മാലിന്യമിടാന്‍ കുഴിവേണമെന്ന് ആവശ്യപ്പെട്ടു; നാലടി വീതിയില്‍ കുഴിയെടുത്ത് നല്‍കിയെന്നും ബേബി

മാലിന്യം കുഴിച്ചുമൂടാന്‍ വീട്ടില്‍ ഒരു കുഴിയെടുത്തു നല്‍കണമെന്ന് ഭഗവല്‍ സിങ് ആവശ്യപ്പെട്ടിരുന്നുവെന്നും അനുസരിച്ചാണ് കുഴിയെടുത്തു നല്‍കിയതെന്നും പ്രദേശവാസിയായ തൊഴിലാളി ബേബി. താന്‍ കുഴിയെടുക്കാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷാഫിയെ കണ്ടില്ലെന്നും ബേബി പറയുന്നു.

രണ്ടാഴ്ച മുമ്പാണ് കുഴിയെടുത്തത്. വേസ്റ്റ് കുഴിച്ചുമൂടാന്‍ ഒരു കുഴിയെടുത്തു നല്‍കണമെന്നാണ് ഭഗവല്‍ സിങ് ആവശ്യപ്പെട്ടത്. എന്നാല്‍ അന്നു കഴിയില്ലെന്നും രണ്ടു ദിവസം കഴിഞ്ഞ് കുഴിയെടുത്ത് നല്‍കാമെന്നും പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഭഗവല്‍ സിങ് വിളിച്ചു.

എന്നാല്‍ അന്നു പറ്റില്ലെന്നും പിറ്റേന്ന് വന്നുകൊള്ളാമെന്നും പറഞ്ഞു. അതനുസരിച്ച് പിറ്റേന്ന് ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തി. അദ്ദേഹം കാണിച്ചുതന്ന സ്ഥലത്ത് മൂന്നര-നാലടിയോളം താഴ്ചയില്‍ കുഴിയെടുത്തു. വേസ്റ്റ് കുഴിയായതിനാല്‍ വേറെയൊന്നും ചോദിക്കേണ്ടതില്ലല്ലോ. അസ്വാഭാവികമായി ഒന്നും തോന്നിയില്ല.

രണ്ടു ദിവസം കൊണ്ടാണ് കുഴിയെടുത്തു നല്‍കിയത്. പാറയായപ്പോള്‍ കുഴിയെടുപ്പ് നിര്‍ത്തി. ഇനി പറ്റില്ലെന്ന് പറഞ്ഞു. കുഴിയെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസ് വിളിച്ച് ചോദിച്ചിരുന്നുവെന്നും ബേബി പറഞ്ഞു. ഈ കുഴിയില്‍ നിന്നാണ് പത്മത്തിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

ഇലന്തരൂരില്‍ നടന്ന ഇരട്ട കൊലപാതകത്തില്‍ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ. ബി എ ആളൂര്‍. കേസില്‍ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്നും പ്രതികള്‍ക്ക് വേണ്ടി വക്കാലത്ത് ഫയല്‍ ചെയ്യുമെന്നും ബി എ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘നടന്നത് ക്രൂരമായ കൊലപാതകമാണ്. നരബലിയുടെ ശ്രേണിയില്‍പ്പെട്ട കൊലപാതകമാണെന്നാണ് പൊലീസിന്റെ വാദം. ഇപ്പോള്‍ ഇതിലും മാറ്റങ്ങള്‍ വന്നു. നരഭോജികളാണ് എന്ന ആക്ഷേപം പോലും ഉന്നയിക്കുന്നുണ്ട്.

സത്യാവസ്ഥ അറിയണം. അവരുമായും അവരുടെ അടുത്ത ആളുകളുമായും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വേണ്ടി ഹാജരാകും. അവരുമായി സംസാരിക്കും. വക്കാലത്ത് ഫയല്‍ ചെയ്യും. ഏത് കോടതിയിലാണെന്ന് അറിഞ്ഞ ശേഷം നടപടികള്‍ സ്വീകരിക്കും’- ബി എ ആളൂരിന്റെ വാക്കുകള്‍.

സ്വത്ത്‌ സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി ആഭിചാരക്കൊല നടത്തിയ ശേഷം കൊലപ്പെടുത്തിയ സ്ത്രീകളുടെ മാസം ദമ്പതികൾ ഭക്ഷിച്ചെന്ന് പൊലീസ്. അറസ്റ്റിലായ ദമ്പതികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് വെളിപ്പെടുത്തൽ. ആയുരാരോഗ്യത്തിന് വേണ്ടി മാംസം ഭക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത് ഷാഫിയെന്നും ദമ്പതികള്‍ വെളിപ്പെടുത്തി.

എറണാകുളം ഗാന്ധിനഗർ ഇഡബ്ല്യുഎസ് നോർത്ത് എൻഡ് ബ്ലോക്കിൽ വാടകയ്‌ക്ക്‌ താമസിക്കുന്ന പെരുമ്പാവൂർ സ്വദേശി മുഹമ്മദ്‌ ഷാഫി (റഷീദ്‌- 52), ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ് (70), ഭാര്യ ലൈല (61) എന്നിവരാണ് ആഭിചാരക്കൊല നടത്തിയ കേസിൽ അറസ്റ്റിലായത്. കടവന്ത്രയിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന തമിഴ്‌നാട്‌ സ്വദേശി പത്മം (56), കാലടിയിൽ വാടകയ്‌ക്ക്‌ താമസിച്ചിരുന്ന തൃശൂർ സ്വദേശി റോസിലി (49) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here