ADVERTISEMENT
മസാല ബോണ്ട് കേസില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക്. വിദേശവിനിമയ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് ഇഡി രണ്ടു വര്‍ഷം അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. രണ്ടു വര്‍ഷം അന്വേഷിച്ചിട്ടും കിട്ടാതിരുന്നിട്ടാണ് അന്ന് മന്ത്രിയായിരുന്ന തനിക്ക് ഇഡി സമന്‍സ് അയച്ചത്. അപ്പോഴും അന്വേഷണത്തെ എതിര്‍ത്തില്ല.
പക്ഷെ ഇക്കാര്യം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിനെയാണ് എതിര്‍ത്തത്. മൂന്നു ദിവസം മാത്രമുള്ളപ്പോളാണ് ആദ്യത്തെ സമന്‍സ് കിട്ടിയത്. അതിനാല്‍ അപ്പോള്‍ ഹാജരാകാന്‍ പറ്റില്ലെന്ന് അറിയിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ സമന്‍സ് കിട്ടി. അതില്‍ 12 സ്റ്റേറ്റ്മെന്റ്സാണ് ആവശ്യപ്പെട്ടത്. പത്തു വര്‍ഷക്കാലത്തെ ബാങ്ക് അക്കൗണ്ടും കാര്യങ്ങളും മക്കളുടേയും ഭാര്യയുടേയും ബാങ്ക് വിവരങ്ങളും, താന്‍ ഡയറക്ടറായിട്ടുള്ള കമ്പനികളുടെ സാമ്പത്തിക കാര്യങ്ങളുടെ രേഖകള്‍ അടക്കം സകലകാര്യങ്ങളും വേണമെന്നാണ് ആവശ്യപ്പെട്ടത്.
രണ്ടാഴ്ച കൊണ്ട് കേരളത്തിലെന്തെങ്കിലും പുതിയതായി നടന്നോ?, ഇഡി പുതിയതായി എന്തെങ്കിലും കണ്ടുപിടിച്ചോ?. കിഫ്ബി തന്നെ വന്നിട്ട് നാലുവര്‍ഷമല്ലേ ആയുള്ളൂ. ഈ പത്തുവര്‍ഷത്തെ അന്വേഷണം എന്തിനാണ്?. അതാണ് കോടതിയില്‍ പോയത്. അന്വേഷിക്കാന്‍ അവകാശമുണ്ടെന്നാണ് ഇഡി കോടതിയില്‍ പറഞ്ഞത്. തെറ്റ് ആരു ചെയ്താലും അന്വേഷിക്കാന്‍ അവകാശമുണ്ട്. പക്ഷെ എന്തും അന്വേഷിക്കാനും അതിന്റെ പേരില്‍ എന്തും ചെയ്യാനുമുള്ള അവകാശമൊന്നുമില്ല.
സ്വകാര്യതയെയും മൗലികാവകാശങ്ങളെയുമാണ് ഇഡി ലംഘിച്ചത്. അതാണ് കോടതിയും ചോദിച്ചത്. അതുകൊണ്ടാണ് കോടതി തുടര്‍ സമന്‍സ് അയക്കുന്നത് സ്റ്റേ ചെയ്തത്. എന്തിനാ ഇ ഡി ഈ പങ്കപ്പാടൊക്കെ കഴിക്കുന്നത്. ഫെമ ലംഘിച്ചിട്ടുണ്ടോ എന്നല്ലേ അന്വേഷിക്കുന്നത്. അത് റെഗുലേറ്ററായ റിസര്‍വ് ബാങ്കിനോട് ചോദിച്ചാല്‍ പോരേ?. അതുചോദിക്കുന്നതിന് പകരം റോവിങ് എന്‍ക്വയറി, വിരട്ടാനാ… അതു വേണ്ടട്ടോ… ആ പേടിയൊന്നുമില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു.
ഈ വിഷയത്തില്‍ ഇഡി പൂര്‍ണമായും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നടപടിയെടുത്തത്. രണ്ടു വര്‍ഷം അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. എന്താ ഇവര്‍ ചെയ്യുന്നത് 2500 കോടിയുടെ ഒറ്റനോട്ട് എണ്ണിയുണ്ടാക്കലാണോയെന്നും തോമസ് ഐസക്ക് ചോദിച്ചു. അന്വേഷണമെന്നും പറഞ്ഞ് ചോദിക്കുന്ന കാര്യങ്ങളാണ് ചോദിക്കുന്നത്. കിഫ്ബിയെക്കുറിച്ച് നിരന്തരം വാര്‍ത്തകളുണ്ടാക്കി, അതിനെ തകര്‍ക്കാനാണ് നീക്കം നടത്തുന്നതെന്നും തോമസ് ഐസക്ക് ആരോപിച്ചു. കേരളത്തില്‍ സ്വപ്നം കാണാന്‍ കഴിയാത്ത മാറ്റങ്ങളാണ് കിഫ്ബി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അതിന് തടയിടുകയാണ് ലക്ഷ്യമെന്നും തോമസ് ഐസക്ക് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.