ഇലന്തൂര്‍ നരബലി; മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും

ആഭിചാരക്രിയയുടെ പേരിൽ ഇലന്തൂരിൽ കൊലപ്പെടുത്തിയ രണ്ടു സ്‌ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്‌ക്ക്‌ വിധേയമാക്കുമെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ സി എച്ച്‌ നാഗരാജു പറഞ്ഞു. ശാസ്‌ത്രീയ പരിശോധനകൾ പൂർത്തിയാക്കിയശേഷമേ കൊലപാതകം സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാകൂ. ഭഗവൽസിങ്ങും ഭാര്യ ലൈലയും ഷാഫിക്ക്‌ വൻതുക കൈമാറിയതായി തെളിഞ്ഞിട്ടുണ്ട്‌. മൂന്നുപേർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നും കമീഷണർ പറഞ്ഞു.

രണ്ട്‌ സ്‌ത്രീകളെയും ഇലന്തൂരിൽ എത്തിച്ച ദിവസംതന്നെ കൊലപ്പെടുത്തി.  കൈയും കാലും കെട്ടിയിട്ട്, മാറിടം മുറിച്ച്‌ ചോര വാർന്നശേഷം കഴുത്തറുത്തുകൊന്നുവെന്നാണ്‌ ഷാഫിയുടെ മൊഴി. ഇരുവരുടെയും ശരീരത്തിൽനിന്ന്‌ വാർന്ന രക്തം വീട്‌ മുഴുവൻ തളിച്ചു. രാത്രി മുഴുവൻ നീണ്ട പൂജയ്ക്കുശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടു.

പൂജയുടെ ഭാഗമായി ഭഗവൽസിങ്ങിന്റെ ഭാര്യ ലൈലയുമായി ഷാഫി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. പൂജയ്‌ക്ക്‌ കൂടുതൽ ഫലം ലഭിക്കാൻ എത്ര പണം മുടക്കാനും തയ്യാറാണെന്ന് ഭഗവൽസിങ് പറഞ്ഞതോടെ, മനുഷ്യനെ ബലി നൽകണമെന്നായിരുന്നു ഷാഫിയുടെ നിർദേശം. ഇത്‌ അംഗീകരിച്ച ദമ്പതികൾ, ബലി നൽകാനുള്ള ആളെ കണ്ടെത്താനുള്ള ഉത്തരവാദിത്വം ഷാഫിയെത്തന്നെ ഏൽപ്പിച്ചു.

റോസിലിയെ ബലി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന്‌ വിശ്വസിപ്പിച്ചാണ്‌ ഷാഫി അടുത്ത സ്‌ത്രീയെയും ബലി നൽകാൻ ഭഗവൽസിങ്ങിനെ പ്രേരിപ്പിച്ചത്‌. ഒരു പൂജകൂടി വേണ്ടിവരുമെന്നും ശാപത്തിന്റെ ശക്തി നിറഞ്ഞുനിൽക്കുകയാണെന്നും പറഞ്ഞു. വൻതുകയും ഷാഫി കൈപ്പറ്റി.  ഇതിനുവേണ്ടിയാണ്‌  പത്മത്തെ ഷാഫി വലയിലാക്കിയത്‌.

ആഭിചാര കൊലക്കേസിൽ പ്രതികളെ പെട്ടെന്ന്‌ കുടുക്കാൻ കഴിഞ്ഞത്‌ പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ. എറണാകുളം സൗത്തിലും ഷേണായീസ്‌ ജങ്‌ഷനിലും ലോട്ടറിവിൽപ്പന നടത്തിയിരുന്ന പത്മത്തെ കാണാതായതായി പരാതി ലഭിച്ചയുടൻ ഇവരുമായി ബന്ധം ഉണ്ടായിരുന്നവരെപ്പറ്റി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺവിളികളുടെ വിശദാംശങ്ങളും പരിശോധിച്ചു.

ഇതിനിടെയാണ്‌ കാലടിയിലും സമാന സാഹചര്യത്തിൽ റോസിലി എന്ന സ്‌ത്രീയെ കാണാതായതായ പരാതി ലഭിച്ചതറിഞ്ഞത്‌. ഈ പരാതിയും  അന്വേഷണവുമായി കൂട്ടിയിണക്കി. തുടരന്വേഷണത്തിൽ കാണാതായ രണ്ടു സ്‌ത്രീകളുടെയും മൊബൈൽ ഫോണുകൾ പത്തനംതിട്ട ഇലന്തൂരിൽ ഓഫായെന്ന്‌ കണ്ടെത്തി. ഇവിടം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ്‌ മുഹമ്മദ്‌ ഷാഫിയിലേക്കും ഭഗവൽസിങ്ങിലേക്കും ഭാര്യ ലൈലയിലേക്കും എത്തിച്ചത്‌.

മുഹമ്മദ്‌ ഷാഫിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും ഇയാൾ വ്യാജമായി ഉണ്ടാക്കിയ അക്കൗണ്ടുകളും പരിശോധിച്ചു. പ്രതികളെ പിടികൂടി ചോദ്യം ചെയ്‌തപ്പോൾ ആഭിചാരക്കൊലയുടെ ചുരുളഴിഞ്ഞു. കാണാതായ സ്‌ത്രീകളെ അറിയില്ലെന്നായിരുന്നു ഷാഫി ആദ്യം പൊലീസിനോട്‌ പറഞ്ഞത്‌. എന്നാൽ, ഫോൺവിളി വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും കാണിച്ചതോടെ ഇയാൾക്ക്‌ പിടിച്ചുനിൽക്കാനായില്ല. തുടർന്ന്‌ പൊലീസിനോട്‌ എല്ലാം വെളിപ്പെടുത്തി. സ്‌ത്രീകളെ കൊണ്ടുപോകാൻ ഷാഫി ഉപയോഗിച്ച ഷിബു എന്നയാളുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര സ്‌കോർപ്പിയോയും പൊലീസ്‌ പിടിച്ചു. ഇതിന്റെ രജിസ്‌ട്രേഷൻ കാലാവധി സെപ്‌തംബറിൽ കഴിഞ്ഞതാണ്‌. ഇതേപ്പറ്റിയും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News