National Games: ഓളപ്പരപ്പില്‍ വീണ്ടും പൊന്ന്; കനോയിങ്ങിലും കയാക്കിങ്ങിലും വീണ്ടും സ്വര്‍ണം

(National Games)ദേശീയ ഗെയിംസ് അവസാനിക്കാന്‍ മണിക്കൂറുകള്‍മാത്രം ബാക്കിനില്‍ക്കെ തിരിച്ചുവരാന്‍ കേരളത്തിന്റെ അവസാനശ്രമം. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും നേടിയാണ് ആശ്വാസക്കുതിപ്പ്. കനോയിങ്, കയാക്കിങ് എന്നിവയില്‍ സ്വര്‍ണവും പുരുഷ ഫുട്ബോളിലും വനിതാ സോഫ്റ്റ്‌ബോളിലും വെള്ളിയും നേടി. 21 സ്വര്‍ണവും 18 വെള്ളിയും 13 വെങ്കലവും നേടി കേരളം ആറാംസ്ഥാനത്തേക്ക് കയറി.

നിലവിലെ ജേതാക്കളായ സര്‍വീസസ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി കിരീടം ഉറപ്പിച്ചു. 56 സ്വര്‍ണവും 34 വെള്ളിയും 30 വെങ്കലവുമാണ് സര്‍വീസസിന്റെ നേട്ടം. 38 വീതം സ്വര്‍ണവും വെള്ളിയും 62 വെങ്കലവുമായി മഹാരാഷ്ട്ര രണ്ടാമതും 34 സ്വര്‍ണവും 33 വെള്ളിയും 39 വെങ്കലവുമായി ഹരിയാന മൂന്നാമതുമാണ്.

അവസാനദിവസമായ ഇന്ന് നടക്കുന്ന വോളിബോളില്‍ വനിതകള്‍ ഫൈനലില്‍ കടന്നതോടെ മെഡലുറപ്പായി. ഗെയിംസിന്റെ സമാപനച്ചടങ്ങുകള്‍ വൈകിട്ട് അഞ്ചിന് സൂറത്തില്‍ നടക്കും.കനോയിങ് സിംഗിള്‍ 200 മീറ്ററില്‍ മേഘ പ്രദീപും കയാക്കിങ് സിംഗിള്‍ 200 മീറ്ററില്‍ ജി പാര്‍വതിയും സ്വര്‍ണം നേടി. ആലപ്പുഴ പുന്നമട സായി കേന്ദ്രത്തിലാണ് മേഘയും പാര്‍വതിയും പരിശീലനം നടത്തുന്നത്. ആദ്യമായി ഉള്‍പ്പെടുത്തിയ സോഫ്റ്റ്‌ബോളില്‍ കേരള വനിതാ ടീം വെള്ളി കരസ്ഥമാക്കി. ഫൈനലില്‍ പഞ്ചാബിനോട് കീഴടങ്ങി.

വോളിബോള്‍ ഫൈനല്‍ ഇന്ന്
വോളിബോളില്‍ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകള്‍ ഫൈനലില്‍. വനിതകള്‍ സെമിയില്‍ ഏകപക്ഷീയമായ സെറ്റുകള്‍ക്ക് ഹിമാചല്‍പ്രദേശിനെ കീഴടക്കി (25—20, 25—14, 25–19). നിലവിലെ സ്വര്‍ണമെഡല്‍ ജേതാക്കളാണ്. ഫൈനലില്‍ ബംഗാളാണ് എതിരാളി. പുരുഷന്‍മാര്‍ 25-14, 25-15, 25-21ന് ഗുജറാത്തിനെ കീഴടക്കി ഫൈനലില്‍ എത്തി. സ്വര്‍ണത്തിനായി തമിഴ്‌നാടിനെ നേരിടും.

ഫുട്ബോളില്‍ വെള്ളി

ബംഗാള്‍ ഗര്‍ജനത്തില്‍ കേരളം വിറച്ചു. ദേശീയ ഗെയിംസ് ഫുട്‌ബോള്‍ ഫൈനലില്‍ കേരള പുരുഷന്മാര്‍ക്ക് ദയനീയ തോല്‍വി. അഞ്ച് ഗോളിനാണ് ബംഗാളിന്റെ വിജയം. നായകന്‍ നരോ ഹരീഷ് ശ്രേഷ്ഠ ഹാട്രിക് നേടി. റോബി ഹന്‍സഡയും അമിത് ചക്രവര്‍ത്തിയും പട്ടിക പൂര്‍ത്തിയാക്കി. സന്തോഷ് ട്രോഫി ഫൈനലിലെ തോല്‍വിക്ക് ബംഗാള്‍ മധുരപ്രതികാരം ചെയ്തു. കളിയില്‍ ബംഗാളിനായിരുന്നു ആധിപത്യം. കിട്ടിയ അവസരങ്ങള്‍ ഒന്നുപോലും മുതലാക്കാന്‍ കേരളത്തിനായില്ല. ക്യാപ്റ്റന്‍ വി മിഥുന്‍ നടത്തിയ രക്ഷപ്പെടുത്തലുകള്‍ ഇല്ലായിരുന്നെങ്കില്‍ ടീമിന്റെ സ്ഥിതി കൂടുതല്‍ പരിതാപകരമാകുമായിരുന്നു. സര്‍വീസസിനാണ് വെങ്കലം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News