Amitabh Bachchan: പിറന്നാള്‍ ദിനത്തില്‍ അര്‍ദ്ധരാത്രിയില്‍ ആരാധകരെ അഭിവാദ്യം ചെയ്ത് ബിഗ് ബി

മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ അര്‍ദ്ധരാത്രിയില്‍ ആരാധകരെ അഭിവാദ്യം ചെയ്ത് ബി ഗ് ബി. പിറന്നാള്‍ ദിനത്തില്‍ സൂപ്പര്‍സ്റ്റാറിനെ ഒരു നോക്ക് കാണാന്‍ അദ്ദേഹത്തിന്റെ മുംബൈയിലെ വീടായ ജല്‍സയ്ക്കു മുന്നില്‍ നിരവധി പേരാണ് തടിച്ചു കൂടിയത്. അപ്രതീക്ഷിതമായിട്ടാണ് അര്‍ദ്ധരാത്രിയില്‍ ബിഗ് ബി തന്റെ വീട്ടില്‍ നിന്ന് ഇറങ്ങി ആരാധകരെ അഭിവാദ്യം ചെയ്തത്

ജല്‍സയ്ക്ക് പുറത്ത് അമിതാഭ് ബച്ചന്‍ ആരാധകരെ കാണുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്ലിപ്പിംഗില്‍ മെഗാസ്റ്റാറിനൊപ്പം മകള്‍ ശ്വേത ബച്ചനെയും കാണാം. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആശംസകള്‍ നേര്‍ന്നത്.

ലോക സിനിമാസ്വാദകരുടെ സ്വന്തം ബിഗ് ബി; അമിതാഭ്ബച്ചന് ഇന്ന് എൺപതാം പിറന്നാൾ

ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരത്തിന് എൻപതാം പിറന്നാൾ(birthday). വേഷപ്പകർച്ചകൾ കൊണ്ടും സമാനതാകളില്ലാത്ത അഭിനയ മികവുകൊണ്ടും ഇന്ത്യൻ സിനിമയിൽ അമിതാഭ്ബച്ചൻ(Amitabh Bachchan) എന്നത് ഒരു കാലഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. എഴുപതുകളും എണ്‍പതുകളും തൊണ്ണൂറുകളുടെ ആദ്യപകുതിയും ചേര്‍ന്ന കാല്‍നൂറ്റാണ്ടുകാലം അമിതാഭ് ഇന്ത്യന്‍ ജനതയുടെ ഹൃദയസ്പന്ദനമായിരുന്നു.

ക്ഷോഭിക്കുന്ന യുവാക്കളും കഠിനാദ്ധ്വാനം ചെയ്യുന്ന കൂലിവേലക്കാരും നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരും പ്രണയംകൊണ്ടു ഉള്ളുനിറഞ്ഞ കാമുകന്മാരും തങ്ങള്‍ തന്നെയാണ് വെള്ളിത്തിരയിലെ ആ ആറടി രണ്ടിഞ്ചുകാരനെന്നു കരുതി. തുടര്‍ന്നുവന്ന മറ്റൊരു കാല്‍നൂറ്റാണ്ടുകാലം അമിതാബചൻ ഇന്ത്യൻ സിനിമയിലെ അതികായന്‍ മാത്രമല്ല, രാജ്യത്തിന്റെ സംസ്‌കൃതിയുടെതന്നെ ഭാഗമായിത്തീര്‍ന്നു.

പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്റായ് ബച്ചന്റെയും സാമൂഹിക പ്രവർത്തകയായ തേജി ബച്ചന്റെയും മകനായി 1942 ഒക്ടോബർ 11-നു ഉത്തർപ്രദേശിലെ അലഹബാദിലാണ് ബച്ചന്റെ ജനനം. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇൻക്വിലാബ് ശ്രീവാസ്തവ എന്നായിരുന്നു അദ്ദേഹത്തിന് നാമകരണം ചെയ്തിരുന്നത്.

പിന്നീട് ‘ഒരിക്കലും അണയാത്ത വെളിച്ചം’ എന്നർത്ഥം വരുന്ന അമിതാഭ് എന്ന് പേരിടുകയായിരുന്നു. തന്റെ പേരിന്റെ അർത്ഥം ശരിവെക്കുന്ന രീതിയിൽ ലോക സിനിമയിലെ അണയാത്ത വെളിച്ചമായി 80ന്റെ നിറവിലും അമിതഭ് ജ്വലിക്കുക്കുകയാണ്.

സിനിമ സ്വപ്നം കണ്ടിരുന്ന അമിതാബ് എന്ന യുവാവിന് തുടക്കകാലത്ത് തന്റെ ശബ്ദവും ഉയരവും സിനിമയില്‍ അവസരം കിട്ടാന്‍ പ്രതികൂലഘടകങ്ങളായിരുന്നു. എന്നാൽ പില്‍ക്കാലത്ത് അതേ ശബ്ദവും ഉയരവും തന്റെ താരപദവിയിലേക്കുള്ള വളര്‍ച്ചയില്‍ ബച്ചന് നിര്‍ണായക ഘടകങ്ങളായി മാറി.. 1969 ല്‍ മൃണാള്‍ സെന്നിന്റെ ഭുവന്‍ഷോം എന്ന ചിത്രത്തിന് ശബ്ദം നല്‍കി തുടങ്ങിയ ജൈത്രയാത്ര 47 വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരുപിടി മികച്ച വേഷങ്ങളുമായി ഇപ്പോഴും തുടരുന്നു.

1969 ല്‍ സാത് ഹിന്ദുസ്ഥാനിയിലൂടെ അഭിനേതാവായി അരങ്ങേറിയ ബച്ചന്‍ രണ്ട് വര്‍ഷത്തിന് ശേഷം ഹൃഷികേശ് മുഖര്‍ജിയുടെ ആനന്ദില്‍ ഭാസ്‌കര്‍ ബാനര്‍ജിയായി തന്റെ മേല്‍വിലാസം ബോളിവുഡില്‍ രേഖപ്പെടുത്തി. പിന്നീട് ബച്ചന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ദീവാറിലേയും സഞ്ജീറിലേയും പ്രകടനങ്ങളിലൂടെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമായി ബച്ചന്‍. പിന്നെ എത്രയെത്ര സിനിമകൾ. എത്രയെത്ര വൈവിധ്യമാർന്ന കഥാപാത്രങ്ങൾ.

സഞ്ജീറിലെ ഇൻസ്പെക്ടർ വിജയ് ഖന്ന, ദീവാറിലെ വിജയ് വർമ്മ, മിലിയിലെ ശേഖർ ദയാൽ, കഭി കഭിയിലെ അമിതാഭ് മൽഹോത്ര, അമർ അക്ബർ ആന്റണിയിലെ ആന്റണി ഗോൺസാൽവസ്, സിൽസിലയിലെ അമിത് മൽഹോത്ര, ശക്തിയിലെ വിജയ് കുമാർ, കൂലിയിലെ ഇക്ബാൽ ഖാൻ, അഗ്നീപഥിലെ വിജയ് ദിനനാഥ് ചൗഹാൻ, ബൺടി ഔർ ബബ്ലിയിലെ ദശരഥ് സിംഗ്, ചീനി കമ്മിലെ ബുദ്ധദേബ് ഗുപ്ത, പികുവിലെ ഭാഷ്കർ ബാനർജി, അങ്ങനെ അര നൂറ്റാണ്ടിനിപ്പുറവും അമിതാഭിനെ കണ്ടും ആസ്വദിച്ചും നമുക്ക് മടുത്തിട്ടില്ല… ലോക സിനിമ ആസ്വാദകരുടെ സ്വന്തം ബിഗ് ബിക്ക്, ഇന്ത്യൻ സിനിമയുടെ പ്രായം തളർത്താത്ത ഷുഭിത യൗവ്വനത്തിന് ബോളിവുഡ് ഷഹൻഷാ അമിതാഭ് ബച്ചന് കൈരളിയുടെ പിറന്നാളാശംസകൾ..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here