ഇലന്തൂര്‍ കൊലപാതകം; പ്രതികളെ റിമാന്‍ഡ് ചെയ്തു; താന്‍ വിഷാദ രോഗിയാണെന്ന് ലൈല കോടതിയില്‍

പത്തനംതിട്ട ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെ റിമാന്‍ഡ് ചെയ്തു. പത്തു ദിവസത്തേക്കു പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. മൂന്നു പ്രതികളെയും രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

പ്രതികളെ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രാവിലെ ഹാജരാക്കിയിരുന്നു. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റും. കസ്റ്റഡി അപേക്ഷ പൊലീസ് ഇന്നു തന്നെ നല്‍കും. താന്‍ വിഷാദ രോഗിയാണെന്നും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്നും ലൈല കോടതിയെ അറിയിച്ചു. പൊലീസിനെതിരെ പരാതിയില്ലെന്ന് പ്രതികള്‍ പറഞ്ഞു.

ഷാഫി വേറെ സ്ത്രീകളെയും പൂജയില്‍ പങ്കാളിയാകാന്‍ ആവശ്യപ്പെട്ട് സമീപിച്ചെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് പൊലീസ് നിലപാട്. തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ് പ്രതികളെ രാവിലെ കടവന്ത്ര പൊലീസ് സ്റ്റേഷനിലും പിന്നീടു കോടതിയിലും എത്തിച്ചത്. ഷാളില്‍ മുഖം മറച്ചാണു ലൈലയെ എത്തിച്ചത്.

 സ്വത്ത്‌ സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി രണ്ടുസ്‌ത്രീകളെ ആഭിചാരക്കൊല നടത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്.  .

കടവന്ത്രയിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന തമിഴ്‌നാട്‌ സ്വദേശി പത്മം (56), കാലടിയിൽ വാടകയ്‌ക്ക്‌ താമസിച്ചിരുന്ന തൃശൂർ സ്വദേശി റോസിലി (49) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം 26 മുതൽ പത്മയെ കാണാതായെന്ന മകൻ സെൽവന്റെ പരാതിയിൽ കടവന്ത്ര പൊലീസ്‌ നടത്തിയ അന്വേഷണമാണ്‌ നാടിനെ നടുക്കിയ ആഭിചാരക്കൊലയുടെ മറനീക്കിയത്‌.

അന്വേഷണത്തിൽ പത്മയുടെ മൊബൈൽഫോൺ ലൊക്കേഷൻ തിരുവല്ല ഭാഗത്ത്‌ കണ്ടെത്തി. പത്മയെ കൊച്ചിയിൽനിന്ന്‌ വാഹനത്തിൽ കടത്തിക്കൊണ്ടുപോയ മുഹമ്മദ്‌ ഷാഫി പൊലീസ്‌ വലയിലായിരുന്നു. നഗരത്തിൽ ലോട്ടറി വിറ്റിരുന്ന സ്‌ത്രീകൾ നൽകിയ വിവരമനുസരിച്ചാണ്‌ ഷാഫിയെ തിരിച്ചറിഞ്ഞത്‌.

ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന്‌ ലഭിച്ചു. തുടർന്ന്‌ അന്വേഷണം ഭഗവൽസിങ്ങിലേക്കും ഭാര്യ ലൈലയിലേക്കും എത്തിയതോടെ കാലടിയിൽനിന്ന്‌ നേരത്തേ കാണാതായ റോസിലിയുടെ കൊലപാതകവിവരവും പുറത്തുവന്നു. കഴിഞ്ഞ ജൂൺ എട്ടിനാണ്‌ റോസിലിയെ കാണാതായത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News