VK Sanoj: ചരിത്രത്തെ അപനിർമ്മിച്ചു കൊണ്ടാണ് ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയം നിലയുറപ്പിക്കുന്നത്: വി കെ സനോജ്

ബെംഗളൂരു – മൈസൂരു ടിപ്പു എക്സ്പ്രസിന്റെ പേര് വോഡയാർ എക്സ്പ്രസ് എന്നാക്കി മാറ്റിയ ദക്ഷിണ റെയിൽവേയുടെ നടപടിയില്‍ പ്രതികരിച്ച് ഡിവൈഎഫ്ഐ(dyfi) സംസ്ഥാന സെക്രട്ടറി വികെ സനോജ്(vk sanoj). ചരിത്രത്തെ അപനിർമ്മിക്കുകയും നുണ പ്രചരിപ്പിക്കുകയും ചെയ്ത് കൊണ്ടാണ് ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയം നിലയുറപ്പിക്കുന്നതെന്നും വികെ സനോജ് വിമർശിച്ചു.

ദേശീയ സമര കാലത്തെ ബ്രിട്ടീഷ് പാദസേവ എന്ന പോലെ ദേശീയ പ്രസ്ഥാനങ്ങളുടെ മുൻപും ബ്രിട്ടീഷ് വിരുദ്ധ സമരം നയിച്ചവർ ഹിന്ദുത്വയുടെ ശത്രു പക്ഷത്താണ്. അതിന്റെ ഒടുവിലത്തെ ഉദാഹരമാണ് ടിപ്പു സുൽത്താനെ തമസ്‌കരിക്കാനുള്ള നീക്കങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

”വിട്ടുവീഴ്ച്ചയില്ലാത്ത ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ പേരിൽ തന്നെയാണ് ഇന്ത്യ മഹാരാജ്യത്തിന്റെ ഭരണ ഘടനയുടെ കൈയ്യെഴുത്ത് പ്രതിയുടെ പതിനാറാം പേജിൽ ടിപ്പുവിന്റെ ചിത്രം വരച്ചു ചേർത്തത്. ഈ ടിപ്പു സുൽത്താനെയാണ് ആധുനിക കാലത്തെ മത ഭ്രാന്തന്മാർ അപനിർമ്മിക്കപ്പെട്ട ചരിത്രത്തിന്റെ പേരിൽ മറവികളിലേക്ക് മാറ്റി നിർത്താൻ ശ്രമിക്കുന്നത്”, വികെ സനോജ് കൂട്ടിച്ചേർത്തു.

വികെ സനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്

ചരിത്രത്തെ അപനിർമ്മിക്കുകയും ചരിത്രത്തിൽ പങ്ക് ചേരാത്ത തങ്ങളുടെ ആശയ ഗതികളെ പിന്നീട് കൂട്ടി ചേർക്കുകയും നുണ പ്രചരിപ്പിക്കുകയും ചെയ്ത് കൊണ്ടാണ് ലോകത്തെവിടേയും മതസ്വത്വ രാഷ്ട്രീയം വേരുറപ്പിച്ചിട്ടുള്ളത്. ഇന്ത്യയിലും ഹിന്ദുത്വ രാഷ്ട്രീയം ഇതേ വഴിയിൽ കൂടി നിലയുറപ്പിക്കുകയാണ്.

ദേശീയ സമര കാലത്തെ ബ്രിട്ടീഷ് പാദസേവ എന്ന പോലെ ദേശീയ പ്രസ്ഥാനങ്ങളുടെ മുൻപും ബ്രിട്ടീഷ് വിരുദ്ധ സമരം നയിച്ചവർ ഹിന്ദുത്വയുടെ ശത്രു പക്ഷത്താണ്. അതിന്റെ ഒടുവിലത്തെ ഉദാഹരമാണ് ടിപ്പു സുൽത്താനെ തമസ്‌കരിക്കാനുള്ള നീക്കങ്ങൾ.
ബെംഗളൂരു – മൈസൂരു ടിപ്പു എക്സ്പ്രസിന്റെ പേര് വോഡയാർ എക്സ്പ്രസ് എന്നാക്കി മാറ്റിയിയിരിക്കുകയാണ് ദക്ഷിണ റെയിൽ വേ.
ടിപ്പു എക്സ്പ്രസിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് മൈസൂരിലെ ബിജെപി എം.പി പ്രതാപ് സിംഹ റെയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ടിപ്പു സുൽത്താൻ അടക്കം ഒരു രാജാവും ഒരു ആധുനിക ജനാധിപത്യ
ദേശ രാഷ്ട്രത്തിൽ മാതൃകയാക്കേണ്ടുന്ന വ്യക്തിത്വങ്ങളല്ല. എന്നാൽ വ്യക്തികളെ കാലത്തിലൂടെ വായിക്കുമ്പോൾ ഇന്ത്യൻ ചരിത്രത്തിൽ ടിപ്പുവിനോളം ബ്രിട്ടീഷ് വിരുദ്ധ സമരം നടത്തിയ മറ്റൊരു രാജാവുമില്ല. കേരളത്തിൽ അടക്കം പല നാട്ടു രാജ്യങ്ങളും ബ്രിട്ടീഷുകാരോട് സന്ധി ചെയ്ത് സാമന്ത ഭരണം നടത്തിയ കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് മരണം വരെ സന്ധിയില്ലാ സമരം നടത്തി രക്ത സാക്ഷിത്വം വരിച്ച ധീരനായ ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ.

പിൽകാല അപനിർമിത ചരിത്രത്തിൽ ടിപ്പുവിനെ ഇസ്ലാമിക മൗലിക വാദിയായ മത ഭ്രാന്തനും ഹിന്ദു വിരുദ്ധനുമാക്കാൻ രാഷ്ട്രീയ ഹിന്ദുത്വത്തിന് സാധിച്ചു. എന്നാൽ തീർത്തും ചരിത്ര വിരുദ്ധമായതും വസ്തുതാ വിരുദ്ധവുമായ സവർണ്ണ സ്വപ്നങ്ങളല്ലാതെ ടിപ്പുവിനെ ഹിന്ദു വിരുദ്ധനക്കാനുള്ള യാതൊരു തെളിവുകളുമില്ല.
മലബാറിലെ സമ്പത്തിന്റെ കലവറകളായിരുന്ന ക്ഷേത്ര സങ്കേതങ്ങളും സവർണ്ണ ജന്മിമാരേയും ടിപ്പു ആക്രമിച്ചപ്പോൾ തന്നെ മൈസൂരിലെ ശൃംഗേരി മഠത്തിന് കൈയ്യഴിഞ്ഞ സഹായം നൽകിയ ആളാണ് ടിപ്പു. ക്ഷേത്രങ്ങൾ സമ്പത്തിന്റെ കേന്ദ്രമായപ്പോ സമ്പത്ത് കെക്കലാക്കാൻ ഹിന്ദു രാജാക്കൻ മാരും ക്ഷേത്രങ്ങൾ കൊള്ളയിച്ചിട്ടുണ്ട്.

എന്നാൽ ഇന്നും ശൃംഗേരി മഠത്തിലെ ബ്രാഹ്മണ സന്യാസിമാർ ടിപ്പുവിനെ ആരാധനയോടെയാണ് കാണുന്നത്. ടിപ്പു യുദ്ധം ചെയ്തത് മലബാറിലെ ഹിന്ദുക്കളോട് മാത്രമല്ല ഹൈദ്രബാദിലെ മുസ്ലീം നൈസാമിനോട് കൂടിയാണ്. ചരിത്രത്തിൽ സമ്പത്തിനായി ചെയ്ത യുദ്ധങ്ങൾ മത വിരുദ്ധമായി ചിത്രീകരിക്കുകയാണ് സവർണ്ണ ഹിന്ദുത്വം ചെയ്തത്. ആന്റമാനിലെത്തി മാപ്പെഴുതുന്ന ഭീരു സവർക്കറായി മാറും മുന്നേ വി.ഡി സവർക്കർ തന്റെ പുസ്തകത്തിൽ ബ്രിട്ടീഷ് വിരുദ്ധ യുദ്ധത്തിന്റെ പേരിൽ പ്രകീർത്തിച്ച ആളാണ് ടിപ്പു സുൽത്താൻ.

ഈ വിട്ടു വീഴ്ച്ചയില്ലാത്ത ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ പേരിൽ തന്നെയാണ് ഇന്ത്യ മഹാരാജ്യത്തിന്റെ ഭരണ ഘടനയുടെ കൈയ്യെഴുത്ത് പ്രതിയുടെ പതിനാറാം പേജിൽ ടിപ്പുവിന്റെ ചിത്രം വരച്ചു ചേർത്തത്.
ഈ ടിപ്പു സുൽത്താനെയാണ് ആധുനിക കാലത്തെ മത ഭ്രാന്തന്മാർ അപനിർമ്മിക്കപ്പെട്ട ചരിത്രത്തിന്റെ പേരിൽ മറവികളിലേക്ക് മാറ്റി നിർത്താൻ ശ്രമിക്കുന്നത്.

ബ്രിട്ടീഷുകാരോട് പല ഘട്ടങ്ങളിലും സന്ധി ചെയ്ത് കമ്പനി സഹായത്തോടെ അയൽ നാട്ടു രാജ്യങ്ങളോട് യുദ്ധം ചെയ്ത പല രാജാക്കന്മാരും ഹിന്ദു രാജാക്കന്മാർ ആണെന്ന കാരണത്താൽ പിൽകാലം സ്വാതന്ത്ര പോരാളികളായി വാഴ്‌ത്തുമ്പോഴാണ് പതിനെട്ടാം നൂറ്റാണ്ടിൽ തീർത്തും ആധുനികമായ ഭരണ പാടവത്തോടെ അടിയുറച്ച സാമ്രാജ്യത്വ വിരുദ്ധനായി നിലകൊണ്ട് മരണം വരെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം നയിച്ച മറ്റൊരു രാജാവിനെ മതത്തിന്റെ പേരിൽ തിരസ്കരിക്കാൻ ഉള്ള ശ്രമങ്ങൾ ഭരണംകൂടം തന്നെ നടത്തുന്നത്. ഈ വർഗ്ഗിയ രാഷ്ട്രീയം പ്രതിരോധിക്കേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News