മാനവികതയിലൂന്നിയ ലളിത ജീവിതത്തിനുടമയായിരുന്നു ഡോ.എ അച്ചുതൻ മാഷ്‌ : ഡോ. ബി ഇക്ബാല്‍

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനും പരിസ്ഥിതി സംരക്ഷണത്തിലധിഷ്ഠിതമായ വികസനത്തിനു വേണ്ടി നിരന്തരം ശബ്ദം ഉയർത്തിയ പരിസ്ഥിതി ശാസ്ത്രജ്ഞനുമായിരുന്നു ഡോ.എ അച്ചുതൻ മാഷെന്ന് ഡോ.ബി ഇക്ബാല്‍. മാനവികതയിലൂന്നിയ ലളിത ജീവിതത്തിനുടമയായിരുന്നു മാഷെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

കേരള സമൂഹത്തിൽ പരിസ്ഥിതിബോധം വളർത്തുന്നതിൽ വലിയ സംഭാവന ചെയ്ത ഡോ.എ അച്ചുതൻ മാഷ്‌ വിട പറഞ്ഞു.. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനും പരിസ്ഥിതി സംരക്ഷണത്തിലധിഷ്ഠിതമായ വികസനത്തിനു വേണ്ടി നിരന്തരം ശബ്ദം ഉയർത്തിയ പരിസ്ഥിതി ശാസ്ത്രജ്ഞനുമായിരുന്നു. മാനവികതയിലൂന്നിയ ലളിത ജീവിതത്തിനുടമയായിരുന്നു മാഷ്‌. ഞാൻ ഗുരുതുല്യനായി കരുതിയിരുന്ന അചുതൻ മാഷിനു കൂപ്പുകൈകളോടെ ആദരവ്‌ അർപ്പിക്കട്ടെ..

പരിസ്ഥിതി പ്രവർത്തകൻ ഡോ. എ അച്യുതൻ അന്തരിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന ബിലാത്തിക്കുളം അമൂല്യത്തിൽ ഡോ.എ അച്യുതൻ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖം മൂലം കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ തിങ്കൾ പകൽ 12നായിരുന്നു അന്ത്യം.

വിസ്‌കോൺസ് സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും മദ്രാസ് ഐഐടി യിൽ നിന്ന് ഡോക്ടറേറ്റും നേടി. പൊതുമരാമത്ത് വകുപ്പിലും തൃശൂർ, തിരുവനന്തപുരം എൻജിനിയറിങ് കോളേജുകളിലും കോഴിക്കോട് റീജിയണൽ എഞ്ചിനിയറിങ് കോളേജിലും അധ്യാപകനായിരുന്നു. കലിക്കറ്റ് സർവകലാശാലയിൽ ഡീൻ, അക്കാദമിക് സ്റ്റാഫ്, കോളേജ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.

യുജിസി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് , കേരള സംസ്ഥാന പ്ലാനിങ് ബോർഡ് എന്നിവയുടെ വിദഗ്ദ സമിതികളിലും വിവിധ സർവകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസ്, ഫാക്കൽറ്റി, അക്കാദമിക് കൗൺസിൽ എന്നിവയിലും അംഗമായിരുന്നു.

പ്ലാച്ചിമട ജനകീയ അന്വേഷണ കമീഷൻ, എൻഡോസൾഫാൻ അന്വേഷണ കമ്മീഷൻ തുടങ്ങിയവയിൽ അംഗമായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശാസ്ത്രഗതി, ഒരേ ഒരു ഭൂമി എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു .പത്ത് പുസ്തകങ്ങളും നൂറിലധികം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരിസ്ഥിതിപഠനത്തിന് ഒരാമുഖം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2014 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: സുലോചന. മക്കൾ: ഡോ. അരുൺ (കാനഡയിൽ വിഎൽഎസ്‌ഐ ഡിസൈൻ എൻജിനീയർ), ഡോ. അനുപമ എ മഞ്ജുള (മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ പാത്തോളജി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ). സഹോദരങ്ങൾ: സത്യഭാമ (തൃശൂർ), ഡോ. എ ഉണ്ണികൃഷ്ണൻ ( നാഷനൽ ഫിസിക്കൽ ഓഷ്യാനോഗ്രാഫി ലാബ് ഡയറക്ടർ).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here