പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എ അച്യുതന്‍ അന്തരിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന ബിലാത്തിക്കുളം അമൂല്യത്തില്‍ ഡോ.എ അച്യുതന്‍ (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖം മൂലം കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ തിങ്കള്‍ പകല്‍ 12നായിരുന്നു അന്ത്യം.

വിസ്‌കോണ്‍സ് സര്‍വകലാശാലയില്‍ നിന്ന് സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദവും മദ്രാസ് ഐഐടി യില്‍ നിന്ന് ഡോക്ടറേറ്റും നേടി. പൊതുമരാമത്ത് വകുപ്പിലും തൃശൂര്‍, തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജുകളിലും കോഴിക്കോട് റീജിയണല്‍ എഞ്ചിനിയറിങ് കോളേജിലും അധ്യാപകനായിരുന്നു. കലിക്കറ്റ് സര്‍വകലാശാലയില്‍ ഡീന്‍, അക്കാദമിക് സ്റ്റാഫ്, കോളേജ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

യുജിസി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് , കേരള സംസ്ഥാന പ്ലാനിങ് ബോര്‍ഡ് എന്നിവയുടെ വിദഗ്ദ സമിതികളിലും വിവിധ സര്‍വകലാശാലകളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫാക്കല്‍റ്റി, അക്കാദമിക് കൗണ്‍സില്‍ എന്നിവയിലും അംഗമായിരുന്നു.

പ്ലാച്ചിമട ജനകീയ അന്വേഷണ കമീഷന്‍, എന്‍ഡോസള്‍ഫാന്‍ അന്വേഷണ കമ്മീഷന്‍ തുടങ്ങിയവയില്‍ അംഗമായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാസ്ത്രഗതി, ഒരേ ഒരു ഭൂമി എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു .പത്ത് പുസ്തകങ്ങളും നൂറിലധികം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരിസ്ഥിതിപഠനത്തിന് ഒരാമുഖം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2014 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: സുലോചന. മക്കള്‍: ഡോ. അരുണ്‍ (കാനഡയില്‍ വിഎല്‍എസ്ഐ ഡിസൈന്‍ എന്‍ജിനീയര്‍), ഡോ. അനുപമ എ മഞ്ജുള (മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ പാത്തോളജി വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍). സഹോദരങ്ങള്‍: സത്യഭാമ (തൃശൂര്‍), ഡോ. എ ഉണ്ണികൃഷ്ണന്‍ ( നാഷനല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രാഫി ലാബ് ഡയറക്ടര്‍).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here