ADVERTISEMENT
സംസ്ഥാനത്ത് നാളെ മുതൽ കർശന വാഹന പരിശോധന. വാഹനങ്ങളിൽ മൂന്ന് തലത്തിലുള്ള പരിശോധനയാകും ഉണ്ടാകുക. ഇന്ന് ചേർന്ന ഉന്നതതലയോഗത്തിൻറേതാണ് തീരുമാനം. വാഹനങ്ങളിലെ വേഗപ്പൂട്ടുകളിൽ കൃത്രിമം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിൻറെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണെന്ന് മന്ത്രി ആൻറണി രാജു വ്യക്തമാക്കി.വടക്കഞ്ചേരി അപകടത്തെ കുറിച്ചുള്ള റിപ്പോർട്ട് വിശദമായി പരിശോധിച്ചു. വേഗത നിയന്ത്രിക്കുന്ന ഉപകരണം അപകടത്തിൽപ്പെട്ട ബസിൽ നിന്നും എടുത്തു മാറ്റിയിരുന്നുവെന്നാണ് കണ്ടെത്തൽ.അനധികൃതമായി വാഹനത്തിൽ മാറ്റം വരുത്തിയവർക്കെതിരെ അന്വേഷണം നടത്തി ക്രിമിനൽ നടപടി എടുക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു പറഞ്ഞു.
ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. വാഹനങ്ങളിലെ വേഗപ്പൂട്ടുകളിൽ കൃത്രിമം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
സംസ്ഥാന വ്യാപകമായി നിലവിൽ നടക്കുന്ന ഓപ്പറേഷൻ ഫോക്കസ് ത്രീ പരിശോധന നാളെ മുതൽ കർശനമാക്കാനും തീരുമാനിച്ചു.ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എക്സൈസ് വകുപ്പുമായി ചേർന്ന് പരിശോധന നടത്തും.
ഏകീകൃത കളർകോഡ് ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും.രൂപമാറ്റം വരുത്തിയാലുള്ള പിഴ ഓരോ രൂപമാറ്റത്തിനും അയ്യായിരത്തിൽ നിന്നും 10000 രൂപയാക്കി ഈടാക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും.
വാഹനങ്ങൾക്ക് അനധികൃതമായി മാറ്റം വരുത്തുന്ന വർക്ക് ഷോപ്പ് ഉടമകൾക്കെതിരെ നടപടിയുണ്ടാകും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വാഹന പരിശോധന നടത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.