ്രധാനപ്പെട്ട കാര്യമാണ്.അമിത രക്ത സ്രാവമില്ലാതെ,വേദന കുറച്ച്,മറ്റു പല അണുബാധ സാദ്ധ്യതകൾ ഇല്ലാതാക്കി ചികിത്സ നേടാനാകും എന്നത് രോഗിക്കും ചികില്സിക്കുന്ന ഡോക്ടർക്കും വലിയൊരു ആശ്വാസമാണ്.സർജറി ഒഴിവാകുന്നതോടെ തുന്നൽ ഇടേണ്ടി വരുന്നില്ല എന്നതും എടുത്ത് പറയേണ്ടതാണ്.ഏറ്റവും കുറഞ്ഞ സമയത്തിൽ രോഗമുക്തി നേടാനാകുന്നു എന്നതാണ് ലേസർ ചികിത്സയുടെ ഏറ്റവും വലിയ പ്രത്യേകത.

ശരിയായ രീതിയിലുള്ള പരിചരണവും ഒപ്പം എല്ലാ 6 മാസം കൂടുമ്പോഴും ദന്തഡോക്ടറെ സമീപിച്ചു പല്ലും മോണയും ക്ലീന്‍ ചെയ്യുക എന്നതും മോണരോഗം തടയാന്‍ വളരെ ഫലപ്രദമാണ്. മോണരോഗത്തെ അതിന്റെ തുടക്കത്തില്‍ തന്നെ ചികിത്സിക്കേണ്ടത് അനിവാര്യമാണ്..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here