Human Sacrifice; ഇലന്തൂർ ആഭിചാര കൊലക്കേസ്; പ്രതികൾ കുരുക്കിയത് പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ

നാടിനെ ഞെട്ടിച്ച ആഭിചാര കൊലക്കേസിൽ പ്രതികളെ പെട്ടെന്ന്‌ കുടുക്കാൻ കഴിഞ്ഞത്‌ പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ. പണമോ സ്വാധീനമോ ഇല്ലാത്ത, ആരോരും ശുപാർശ ചെയ്യാനില്ലാത്ത, ഒരു തമിഴ്സ്ത്രീയെ കാണാതായ സംഭവത്തെ ഗൗരവത്തോടെ സമീപിച്ച പോലീസിൻ്റെ നടപടിയാണ് കേസിൻ്റെ ചുരുളഴിച്ചത്. ആയിരക്കണക്കിന് സി സി ടി വി ദൃശ്യങ്ങളും , മൊബൈൽ ഫോൺ വിളികളും പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.

തമിഴ്നാട്ടിൽ നിന്ന് കൊച്ചിയിലെത്തി ലോട്ടറി വിറ്റ് ജീവിക്കുന്ന ഒരു സ്ത്രീയുടെ തിരോധാനവും തുടർന്ന് കേരളാ പോലീസ് നടത്തിയ അന്വേഷണവും ചരിത്രത്തിൽ ഇടംപിടിക്കുകയാണ്. പണമോ സ്വാധീനമോ ഇല്ലാത്ത ഒരു നാടോടി സ്ത്രീയെ കാണാതായ സംഭവത്തിലാണ് പോലീസ് കാര്യക്ഷമമായി ഇടപെട്ടത്. അമ്മയെ കാണാതായതറിഞ്ഞ് മകൻ തമിഴ്നാട്ടിൽ നിന്നെത്തി നൽകിയ ഒരു പരാതി മാത്രമായിരുന്നു തുടക്കത്തിൽ കടവന്ത്ര പോലീസിൻ്റെ കൈവശമുണ്ടായിരുന്നത്.പരാതി ലഭിച്ചയുടൻ തന്നെ കാര്യക്ഷമമായി അന്വേഷണം ആരംഭിച്ചത് കേസിൽ നിർണ്ണായകമായി.

സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺവിളികളും വിശദമായി പരിശോധിക്കാൻ പോലീസ് നടത്തിയ ശ്രമം ചെറുതായിരുന്നില്ല. പത്മം ഒരു സ്കോർപിയോ വാഹനത്തിൽ കയറി പോകുന്ന അവ്യക്തമായ ഒരു സി സി ടി വി ദൃശ്യത്തിൽ നിന്നാണ് കേസിൻ്റെ ചുരുളഴിഞ്ഞത്.

ഇതിനിടെയാണ്‌ കാലടിയിലും സമാന സാഹചര്യത്തിൽ റോസിലി എന്ന സ്‌ത്രീയെ കാണാതായതായ പരാതി ലഭിച്ചതറിഞ്ഞത്‌. ഈ പരാതിയും അന്വേഷണവുമായി കൂട്ടിയിണക്കി. തുടരന്വേഷണത്തിൽ കാണാതായ രണ്ടു സ്‌ത്രീകളുടെയും മൊബൈൽ ഫോണുകൾ പത്തനംതിട്ട ഇലന്തൂരിൽ ഓഫായെന്ന്‌ കണ്ടെത്തി. ഇവിടം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ്‌ മുഹമ്മദ്‌ ഷാഫിയിലേക്കും ഭഗവൽസിങ്ങിലേക്കും ഭാര്യ ലൈലയിലേക്കും എത്തിച്ചത്‌.

ചുരുക്കത്തിൽ കേരളാ പോലീസിൻ്റെ അന്വേഷണ മികവ് ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടിയ കേസ്സായി മാറി ഇലന്തൂരിലേത്. ആരും ശുപാർശ ചെയ്യാനില്ലാത്ത ഒരു സാധാരണ സ്ത്രീയുടെ തിരോധാനം കാര്യക്ഷമമായി തന്നെ പോലീസ് അന്വേഷിച്ചു. ആരോരമില്ലാത്തവരുടേത് കൂടിയാണ് കേരളത്തിലെ പോലീസ് എന്ന് തെളിയിക്കപ്പെടുകയായിരുന്നു ഈ കേസ്സിൽ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News