‘ പരാതിക്കാരി എൽദോസിന്റെ ഫോൺ മോഷ്ടിച്ചു’; പരാതിയുമായി കുന്നപ്പിള്ളിയുടെ ഭാര്യ

ലൈംഗിക പീഡന പരാതി നൽകിയ അതിജീവതയ്ക്കെതിരെ  എൽദോസ് കുന്നപ്പിള്ളിയുടെ ഭാര്യ രംഗത്ത്. കുന്നപ്പള്ളിയുടെ പക്കൽ ഉണ്ടായിരുന്ന ഫോൺ യുവതി മോഷ്ടിച്ചു എന്നാണ് ആരോപണം. പെരുമ്പാവൂർ കുറുപ്പുംപടി പൊലീസിലാണ് കുന്നപ്പള്ളിയുടെ ഭാര്യ മറിയാമ്മ എൽദോസ് പരാതി നൽകിയത്.

ഭർത്താവിനെ ഭീഷണിപ്പെടുത്തുകയാണെന്നും വ്യാജ പരാതിയാണ് നൽകിയിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു. ഫോൺ വീണ്ടെടുത്തു നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതിന് പിന്നാലെയാണ് ഭാര്യ പരാതിയുമായി രംഗത്തെത്തിയത്.

എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലുണ്ട്. എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

പീഡനക്കേസില്‍ ആരോപണവിധേയനായ എല്‍ദോസ് കുന്നപ്പിള്ളിലിനോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നാണ് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചത്. കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കും. തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെരുമ്പാവൂർ എംഎൽഎ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നിൽ പരാതിക്കാരി നൽകിയ മൊഴി. വിവാദം ശക്തമാകുന്നതിനിടെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ യുവതി, മൊഴിയിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി. പരാതി വ്യാജമല്ലെന്നും, കഴിഞ്ഞ ജൂലൈ മുതൽ എൽദോസുമായി അടുപ്പമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

‘മദ്യപിച്ച് ലക്ക് കെട്ട് ഉപദ്രവിച്ചു. മറ്റ് സ്ത്രീകളുമായി ബന്ധവുമുണ്ടെന്ന് അറിഞ്ഞപ്പോൾ താൻ പിൻമാറാൻ ശ്രമിച്ചു. പക്ഷെ ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയും എൽദോസ് പിൻതുടര്‍ന്നു. കഴിഞ്ഞ 14 ന് കോവളത്ത് വച്ച് പരസ്യമായി മർദ്ദിച്ചപ്പോള്‍ നാട്ടുകാരും പൊലീസും ഇടപെടുകയായിരുന്നു. കഴിഞ്ഞ 29 ന് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പരാതി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ കോവളം പൊലീസ് കേസെടുത്തില്ല. ഒത്തുതീര്‍പ്പിനാണ് സ്റ്റേഷൻ ഓഫീസര്‍ ശ്രമിച്ചത്. ഈ മാസം ഒൻപതിന് വീട്ടിലെത്തിയ എൽദോസ് കുന്നപ്പള്ളി ഭീഷണിപ്പെടുത്തി കോവളം എസ്എച്ച്ഒ യുടെ മുന്നിലെത്തിച്ച് പരാതി പിൻവലിച്ചെന്ന് പറയാൻ നിര്‍ബന്ധിച്ചു. അഭിഭാഷകന്റെ മുന്നിൽ വച്ചാണ് പണം വാഗ്ദാനം ചെയ്തത്’. ഹണിട്രാപ്പിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി വെളിപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here