ഗ്രഫീന്‍ മേഖലയിലെ സഹകരണത്തിനായി മാഞ്ചസ്റ്റര്‍, ഓക്‌സ്‌ഫോര്‍ഡ്, എഡിന്‍ബറോ, സൈഗന്‍ എന്നീ സര്‍വ്വകലാശാലകളുമായി ഡിജിറ്റല്‍ സര്‍വകലാശാല ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റേയും വ്യവസായ മന്തി പി രാജീവിന്റേയും സാന്നിധ്യത്തിലാണ് ധാരണപത്രം ഒപ്പിട്ടത്. ഗ്രഫീന്‍ അടിസ്ഥാനമാക്കി വ്യവസായ പാര്‍ക്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ സര്‍വ്വകലാശാല കേരളത്തിലാണ് ആരംഭിച്ചത്. പുതു തലമുറസാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നൂതന വ്യവസായങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംരംഭകരുടെയും ഗവേഷകരുടേയും സംഗമം കേരളത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുകയുണ്ടായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ADVERTISEMENT
ഇന്ന് കൈമാറ്റം ചെയ്യപ്പെട്ട ധാരണാപത്രങ്ങള്‍ അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനും വിജ്ഞാന സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിനുമുള്ള സംസ്ഥാനത്തിന്റെ കഴിവിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രാഫീനിനായി ലോകോത്തര ആവാസവ്യവസ്ഥ നിര്‍മ്മിക്കാനാണ് കേരളം ഉദ്ദേശിക്കുന്നത്. നാനോടെക്നോളജിയുടെ വികസനത്തിലും ഗ്രാഫീന്‍ പോലുള്ള ഭാവി സാമഗ്രികളുടെ വികസനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ഓര്‍ഗനൈസേഷനുകളെ പ്രോസാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ പ്രായോഗിക ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിനും സാധിക്കും. പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ക്ക് പ്രത്യേക ഗ്രാന്റുകള്‍ നല്‍കി ഗവേഷണത്തിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേരളം സ്വീകരിക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലെ വിജ്ഞാന വ്യവസായങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി, സര്‍ക്കാര്‍ സര്‍വകലാശാലയോട് ചേര്‍ന്ന് ഒരു സയന്‍സ് പാര്‍ക്ക് സ്ഥാപിക്കും. ഡിജിറ്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജികളില്‍ ഗവേഷണവും വികസനവും നടത്തുന്ന ഒരു പ്രധാന സ്ഥാപനമെന്ന നിലയില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് വികസിപ്പിക്കാനുള്ള ചുമതല ഡിജിറ്റല്‍ സര്‍വകലാശാലയെ ഏല്‍പ്പിച്ചിട്ടുണ്ടന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗ്രഫീന്‍ കണ്ടുപിടുത്തത്തിന് 2010 ലെ നോബേല്‍ സമ്മാനാര്‍ഹിതനായ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ ആന്‍ഡ്രു ജെയിമും ചടങ്ങില്‍ പങ്കെടുത്തു. സര്‍ക്കാര്‍ ഗ്രഫീന്‍ രംഗത്ത് മുന്‍കൈയെടുക്കുന്നത് ഭാവി വ്യവസായത്തില്‍ കേരളത്തെ മുമ്പിലാക്കുന്നതിന് സഹായിക്കുമെന്ന് ആന്‍ഡ്രു ജെയിം പറഞ്ഞു. അദ്ദേഹത്തിന്റെ ശിഷ്യനും മലയാളിയുമായ പ്രൊഫസര്‍ രാഹുല്‍ നായരും ചടങ്ങില്‍ പങ്കെടുത്തു. പ്രൊഫസര്‍ ഹരീഷ് ഭാസ്‌കരന്‍, (ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല), സേതു വിജയകുമാര്‍ (എഡിന്‍ബറോ സര്‍വ്വകലാശാലാ ) ഭാസ്‌കര്‍ ചൗബേ (സൈഗന്‍ സര്‍വ്വകലാശാല) ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ സജി ഗോപിനാഥ്, പ്രൊഫസര്‍ അലക്‌സ് ജെയിംസ് എന്നിവര്‍ സംസാരിച്ചു. വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.