Hindi: ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ’!!!

‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ’ പറഞ്ഞുവരുന്നത് എന്താണെന്ന് മനസിലായിട്ടുണ്ടാവുമല്ലോ? രാജ്യത്ത് ഹിന്ദി(hindi) അറിയാത്തവര്‍ക്ക് ഇനിമുതൽ കേന്ദ്രസര്‍ക്കാര്‍ ജോലി അന്യമാക്കുന്ന വിവാദ ശുപാർശയുമായി എത്തിരിക്കുകയാണ് കേന്ദ്രം. തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിര്‍ബന്ധമാക്കണമെന്നാണ് അമിത് ഷാ അധ്യക്ഷനായ ഔദ്യോഗികഭാഷാ പാര്‍ലമെന്‍ററികാര്യ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഇത് നിലവിൽ വന്നാൽ കേന്ദ്ര റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ഹിന്ദിയില്‍ മാത്രമാക്കും.

കേന്ദ്രസര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഹിന്ദി നിര്‍ബന്ധമായി അറിഞ്ഞിരിക്കണമെന്ന് വ്യവസ്ഥ ചെയ്യും. ഫലത്തില്‍ ഹിന്ദിയിതര സംസ്ഥാനങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടും എന്നർത്ഥം. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ കത്തിടപാടുകളും ഹിന്ദിയിലാക്കും. കേന്ദ്രസര്‍ക്കാര്‍ പരിപാടികളുടെ ക്ഷണക്കത്തും പ്രസംഗവും ഹിന്ദിയിലായിരിക്കും. ഓഫീസുകളിലെ കംപ്യൂട്ടറുകള്‍ ഹിന്ദിയിലേക്ക് മാറ്റും.

ഒരു ഭാഷ, ഒരു മതം, ഒരു സംസ്കാരം എന്ന ആര്‍.എസ്.എസ് അജണ്ടയാണ് നടപ്പിലാക്കുന്നതെന്ന് ഇതിനോടകം വിമർശനം ഉയർന്നുകഴിഞ്ഞു. 22 ഔദ്യോഗിക ഭാഷകളുണ്ടായിട്ടും ഹിന്ദി അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര നീക്കം. വൈവിധ്യങ്ങൾക്ക് മുകളിൽ ഏകത്വം അടിച്ചേൽപ്പിക്കാനുള്ള നീക്കം മതരാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് ഒളിഞ്ഞും തെളിഞ്ഞും വ്യക്തം.

വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ തമ്മിൽ ഇംഗ്ലീഷിനുപകരം ഹിന്ദിയിൽ സംസാരിക്കണമെന്ന്‌ മുമ്പ്‌ അമിത്‌ ഷാ പ്രതികരിച്ചപ്പോൾ വലിയ പ്രതിഷേധമാണുയർന്നത്. അതിനെയൊക്കെ കാറ്റിൽപറത്തിയാണ് ഈ പുതിയ നീക്കം.. അല്ലെങ്കിലും പ്രതിഷേധിക്കുന്നവർക്ക് വിലങ്ങുവയ്ക്കാനല്ലേ നമ്മുടെ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനറിയൂ..

ശുപാർശകൾ കഴിഞ്ഞിട്ടില്ല കേട്ടോ… “മനപ്പൂർവം ഹിന്ദിയിൽ പ്രവർത്തിക്കാത്ത” സർക്കാർ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. ഇത്തരക്കാർക്ക് ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകും. മറുപടി തൃപ്തികരമല്ലെങ്കിൽ അവരുടെ വാർഷിക റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിക്കും. ജോലികളിൽ ഹിന്ദി പ്രാവീണ്യമുള്ളവർക്ക് പ്രത്യേകം അലവൻസ് നൽകാനും സമിതി ശുപാർശ ചെയ്യുന്നു.

ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിലെ ഹൈകോടതി മുതൽ കീഴ്കോടതികൾ വരെയുള്ള മറ്റു കോടതികൾ, ഔദ്യോഗിക രേഖകൾ എന്നിവയെല്ലാം ഹിന്ദിയിലേക്ക് മാറ്റണം -എന്നിവയാണ് ഭാഷാ സമിതിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലെ ചില ശുപാർശകൾ.

കേന്ദ്ര സർവകലാശാലകളും സാങ്കേതിക–ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യയനത്തിനും മറ്റ്‌ പ്രവർത്തനങ്ങൾക്കും ഭാഷ ഹിന്ദിയാകും. ശുപാർശ നടപ്പായാൽ ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ് തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്രീയ വിദ്യാലയം, നവോദയ തുടങ്ങിയ സാങ്കേതിക ഇതര സ്ഥാപനങ്ങളിലും ഹിന്ദി നിർബന്ധമാകും.

ഒഴിച്ചുകൂടാനാകാത്തിടത്ത്‌ മാത്രമേ ഇംഗ്ലീഷ്‌ ഉപയോഗിക്കാവു. ഭാവിയിൽ അതും ഹിന്ദിക്ക്‌ വഴിമാറും. പ്രാദേശിക ഭാഷയ്‌ക്ക്‌ പ്രാധാന്യം നൽകണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശത്തിന്‌ കടകവിരുദ്ധമാണ്‌ പുതിയ ശുപാർശ. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ മെഡിക്കൽ പഠനം ഹിന്ദിയിലാക്കാൻ ശുപാർശ ചെയ്‌തിരുന്നു.സംസ്ഥാനങ്ങൾ ഹിന്ദി പ്രചാരണം ഭരണഘടനാ ബാധ്യതയായി കാണണമെന്നും ശുപാർശയിലുണ്ട്‌.

എന്തായാലും പ്രതിഷേധങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ആ വൈവിധ്യങ്ങൾ കോർത്തിണക്കിയാവണം രാജ്യത്തിൻറെ മുന്നോട്ടുള്ളപോക്കും. അല്ലാതെയുള്ള ഏതുതരം അടിച്ചേൽപ്പിക്കൽ ശ്രമങ്ങളും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here