Asokan Charuvil: മഴവില്‍ ബ്രാഹ്മണിസ്റ്റുകള്‍ കെ കെ കൊച്ചിനെ ദളിത് പരിസ്ഥിതിവാദവും ജനകീയപ്രശ്നങ്ങളും പഠിപ്പിക്കുന്നത് മാര്‍പ്പാപ്പയെ കുര്‍ബ്ബാന പഠിപ്പിക്കുന്നതു പോലെയാണ്

ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ചിനെതിരെ ദളിത് പരിസ്ഥിതിവാദികളായി ചമഞ്ഞ ബ്രാഹ്മണിസ്റ്റുകള്‍ നവമാധ്യമങ്ങളില്‍ ആക്രോശിച്ചു കൊണ്ടിരിക്കുകയാണെന്ന് അശോകന്‍ ചരുവില്‍. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സാമൂഹ്യപ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാരസമരത്തെ വിലയിരുത്തി എഴുതി എന്നതിനാണ് കെ കെ കൊച്ചിനെതിരെ സൈബര്‍ ആക്രമണം.
ചരിത്രവും വസ്തുതയുമറിയാത്ത സി.പി.ഐ.എം വിരോധം മാത്രം കൈമുതലുള്ള നിഷ്‌ക്കളങ്ക ശിശുക്കള്‍ കെ.കെ.കൊച്ചിനെതിരെ നടത്തുന്ന ഇന്നത്തെ സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും അശോകന്‍ചരുവില്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിന്റെ മനസ്സാക്ഷിക്കു മുന്നില്‍ ഉയര്‍ന്നു വന്നൊരു സമരമാണ് എന്‍ഡോള്‍ സള്‍ഫാന്‍ ദുരിതബാധിതരുടേത്. സംസ്ഥാനത്തിലെ ഒട്ടേറെ ശ്രേഷ്ഠ വ്യക്തിത്വങ്ങള്‍ ഇടപെട്ടതിന്റെ ഫലമായി കുറെ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അക്കമിട്ടു നിരത്തി ഇനി ചെയ്യേണ്ട കാര്യങ്ങള്‍ മുന്നോട്ടു വെയ്ക്കുകയാണ് ഉത്തരവാദപ്പെട്ടവര്‍ നിവേദനത്തിലൂടെ ചെയ്യേണ്ടത്. ഇവിടെയാകട്ടെ സര്‍ക്കാരിനെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പേരില്‍ പ്രതിക്കൂട്ടില്‍ നിറുത്താന്‍ കഴിയുന്ന നിവേദനമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഈ പ്രചരണത്തിന് വൈകാരികമായ ചൂടു പകരാനാണ് ദയാബായിയെ ഇറക്കുമതി ചെയ്തിരിക്കുന്നതെന്നാണ് കെ കെ കൊച്ച് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

അശോകന്‍ ചരുവിലിന്റെ ഫേസ്ബുക്ക് കുറിപ്പ്

കെ.കെ.കൊച്ചിനെതിരായ സൈബര്‍ ആക്രമണം നിര്‍ത്തുക.

കെ.കെ.കൊച്ചിനെതിരെ ദളിത് പരിസ്ഥിതിവാദികളായി ചമഞ്ഞ ബ്രാഹ്മണിസ്റ്റുകള്‍ നവമാധ്യമങ്ങളില്‍ ആക്രോശിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഒരു എഫ് ബി പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഈ ലേഖകനു നേരെയും ആക്രമണമുണ്ട്.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സാമൂഹ്യപ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാരസമരത്തെ വിലയിരുത്തി എഴുതി എന്നതാണത്രെ കെ.കെ.കൊച്ച് ചെയ്ത കുറ്റം. അദ്ദേഹം കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ആരോഗ്യപ്രശ്‌നത്തെ അവഗണിച്ചു എന്നും ദയാബായിയെ അപമാനിച്ചു (‘ആയമ്മ’) എന്നും വ്യാഖ്യാനിക്കാന്‍ ശ്രമമുണ്ട്.

ഏതാണ്ട് 2000 മുതല്‍ കേരളത്തിന്റെ മനസ്സാക്ഷിയില്‍ നീറി കൊണ്ടിരിക്കുന്ന ഒരു ജീവല്‍പ്രശ്‌നമാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടേത്. മാരകമായ ഒരു കീടനാശിനി സര്‍ക്കാരിന്റെ കൃഷിവകുപ്പാണ് പറങ്കിമാവിന്‍ തോട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തെളിച്ചത്. മണ്ണിലും ജലാശയങ്ങളിലും കലര്‍ന്ന ആ മാരകമായ വിഷം പിന്നീട് അവിടെ ജനിച്ച കുഞ്ഞുങ്ങളില്‍ ശാരീരികമായ വൈകല്യമുണ്ടാക്കി. 1998 മുതല്‍ ജനങ്ങളുടെ പ്രതിഷേധമുണ്ടായിരുന്നു.

2010 ഒക്ടോബറിലെ ജനീവ സമ്മേളനത്തില്‍ ഇന്ത്യയിലെ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ (മന്‍മോഹന്‍ സിംഗ്) എന്‍ഡോസള്‍ഫാന്‍ വിഷത്തെ പിന്തുണക്കുകയാണുണ്ടായത്. രാജ്യത്തെ യുവാക്കളുടെ പ്രധാന സംഘടനയായ ഡി.വൈ.എഫ്.ഐ. സുപ്രീം കോടതിയില്‍ അന്യായം ഫയല്‍ ചെയ്തു നടത്തിയ ധീരമായ നിയമപ്പോരാട്ടത്തെ തുടര്‍ന്ന് 2011 സെപ്തമ്പര്‍ 30നുണ്ടായ അന്തിമ വിധിയിലാണ് എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന്റെ ഉല്‍പ്പാദനവും വിതരണവും ഉപയോഗവും നിരോധിച്ചത്.

വിഷബാധയാല്‍ വൈകല്യവും രോഗങ്ങളും ബാധിച്ച മുഴുവന്‍ മനുഷ്യരേയും സൗജന്യമായി ചികത്സിക്കാനും അവര്‍ക്ക് ജീവിത സംരക്ഷണം നല്‍കാനും സര്‍ക്കാരിനു ബാധ്യതയുണ്ട്. അതിനുള്ള നിരവധി പരിപാടികള്‍ നടക്കുന്നു. ആ രംഗത്ത് പരിമിതികള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണം. അക്കാര്യത്തോടൊന്നും ഒരു വിയോജിപ്പും കെ.കെ.കൊച്ച് തന്റെ പോസ്റ്റില്‍ പ്രകടിപ്പിച്ചിട്ടില്ല.

എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചിലവില്‍ ദയാബായിയെ മുന്‍നിര്‍ത്തിക്കൊണ്ട് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന രാഷ്ട്രീയ നാടകത്തെ അദ്ദേഹം കൃത്യമായി അപഗ്രഥിച്ചു. നടീനടന്മാരില്‍ പലരുടേയും മുഖമൂടി അഴിഞ്ഞു പോയി. അതിന്റെ ഭാഗമായ ആക്രമണമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ നടക്കുന്നത്.

ഇടതുപക്ഷ സര്‍ക്കാരിന്റെ സ്ഥാനമാനങ്ങളും പുരസ്‌കാരവും മോഹിച്ചാണ് കെ.കെ.കൊച്ച് തിരുവനന്തപുരത്തെ സമരത്തെ വിമര്‍ശിക്കുന്നത് എന്ന് ചില അമൂല്‍ ബേബികള്‍ കണ്ടെത്തിയിരിക്കുന്നു! ചില മഴവില്‍ ബ്രാഹ്മണിസ്റ്റുകള്‍ അദ്ദേഹത്തെ ദളിത് പരിസ്ഥിതിവാദവും ജനകീയപ്രശ്‌നങ്ങളും പഠിപ്പിക്കാന്‍ ഒരുമ്പെടുന്നുണ്ട്. മാര്‍പ്പാപ്പയെ കുര്‍ബ്ബാന പഠിപ്പിക്കുന്നതു പോലെയാണത്.

ഏതാണ്ട് 1980കള്‍ മുതല്‍ ഞാന്‍ കെ.കെ. കൊച്ചിനെ വായിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ട്. ആശയസംവാദമുണ്ട്. അദ്ദേഹത്തിന്റെ എല്ലാ നിഗമനങ്ങളോടും യോജിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ഒരു കാര്യം ബോധ്യമുണ്ട്. തികഞ്ഞ ആത്മാര്‍ത്ഥതയോടെയും സ്വയം ബോധ്യത്തിന്റെ വെളിച്ചത്തിലും മാത്രമേ അദ്ദേഹം സാമൂഹ്യപ്രശ്‌നങ്ങള്‍ അപഗ്രഥിച്ചിട്ടുള്ളു. അങ്ങനെ മാത്രമേ ജീവിച്ചിട്ടുള്ളു. സഖാവ് പി.കെ.ചാത്തന്‍ മാസ്റ്റര്‍ക്കു ശേഷം ഒരു വ്യക്തി എന്ന നിലയില്‍ കേരളത്തിലെ ദളിത് ജീവിതത്തിനും സംസ്‌കാരത്തിനും ഏറ്റവുമേറെ പിന്തുണ ലഭിച്ചിട്ടുള്ളത് കെ.കെ.കൊച്ചില്‍ നിന്നാണ്. കേരളത്തില്‍ ദളിത് ജീവിതം ഇന്ന് ധൈഷണികമായ സമരോത്സുകതയില്‍ ഉറച്ചു നിന്ന് തല കുനിക്കാതെ മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് പ്രധാന കാരണമായത് കെ.കെ. കൊച്ചിന്റെ കയ്യിലെ പേനയാണ്.
ചരിത്രവും വസ്തുതയുമറിയാത്ത സി.പി.ഐ.എം വിരോധം മാത്രം കൈമുതലുള്ള നിഷ്‌ക്കളങ്ക ശിശുക്കള്‍ കെ.കെ.കൊച്ചിനെതിരെ നടത്തുന്ന ഇന്നത്തെ സൈബര്‍ ആക്രമണം അവസാനിപ്പിക്കണം.

അശോകന്‍ ചരുവില്‍
11 10 2022

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News