അഴിമതി ആരോപണം; ആങ്‌സാൻ സൂചിക്ക് ആറ് വ‍ർഷം കൂടി തടവ് ശിക്ഷ

പുറത്താക്കപ്പെട്ട മ്യാൻമർ ഭരണാധികാരി ആങ്‌സാൻ സൂചിക്ക് ആറ് വ‍ർഷം കൂടി തടവ് വിധിച്ച് സെെനിക കോടതി. ഇതോടെ 77കാരിയായ നൊബേൽ സമ്മാന ജേതാവ് ആങ്‌സാൻ സൂചിയുടെ മൊത്തം തടവ് കാലാവധി 26 വർഷമായി നീണ്ടു. വ്യവസായിയിൽ നിന്നും കൈക്കൂലി വാങ്ങിയെന്നാരോപിച്ചുള്ള രണ്ട് അഴിമതിക്കേസുകളിൽ ഇവർ കുറ്റക്കാരിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നു വർഷം വീതം ശിക്ഷ വിധിച്ചത്. ശിക്ഷ ഒരേസമയം അനുഭവിച്ചാൽ മതിയാകുമെന്നുമാണ് വിവരം.

കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ പട്ടാള അട്ടിമറിയിൽ, സൂചിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് അധികാരം നഷ്ടപ്പെട്ടിരുന്നു. അട്ടിമറി നടന്ന രാത്രി മുതൽ സൈനിക കസ്റ്റഡിയിലാണ് ആങ്‌സാൻ സൂചിയുളളത്. അട്ടിമറിക്ക് ശേഷം നടന്ന പ്രതിഷേധങ്ങളിൽ 1700ലധികം ആളുകൾ കൊല്ലപ്പെട്ടതായും 1300ലധികം പേർ അറസ്റ്റിലായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സൈനിക ഭരണകൂടം സൂചിയെ അഴിമതിക്കേസിലടക്കം പ്രതിയാക്കി ജയിലിലടച്ചിരുന്നു.

സൂചിയുടെ വിചാരണ അടച്ചിട്ട കോടതിമുറികളിലാണ് നടത്തുന്നത്. മറ്റ് അഞ്ച് അഴിമതി ആരോപണങ്ങളിൽ കൂടി അവർ ഇപ്പോൾ വിചാരണ നേരിടുകയാണ്. കോടതി വിചാരണ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് സൂചിയുടെ അഭിഭാഷകരെ വിലക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പാ‍േ‍ർട്ട്. തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിക്കുന്ന ആങ്‌സാൻ സൂചി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും വൃത്തങ്ങൾ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here