Loka Kerala Sabha:കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും;ലണ്ടനിലെ ലോക കേരള സഭയില്‍ ഇന്നലെ സംഭവിച്ചത്

യുകെ മലയാളികളുടെ ചിരകാല ആവശ്യങ്ങളില്‍ പലതിനും പരിഹാരം നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ ലോക കേരള സഭയുടെ യൂറോപ്യന്‍ ചാപ്റ്ററിന് സമാപനമായി. മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) നേതൃത്വം കൊടുത്ത യോഗത്തില്‍ മലയാളികള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന പല കാര്യങ്ങള്‍ക്കും പരിഹാര നിര്‍ദ്ദേശങ്ങളുണ്ടായി. ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വ്വീസ് ആഴ്ചയില്‍ ഏഴു ദിവസവുമാക്കും. യുകെയിലേക്ക് സ്റ്റുഡന്റ് വിസയില്‍ എത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ അടക്കം നിരവധി മറ്റു വാഗ്ദാനങ്ങളും മുഖ്യമന്ത്രി നല്‍കി.

പ്രൗഢോജ്ജ്വലമായ സദസിനെ സാക്ഷിയാക്കിയാണ് കേരള ലോക സഭ യൂറോപ്പ് – യു കെ മേഖല സമ്മേളനം ഇന്നലെ രാവിലെ ഒന്‍പതരയ്ക്ക് ലണ്ടന്‍ സെന്റ് ജെയിസ് കോര്‍ട്ട് താജ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. വ്യവസായവകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂറോപ്പിലെ ലോക കേരളാ സഭാ അംഗങ്ങളും, വ്യവസായ പ്രമുഖരും, ക്ഷണിക്കപ്പെട്ട വ്യക്തികളും ഉള്‍പ്പടെ 125 അംഗങ്ങളാണ് രാവിലെ നടന്ന സെഷനില്‍ പങ്കെടുത്തത്. പ്രവാസികളുടെ ആവശ്യങ്ങളും, കേരള വികസനത്തിന് സഹായകരമായ നിരവധി നിര്‍ദ്ദേശങ്ങളുമാണ് യോഗത്തില്‍ അവതരിപ്പിച്ചത്. യോഗത്തിന്റെ അവസാനം എല്ലാ നിര്‍ദ്ദേശങ്ങള്‍ക്കും വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.

യുകെയിലെ മലയാളികളുടെ പൊതു ആവശ്യമായ കുറഞ്ഞ നിരക്കിലുള്ള ഫ്ലൈറ്റുകള്‍ എന്ന ആവശ്യം വിമാന കമ്പനികളുടെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും പരിഗണനയില്‍ വരേണ്ട വിഷയമാണ്. ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും. നിലവില്‍ ലണ്ടനില്‍ നിന്ന് മൂന്നു ദിവസം കേരളത്തിലേക്ക് വിമാന സര്‍വീസ് ഉണ്ട്. അത് ഏഴു ദിവസവും നടത്തണമെന്ന ആവശ്യം ബന്ധപ്പെട്ടവരുടെ മുന്നില്‍ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. അത് നടക്കാനുള്ള സാധ്യതയാണ് കാണുന്നത്, നടക്കുമെന്നു തന്നെയാണ് വിശ്വാസം എന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ സൂചിപ്പിച്ചു.

വിവിധ രാജ്യങ്ങളില്‍ മലയാളം മിഷന്‍ വളരെ നല്ല പ്രവര്‍ത്തങ്ങള്‍ നടത്തുന്നതായി ആണ് അറിയുന്നത്. വ്യത്യസ്തങ്ങളായ ഫോറങ്ങള്‍ രൂപീകരിക്കുന്ന കാര്യം ഇവിടെ ആരോ സൂചിപ്പിച്ചിരുന്നു അത് സര്‍ക്കാര്‍ മുന്‍കൈ എടുത്തു ചെയ്യേണ്ട കാര്യമല്ല. ഇരട്ട പൗരത്വത്തിന്റെ കാര്യത്തിലും ഓസിഐ കാര്‍ഡ് ഉള്ളവരുടെ കാര്യത്തിലും സംഥാന സര്‍ക്കാരിന് മാത്രമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല. ഓസിഐ കാര്‍ഡ് ഉള്ളവര്‍ക്ക് കേരളത്തില്‍ നിക്ഷേപം നടത്താനുള്ള തടസങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് പരിഹരിക്കാനാവശ്യമായ സാങ്കേതിക വശങ്ങള്‍ ചര്‍ച്ച ചെയ്യാവുന്നതാണ്.

നവകേരള നിര്‍മ്മാണത്തില്‍ പ്രവാസികള്‍ക്ക് നല്ല പങ്കു വഹിക്കാന്‍ കഴിയും. ആവശ്യമായ സന്ദര്‍ഭങ്ങളിലൊക്കെ സര്‍ക്കാരിന് ഇതു ലഭിച്ചിട്ടുമുണ്ട്. വിദേശത്തുള്ള മലയാളി സംഘടനകള്‍ക്ക് നോര്‍ക്കാ രജിസ്ട്രേഷന്‍ നല്‍കണമെന്ന ആവശ്യം സജീവമായി പരിഗണിക്കും. പ്രവാസജീവിതം ആഗ്രഹിച്ചുവരുന്നവര്‍ അല്ലെങ്കില്‍ സ്റ്റുഡന്റ് വിസയില്‍ യൂറോപ്പിലേക്ക് വരുന്നവര്‍ സാധാരണഗതിയില്‍ താമസൗകര്യവും മുന്‍കൂട്ടി ഉറപ്പാക്കിയാണ് ബന്ധപ്പെട്ട രാജ്യത്തു പ്രവേശിക്കേണ്ടത്. ഇതൊരു പ്രധാനപ്പെട്ട വിഷയമാണെങ്കിലും സംസ്ഥാന സര്‍ക്കാരിനോ നോര്‍ക്കയ്ക്കോ മറ്റു രാജ്യങ്ങളിലെ വിഷയങ്ങളില്‍ ഇടപെടുന്നതിന് പരിധിയുണ്ട്. വിദേശത്തു പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ നടത്താനുള്ള നടപടികള്‍ ഉണ്ടാകും.

കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ അനുമതിയോടു കൂടി കേരളത്തില്‍ നിന്നും യോഗ്യതയും പ്രാവീണ്യമുള്ള നഴ്‌സുമാര്‍ക്കും മറ്റു പാര മെഡിക്കല്‍ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും യുകെയിലേക്കുള്ള കുടിയേറ്റം സുതാര്യമാക്കാന്‍ നോര്‍ക്കയും, യോര്‍ക്ഷയര്‍ ഹെല്‍ത്ത് കെയര്‍ പാര്‍ട്ണര്‍ ഷിപ്പും തമ്മില്‍ വേദിയില്‍ വച്ച് ധാരണാ പത്രത്തില്‍ ഒപ്പു വച്ചു. അടുത്തമാസം കൊച്ചിയില്‍ വച്ച് യുകെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാനും തീരുമാനിച്ചു. ഈ ധാരണപ്രകാരം മൂവായിരത്തിലധികം നഴ്സുമാര്‍, ഡോക്ടര്‍മാര്‍, മറ്റു പാരാ മെഡിക്കല്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ എന്നിവര്‍ക്ക് യുകെ യിലെത്താനുള്ള വഴി തെളിയുകയാണ്.

രണ്ടു സെഷനുകളായി ആണ് പ്രോഗ്രാമുകള്‍ നടന്നത്. വൈകുന്നേരം ഫെല്‍താമില്‍ നടന്ന പൊതുസമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കേളീരവം എന്ന പേരില്‍ അരങ്ങേറിയ നയനാന്ദകരമായ കലാ സാംസ്‌ക്കാരിക പരിപാടികളും യോഗത്തോട് അനുബന്ധിച്ചു നടന്നു. മന്ത്രിമാരായ വീണ ജോര്‍ജ്, വി ശിവന്‍കുട്ടി, വ്യവസായ പ്രമുഖരായ എംഎ യൂസഫലി, രവിപിള്ള, ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ഡെല്‍ഹിയിലെ സര്‍ക്കാര്‍ ഒ.എസ്.ഡി വേണു രാജാമണി, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ എം. എ യൂസഫലി, ഡയറക്ടര്‍മാരായ രവി പിളള, ആസാദ് മൂപ്പന്‍, ഒ. വി മുസ്തഫ, സി.വി റപ്പായി, ജെ.കെ മേനോന്‍, സി.ഇ.ഒ. കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശരി, സി എ ജോസഫ്, ഡോക്ടര്‍ ബിജു പെരിങ്ങത്തറ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടേയും ദേശീയഗാനം ആലപിച്ചാണ് യോഗം തുടങ്ങിയതും അവസാനിച്ചതും പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ എസ് ശ്രീകുമാറിന്റെ സ്വാഗതപ്രസംഗത്തോടെ കാര്യപരിപാടികള്‍ ആരംഭിച്ചു. അടുത്ത രണ്ടു മേഖല സമ്മേളനങ്ങള്‍ അമേരിക്കയിലും സൗദിയിലും നടക്കും. മേഖല സമ്മേളനങ്ങളുടെ ചിലവുകള്‍ വഹിക്കുന്നത് സര്‍ക്കാരല്ല എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതാതു സ്ഥലങ്ങളിലെ മലയാളികളാണ് റീജിയണല്‍ മീറ്റിങ്ങുകളുടെ ചിലവുകള്‍ വഹിക്കുന്നത്. നാടിന്റെ കാര്യത്തില്‍ താല്പര്യമുള്ളവരാണ് പ്രവാസികള്‍.

ഒട്ടനവധി മലയാളി വിദഗ്ധര്‍ ലോകമെമ്പാകെയുണ്ട്. അവരെയൊക്കെ കേരള വികസനത്തിന് ഉപയോഗിക്കുക എന്നതും ഈ സമ്മേളനത്തിന്റെ ലക്ഷ്യമാണ്. നാടിന്റെ വികസനം എങ്ങിനെ വേണം എന്നഭിപ്രായം പറയാനുള്ള വേദി ആണ് ലോക കേരള സഭ. ലോക കേരള സഭയിലുണ്ടാവുന്ന അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി എടുത്തു നടപ്പാക്കും.വിദേശത്തു താമസിക്കുന്ന മലയാളികളുടെ പ്രശ്നങ്ങള്‍ ഓരോ രാജ്യത്തും വ്യത്യസ്തമാണെങ്കിലും അവരുടെ പ്രശ്നങ്ങള്‍ അതെ രീതിയില്‍ തന്നെ നോര്‍ക്ക വഴി കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. പൊതുവെ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്നവരാണ് മലയാളികള്‍ എന്ന് ഏതു രാജ്യത്തു ചെന്നാലും നല്ല അഭിയായമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ആരോഗ്യരംഗത്തും ഐ ടി രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ വിദേശത്തേക്ക് വരുന്നവര്‍ വഞ്ചിക്കപ്പെടുന്ന അവസ്ഥ പൊതുവെ കാണുന്നുണ്ട്. ഇതിനു ഫലപ്രദമായ കുടിയേറ്റ നിയമം ഉണ്ടാവേണ്ടതുണ്ട്. ഇതു കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

വിദേശത്തു പോകുന്നവര്‍ക്ക് ഭാഷ പരിജ്ഞാനം കൊടുക്കുന്ന കാര്യവും ആലോചിക്കും. ഫിന്‍ലണ്ടിലും നോര്‍വേയിലും നല്ല സ്വീകരണമാണ് കേരള സര്‍ക്കാര്‍ പ്രധിനിധികള്‍ക്കു ലഭിച്ചത്. നാട്ടിലുള്ളവരെയെല്ലാം വിദേശത്തേക്ക് അയക്കുക എന്നുള്ളതല്ല സര്‍ക്കാര്‍ നയം. നമ്മുടെ നാട്ടില്‍ തന്നെ തൊഴില്‍ സാഹചര്യം വര്‍ധിപ്പിക്കേണ്ടതുണ്ട്. നമ്മുടെ ലക്ഷ്യം വികസിത രാഷ്ട്രങ്ങളിലെ ജീവിത നിലവാരം കേരളത്തില്‍ 25 വര്‍ഷത്തിനുള്ളില്‍ കൊണ്ടുവരിക എന്നതാണ്. പൊതുവിദ്യാഭ്യാസ മേഖല തകര്‍ന്നുപോകും എന്ന് പലരും പ്രചരിപ്പിച്ചു. പക്ഷെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു ഹബ് ആയി കേരളം താമസിയാതെ മാറും. വിദേശത്തുനിന്നു കുട്ടികള്‍ പഠിക്കാന്‍ കേരളത്തിലേക്ക് വരുന്ന സാഹചര്യം ഉണ്ടാവും. ഇതൊരു ദിവാസ്വപ്‌നമല്ല.മസാല ബോണ്ട് ഒപ്പിട്ടത് 50,000 കോടി രൂപയുടെ പശ്ചാത്തല വികസനമായിരുന്നു ലക്ഷ്യം. പക്ഷെ ഇപ്പോള്‍ അത് 67,000 ആയി മാറിയിരിക്കുന്നു. ദീര്‍ഘമായ പ്രസംഗമാണ് മുഖ്യമന്ത്രി യോഗത്തില്‍ നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here