മരണത്തോട് അടുത്ത ഒരു വയസ്സുകാരന് പുതുജീവൻ നൽകി കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ

മരണത്തോട് അടുത്ത ഒരു വയസ്സുകാരന് പുതുജീവൻ നൽകി കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ. കുളിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഗുരുതരാവസ്ഥയിലായ ചേരാവള്ളി മണ്ണുക്കുന്ന് കാരശ്ശേരിൽ പുത്തൻവീട്ടിൽ നുജൂം അൻസാന ദമ്പതികളുടെ മകൻ ഫായിസിനാണ് ആശുപത്രിയിലെ ഡോക്ടർമാർ രക്ഷകരായത്. ഇന്നലെ പകൽ 11 മണിയോടെയാണ് ഫായിസ് വീട്ടിലെ കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ വീണത്.

പിതാവ് നുജൂമിനൊപ്പം ഹാളിൽ കളിച്ചുകൊണ്ടിരിക്കെ നുജൂമിന് ഫോൺകോൾ വരികയും ശ്രദ്ധ തെറ്റിയ ഈ സമയം കുട്ടി ഇഴഞ്ഞു ചെന്ന് കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ വീഴുകയുമായിരുന്നു. കുട്ടിയെ കാണാത്തതിനെത്തുടർന്ന് രക്ഷിതാക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് കുളിമുറിയിൽ ബക്കറ്റ് വെള്ളത്തിൽ തലകീഴായി കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ രക്ഷിതാക്കൾ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഈ സമയം അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോ. ഷൈല കുട്ടിയെ പരിശോധിക്കുകയും ഹൃദയമിടിപ്പ് വളരെ കുറവായി കാണപ്പെടുകയും ചെയ്തു. തുടർന്ന് പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. ജയന്തി, ഡോ. മിനിമോൾ എന്നിവരെ വിവരമറിയിക്കുകയും ഇവർ ഉടൻതന്നെ എത്തി കുഞ്ഞിനെ പരിശോധിച്ചു.

എന്നാൽ കുഞ്ഞിന്റെ രക്തത്തിലെ ഓക്സിജൻ അളവ് ക്രമാധീതമായി കുറയുന്നത് കണ്ടത്തൊടെ ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്ന അനസ്തേഷ്യ വിദഗ്ധൻ ഡോ. ശ്യാം പ്രസാദ് അതി വിദഗ്ധമായി കുഞ്ഞിനെ ഇൻ്റുബെറ്റ് ചെയ്യുകയും കൃത്രിമ ശ്വാസം നൽകാൻ ആരംഭിച്ചതോടു കൂടി കുഞ്ഞിന്റെ നില മെച്ചപ്പെട്ടു തുടങ്ങി. തുടർന്ന് വിദഗ്ധ ചികിത്സ ലഭ്യമാകാൻ കുഞ്ഞിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റേണ്ടത് അത്യാവശ്യമാണ് എന്ന് മനസിലാക്കുകയും ഡോ. അനു അഷ്‌റഫ് , ഡോ. ശ്യാം പ്രസാദ് , നഴ്സിംഗ് ഓഫീസർ ഷീബ, മെഡികെയർ ഐസിയു ആംബുലൻസ് ജീവനക്കാരായ ശ്രീകാന്ത്, ഷഹീർ, തൻസീർ എന്നിവർ കുഞ്ഞുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയും ചെയ്തു.

ഫായിസ് അപകട നില തരണം ചെയ്തു. ഇപ്പൊൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചന വിഭാഗത്തിൽ കഴിയുകയാണ്. അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഹെഡ് നേഴ്സ് കല , നഴ്സിംഗ് ഓഫീസർ പ്രിയ, മറ്റ് നഴ്സുമാരായ ദർശന, ഷീബ നഴ്സിംഗ് അസിസ്റ്റന്റ്മാർ മറ്റു സ്റ്റാഫ് എന്നിവർ സമയോചിതമായി ഒരേ മനസ്സോടെ പ്രവർത്തിച്ചതു വഴി കുഞ്ഞിൻറെ ജീവൻ രക്ഷിക്കാനായതിൽ അഭിമാനിക്കുകയാണ് ഡോക്ടർമാരും മറ്റ് ആശുപത്രി ജീവനക്കാരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here