കൊച്ചിയില്‍ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയില്‍ നിക്ഷേപം നടത്തുന്നതിന് മുന്‍കൈ എടുക്കും; വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍

കൊച്ചിയില്‍ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയില്‍ നിക്ഷേപം നടത്തുന്നതിന് കമ്പനികളുമായി ചര്‍ച്ച ചെയ്യുന്നതിന് ആവശ്യമായ മുന്‍കൈ എടുക്കാമെന്ന് വെയില്‍സിന്റെ ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ക് ഡ്രാക് ഫോഡ് കേരളത്തില്‍ നിന്നുള്ള മന്ത്രിതല പ്രതിനിധി സംഘത്തോട് പറഞ്ഞു.

കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറിലെ വിദ്യാര്‍ത്ഥികളും ഫാക്കല്‍റ്റികളുമായി സംഘം ആശയവിനിമയം നടത്തി. കൊച്ചിയുടെ നഗരവല്‍ക്കരണം നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആധികാരികമായ പഠനം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തിയിട്ടുണ്ട്. അതിനെ ആധാരമാക്കിയ കണ്ടെത്തലുകള്‍ അവര്‍ പ്രതിനിധി സംഘത്തിനു മുമ്പില്‍ അവതരിപ്പിച്ചു.

കൊച്ചി നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍, ശബ്ദമലിനീകരണം, ജലമലിനീകരണം, ഗതാഗത പ്രശ്‌നങ്ങള്‍, കാല്‍നട യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങള്‍, നഗരം വളരുന്നതുമായി ബന്ധപ്പെട്ട് ബൈപ്പാസ് അഭിമുഖീകരിക്കുന്ന പുതിയ പ്രശ്‌നങ്ങള്‍, ജൈവ വൈവിധ്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഇത്തരം കാര്യങ്ങളെല്ലാം പഠനത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

അവ സംബന്ധിച്ചുള്ള തുടര്‍ ചര്‍ച്ചകള്‍ ജനുവരിയില്‍ കേരളത്തില്‍ നടത്താന്‍ ധാരണയായി. കേരളത്തിലെ പ്ലാനിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും സര്‍വ്വകലാശാലയിലെ ഇതുമായി ബന്ധപ്പെട്ട വകുപ്പുകളും സംയുക്തമായി ഇത്തരം പദ്ധതികള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ യൂണിവേഴ്‌സിറ്റി താല്‍പര്യം പ്രകടിപ്പിച്ചു. ജനുവരിയിലെ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ആവശ്യമായ രൂപം നല്‍കാനും ധാരണയായി.

വെയില്‍സിലെ ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ക് ഡ്രാക് ഫോഡ്, ആരോഗ്യ മന്ത്രി എലുന്റ് മോര്‍ഗന്‍ എന്നിവരുമായി ആരോഗ്യ രംഗത്തെക്കുറിച്ച് ചര്‍ച്ച നടത്തി. കേരളത്തില്‍നിന്ന് ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളെ വെയില്‍സിലേക്ക് കൊണ്ടുവന്ന് അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനായി സര്‍ക്കാരുമായി നേരിട്ട് ധാരണാപത്രം ഒപ്പുവെക്കാന്‍ തീരുമാനിച്ചു. അടുത്തവര്‍ഷം ഈ സമയത്തോടുകൂടി ആ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ ബാച്ച് വെയില്‍സിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി സൂചിപ്പിക്കുകയുണ്ടായി.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, വേണു രാജാമണി, ഡെപ്യൂട്ടി ഹൈകമ്മീഷണര്‍, വെയില്‍സിലെ ഓണറി കമ്മീഷണര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News