ശിവസേന ഉദ്ദവ് വിഭാഗത്തിന് തീപ്പന്തം ചിഹ്നം അനുവദിച്ചു

ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന് ജ്വലിക്കുന്ന തീപ്പന്തം തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ശിവസേന (ഉദ്ധവ് ബാലാ സാഹേബ് താക്കറെ) എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിക്ക് അനുവദിച്ച പേര്. ഷിൻഡേ വിഭാ​ഗം പാർട്ടിക്ക് ബാലാ സാഹേബ്ജി ശിവസേന എന്ന പേരാണ് അനുവദിച്ചത്.

ത്രിശൂലം, ഉദയ സൂര്യൻ, ഗദ എന്നിവ താക്കറെ വിഭാഗത്തിന് ചിഹ്നങ്ങളായി അനുവദിക്കാൻ കമ്മീഷൻ വിസമ്മതിച്ചു. ഇവ സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിൽ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിസമ്മതിച്ചത്.

അതേസമയം ഏകനാഥ് ഷിൻഡെ വിഭാഗത്തിന്റെ ചിഹ്നം സംബന്ധിച്ച് കമ്മീഷൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഈ മാസം 11നകം മൂന്ന് പുതിയ ചിഹ്നങ്ങളുടെ ലിസ്റ്റ് നൽകാൻ ഷിൻഡെ ക്യാമ്പിനോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അമ്പും വില്ലും ചിഹ്നം മരവിപ്പിച്ചതിന് പിന്നാലെ അന്ധേരി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പേരുകളും ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ കഴിഞ്ഞ ദിവസം ശിവസേന ഉദ്ധവ് താക്കറേ പക്ഷം സമർപ്പിച്ചിരുന്നു. ത്രിശൂലം, ഉദയ സൂര്യൻ എന്നീ ‌രണ്ട് ചിഹ്നങ്ങളാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ശിവസേന ബാലസാഹേബ് താക്കറേ, ശിവസേന ഉദ്ധവ് ബാലസാഹേബ് താക്കറേ എന്നീ പേരുകളും സമർപ്പിച്ചിരുന്നു.

ചിഹ്നത്തെ ചൊല്ലി ഉദ്ധവ് താക്കറേ- ഏക്‌നാഥ് ഷിൻഡേ പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പു കമ്മീഷന്‍ ശിവസേന ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ചത്. തുടർന്ന് മൂന്ന് പേരുകളും ചിഹ്നങ്ങളും അടങ്ങിയ പട്ടിക സമര്‍പ്പിക്കാന്‍ ഇരു കൂട്ടര്‍ക്കും തെരഞ്ഞെടുപ്പു കമ്മീഷൻ നിര്‍ദേശം നല്‍കി.

തെരഞ്ഞെടുപ്പു കമ്മീഷന്റെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇരു പക്ഷത്തിനും പുതിയ പേരുകളും ചിഹ്നങ്ങളും തിരഞ്ഞെടുക്കേണ്ടി വരുന്നത്. 1989ലാണ് ശിവസേനയ്ക്ക് അമ്പും വില്ലും ചിഹ്നം ലഭിക്കുന്നത്. അതിന് മുന്‍പ് വാളും പരിചയും, തെങ്ങ്, റെയില്‍വേ എന്‍ജിന്‍ തുടങ്ങിയ ചിഹ്നങ്ങളിലാണ് ശിവസേന തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News