കേരളത്തെ നാലുവര്‍ഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ ഡിജിറ്റലായി സര്‍വെ ചെയ്യും:മന്ത്രി കെ രാജന്‍| K Rajan

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കേരളത്തെ പൂര്‍ണ്ണമായും നാലുവര്‍ഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ ഡിജിറ്റലായി സര്‍വെ ചെയ്ത് കൃത്യമായ റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. വലിയ ജനകീയ പങ്കാളിത്തം ആവശ്യമായ ഈ പദ്ധതി ജനങ്ങളിലെത്തിക്കുവാന്‍ സംസ്ഥാനത്ത് മുഴുവന്‍ വാര്‍ഡുകളിലും സര്‍വ്വെ സഭ എന്ന പേരില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ ഗ്രാമസഭകള്‍ക്ക് ഈ മാസം തുടക്കം കുറിക്കുകയാണ്. സര്‍വ്വെ സഭകളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 12 ന് വൈകീട്ട് 4 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടമായി ഒക്ടോബര്‍ മാസത്തില്‍ 200 സര്‍വ്വെസഭകളാണ് ചേരുന്നത്.

നമ്മുടെ സംസ്ഥാനത്ത് റീസര്‍വ്വെ നടപടികള്‍ 1966 ല്‍ ആരംഭിച്ചെങ്കിലും ആധുനിക സാങ്കേതിക വിദ്യയുടെ അഭാവം കൊണ്ടും പരമ്പരാഗത സംവിധാനങ്ങളുടെ പോരായ്മ കൊണ്ടും 56 വര്‍ഷത്തോളം പിന്നിട്ടിട്ടും റീസര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തികൊണ്ട് ”എന്റെ ഭൂമി” എന്ന പേരില്‍ ഭൂമിയുടെ ഡിജിറ്റല്‍ സര്‍വ്വെ ആരംഭിക്കുവാനും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും കേരള സര്‍ക്കാര്‍ തീരുമാനിച്ചത്. ഡിജിറ്റല്‍ സര്‍വ്വെ ഇനിയും ആരംഭിച്ചിട്ടില്ലാത്ത 1550 വില്ലേജുകളിലും 4 വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തീകരിച്ച് രേഖകള്‍ റവന്യൂ ഭരണകൂടത്തിന് നല്‍കുക എന്നുള്ളതാണ് ലക്ഷ്യം. പദ്ധതിയുടെ ആകെ ചെലവ് 858 കോടി രൂപയാണ്. ഇതില്‍ ആദ്യഘട്ട സര്‍വെയ്ക്കാവശ്യമായ 438.46 കോടി രൂപ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ നിന്നും സര്‍വെ വകുപ്പിന് അനുവദിച്ചിട്ടുണ്ട്. 4700 സര്‍വ്വെ ജീവനക്കാരെ നാലു വര്‍ഷത്തേക്ക് നിയമിക്കുന്നതിനുള്ള നടപടിയും അവസാന ഘട്ടത്തിലാണ്.

സ്വന്തം ഭൂമിയുടെ കൃത്യമായ അളവും തര്‍ക്കമില്ലാത്ത അവകാശവും ഒരു പൗരന്റെ അവകാശമാണ്. ഇത്തരത്തില്‍ ഭൂമിയുടെ ഉടമസ്ഥതയും കൃത്യതയോടു കൂടിയുള്ള അളവും ഡിജിറ്റല്‍ സര്‍വ്വെയിലൂടെ ലഭ്യമാക്കണമെങ്കില്‍ ഭൂ ഉടമകളുടെ പങ്കാളിത്തവും സഹകരണവും അനിവാര്യമാണ്. ഡിജിറ്റല്‍ സര്‍വെ സംബന്ധിച്ച നടപടികള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ച് പൊതുജന പങ്കാളിത്തത്തോടെ സര്‍വെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായും, സുഗമമായും പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
അധികാര വികേന്ദ്രീകരണത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള സംവിധാനമായ പഞ്ചായത്തീരാജ് വിഭാവനം ചെയ്തിട്ടുള്ള ഗ്രാമ സഭകളിലൂടെ, ഡിജിറ്റല്‍ സര്‍വെ സംബന്ധിച്ച വിവരം പൊതുജനങ്ങളില്‍ എത്തിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ ഗ്രാമ സഭകള്‍ക്ക് സമാനമായ രീതിയില്‍ സര്‍വെ സഭകള്‍ കൂടി സര്‍വെ നടപടികള്‍ സംബന്ധിച്ച് പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കരിച്ച് അവരുടെ സംശയങ്ങള്‍ ദൂരീകരിക്കത്തക്ക വിധമാണ് പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കാന്‍ ഉദ്ദേശിക്കുന്നത്.
റീസര്‍വെ ജോലികളുമായി ബന്ധപ്പെട്ട് സര്‍വെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന രേഖകള്‍ പരിശോധനയ്ക്കായി നല്‍കേണ്ടതിന്റെയും അതിര്‍ത്തികള്‍ ചൂണ്ടി കാണിച്ച് തരുന്നതിന്റെയും, റീസര്‍വെ നടത്തേണ്ടതിന്റെയും, കൃത്യമായ റിക്കാര്‍ഡുകള്‍ തയ്യാറാക്കേണ്ടതിന്റെയും ആവശ്യകതകള്‍ പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണ് സര്‍വെ സഭ കൊണ്ട് ഉദ്ദേശിക്കുന്നത്. കേവലം ഭൂമിയുടെ സര്‍വ്വെ പൂര്‍ത്തീകരിക്കുക എന്നതു മാത്രമല്ല ഡിജിറ്റല്‍ സര്‍വ്വെയുടെ ലക്ഷ്യം. മറിച്ച് കേരളത്തിലെ ഭൂമിയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതളും നിര്‍മ്മിതികളുടെ വിശദാംശങ്ങളും ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു സമഗ്ര രേഖ തയ്യാറാക്കുക എന്നുള്ളതാണ് ലക്ഷ്യം. കേരളത്തിന്റെ ഭാവി വികസനത്തിന് എല്ലാ വകുപ്പുകള്‍ക്കും ഉപയോക്തമാകുന്ന രീതിയില്‍ ഭൂമിയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പബ്ലിക് ഡോക്യുമെന്റ് ഇതു വഴി ലഭ്യമാക്കാന്‍ കഴിയും.
പരമ്പരാഗത രീതിയിലുള്ള സര്‍വ്വെയുടെ ഏറ്റവും വലിയ പോരായ്മ സര്‍വ്വെക്ക് ശേഷം അത് സംബന്ധിച്ചുണ്ടായ പരാതികളുടെ ബാഹുല്യമാണ്. സര്‍വ്വെ ചെയ്യുന്നതിന് മനുഷ്യ വിഭവ ശേഷി മാത്രം ഉപയോഗിച്ചതും ഭൂവുടമസ്ഥരുടെ സാന്നിധ്യമില്ലാതെ സര്‍വ്വെ നടത്തിയതും സര്‍വ്വെ നടത്തി ദീര്‍ഘകാലത്തിന് ശേഷം സര്‍വ്വെ റിക്കാര്‍ഡുകള്‍ പരസ്യപ്പെടുത്തി നടപടികള്‍ സ്വീകരിച്ചതുമാണ് ഇതിന് പ്രധാന കാരണങ്ങള്‍. എന്നാല്‍ ഭൂവുടമകളുടെ സാന്നിധ്യത്തില്‍ സര്‍വ്വെ നടത്തുകയും തര്‍ക്കങ്ങള്‍ അവിടെ വെച്ച് തന്നെ പരിഹരിച്ച് സ്ഥലത്ത് വെച്ച് തന്നെ കരട് സര്‍വ്വെ മാപ്പ് കൈമാറുകയും ചെയ്യുന്ന സംവിധാനമാണ് ഡിജിറ്റല്‍ സര്‍വ്വെ കൊണ്ട് ഉദ്ദേശിക്കുന്നത്. സര്‍വ്വെ സംബന്ധിച്ച് തുടര്‍ന്ന് യാതൊരു പരാതികളും ഉണ്ടാകരുത് എന്നതാണ് ലക്ഷ്യം. എന്നാല്‍ ഇത് വിജയകരമാകണമെങ്കില്‍ ഡിജിറ്റല്‍ സര്‍വ്വെ സംബന്ധിച്ച ഓരോ നടപടികളിലും ഭൂവുടമകളുടേയും സമീപവാസികളുടേയും സാന്നിധ്യവും സഹകരണവും ആവശ്യമാണ്. ഇതിനായി സര്‍വെ നടപടികളെയും, സാങ്കേതിക വിഷയങ്ങളെയും കുറിച്ചും പൊതു ജനങ്ങള്‍ക്കുളള എല്ലാ സംശയങ്ങളും സര്‍വെ സഭകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കും.
സര്‍വെ സഭകള്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന പ്രത്യേക സര്‍വ്വെ സഭകള്‍ ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കൂടി ഉള്‍പ്പെട്ട യോഗ തീരുമാന പ്രകാരമാണ് നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ആദ്യഘട്ട സര്‍വെയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ള 200 വില്ലേജുകളില്‍ 2022 ഒക്ടോബര്‍ 12 മുതല്‍ സര്‍വെ സഭകള്‍ ചേരും. സര്‍വ്വെ സഭകളുടെ സംസ്ഥാനതല ഉദ്ഘാടനം 2022 ഒക്ടോബര്‍ 12 ബുധനാഴ്ച്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ജില്ലയിലെ വെയ്‌ലൂര്‍ വില്ലേജിലെ വെയ്‌ലൂര്‍ വാര്‍ഡിലെ സര്‍വ്വെ സഭ ഉദ്ഘാടനം ചെയ്തു കൊണ്ട് ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം.ബി.രാജേഷ് നിര്‍വ്വഹിക്കുന്നു. തോന്നക്കല്‍ ആശാന്‍ സ്മാരകത്തില്‍ ചേരുന്ന പ്രസ്തുത യോഗത്തില്‍ ബഹു. റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ശ്രീ കെ.രാജന്‍ അദ്ധ്യക്ഷത വഹിക്കും. സര്‍വെ സഭകളില്‍ ഡിജിറ്റല്‍ സര്‍വെ സംബന്ധിച്ച നടപടികള്‍ വിശദീകരിക്കുന്നതിനും ഭൂവുടമസ്ഥരുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനും ഒരു വില്ലേജിന് രണ്ട് ഉദ്യോഗസ്ഥര്‍ എന്ന കണക്കില്‍ 400 ജീവനക്കാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കി കഴിഞ്ഞു.

ഡിജിറ്റല്‍ സര്‍വെ പദ്ധതിയുടെ ഭാഗമായി ചുവടെ ചേര്‍ത്തിട്ടുള്ള നടപടികളാണ് പൊതു ജനങ്ങളുടെ സഹകരണം ആവശ്യമായിട്ടുള്ളത്.
• ആദ്യഘട്ട സര്‍വെയ്ക്ക് തിരഞ്ഞെടുത്ത 200 വില്ലേജുകളില്‍ റവന്യൂ ഭരണത്തിലിരിക്കുന്ന റിക്കാര്‍ഡുകള്‍ ”എന്റെ ഭൂമി” പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്. എല്ലാ ഭൂവുടമസ്ഥരും പരിശോധിച്ച് തങ്ങളുടെ ഭൂമിയുടെ വിവരം വന്നിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.
• റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലില്‍ ഇല്ലാത്തതായോ, തെറ്റായ രേഖകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം പ്രസ്തുത പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
• സര്‍വെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നിര്‍ദ്ദിഷ്ട സമയത്ത് തന്നെ പരിശോധനയ്ക്കായി നല്‍കുക.
• അതിര്‍ത്തികളിലെ കാടുകള്‍ തെളിച്ച് സര്‍വെ ചെയ്യുന്നതിന് സൌകര്യം ഒരുക്കി നല്‍കുക
• അതിര്‍ത്തികളില്‍ വ്യക്തമായ അടയാളങ്ങള്‍ ഇല്ലാത്ത പക്ഷം സര്‍വെ തീയതിക്ക് മുമ്പ് തന്നെ അവ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക.
• സര്‍വെ പൂര്‍ത്തിയാക്കി റിക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന അവസരത്തിലും സര്‍വെ കാലയളവിലും റിക്കാര്‍ഡുകള്‍ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പ് വരുത്തുക.
• സര്‍വെ സമയത്ത് ഭൂവുടമസ്ഥര്‍ സ്ഥലത്തില്ലാതിരിക്കുകയാണെങ്കില്‍ നോമിനിയെ ചുമതലപ്പെടുത്തുക.
അതിര്‍ത്തി തര്‍ക്കങ്ങളുണ്ടെങ്കില്‍ അവ രമ്യമായി പരിഹരിച്ച് സര്‍വെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ അത്യാവശ്യമായി നിര്‍വഹിക്കുന്നതിനു പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here