31 പരിപാടികൾ ,ഒരു നഗരവും വെറുതെ കാണാനോ ഇറങ്ങി നടക്കാനോ വിശ്രമിക്കാനോ സമയമില്ല; വിദേശ പര്യടന അനുഭവം പങ്കുവെച്ച് മന്ത്രി പി രാജീവ്‌

വിദേശ പര്യടന അനുഭവം പങ്കുവെച്ച് വ്യവസായ മന്ത്രി പി രാജീവ്. നോര്‍വെയിലും യുകെയിലുമാണ് മന്ത്രി മുഖ്യമന്ത്രിക്കൊപ്പം സന്ദര്‍ശനം നടത്തിയത്. ഒരു നഗരവും വെറുതെ കാണാനോ ഇറങ്ങി നടക്കാനോ വിശ്രമിക്കാനോ സമയമില്ല… ഓരോ പരിപാടിയും വിശദമായി എഴുതാതെ തന്നെ ദീർഘമാണീ കുറിപ്പ്. ഓരോ ദിവസവും ഇങ്ങനെയൊന്ന് എഴുതണമെന്ന് കരുതിയിരുന്നതാണ്. പക്ഷേ, സമയം കിട്ടിയില്ല എന്നതാണ് യാഥാർത്ഥ്യം.ലണ്ടനിൽ നിന്നും ഖത്തറിലേക്കുള്ള വിമാനയാത്രയിലാണ് ഈ കുറിപ്പ് എഴുതുന്നത്… മന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

വിദേശ പര്യടനം കഴിഞ്ഞ കുറിപ്പാണ്. ഓരോ പരിപാടിയും വിശദമായി എഴുതാതെ തന്നെ ദീർഘമാണീ കുറിപ്പ്. ഓരോ ദിവസവും ഇങ്ങനെയൊന്ന് എഴുതണമെന്ന് കരുതിയിരുന്നതാണ്. പക്ഷേ, സമയം കിട്ടിയില്ല എന്നതാണ് യാഥാർത്ഥ്യം.

ലണ്ടനിൽ നിന്നും ഖത്തറിലേക്കുള്ള വിമാനയാത്രയിലാണ് ഈ കുറിപ്പ് എഴുതുന്നത്.

പാർലമെണ്ട് അംഗമായിരിക്കുന്ന ഘട്ടത്തിൽ നിരവധി ഡെലിഗേഷൻ്റെ ഭാഗമായി വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ സന്ദർഭം ലഭിച്ചിട്ടുണ്ട്. ഇത്തവണ സന്ദർശിച്ച നോർവ്വേ ഉൾപ്പെടെയുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങൾ സ്പീക്കറുടെ നേതൃത്വത്തിലുള്ള പാർലമെണ്ട് ഡെലിഗേഷൻ്റെ ഭാഗമായി സന്ദർശിച്ചിട്ടുണ്ട്. കോമൺവെത്ത് പാർലമെണ്ടറി സംവിധാനത്തിൻ്റെ ഭാഗമായും സന്ദർശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും സ്പീക്കറും ഉൾപ്പടെയുള്ളവർ നയിച്ച പാർലമെണ്ടറി സംഘത്തിൻ്റെ ഭാഗമാകാൻ പലപ്പോഴും അവസരം ലഭിച്ചിട്ടുണ്ട്. എന്നാൽ, പ്രഭാത നടത്തിനിടയിലോ രാത്രിയിലോ അല്ലാതെ ഒരു നഗരവും വെറുതെ കാണാൻ ഇറങ്ങി നടക്കാനോ വിശ്രമിക്കാനോ സമയമില്ലാത്ത ഇത്രയും hectic ആയ ഒരു സന്ദർശന പരിപാടി ആദ്യമായാണ്.

ഒക്ടോബർ നാലിനു പുലർച്ചേ 3.55 നായിരുന്നു ഓസ്ലയിലേക്കുള്ള വിമാനം. ഉച്ചക്ക് രണ്ടരയോടെ അവിടെ വിമാനമിറങ്ങി നേരേ ഹോട്ടലിലേക്ക്. നാലു മണിയോടെ ചെക്ക് ഇൻ കഴിഞ്ഞു. രാത്രി ഏഴു മണിക്ക് ഇന്ത്യൻ അംബാസഡറുടെ അത്താഴ വിരുന്നും വിശദമായ ചർച്ചയും. അഞ്ചിന് രാവിലെ പത്തു മണിക്ക് നോർവ്വേയിലെ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി മന്ത്രിയുമായുള്ള ചർച്ച നടത്തി. 1952 ലെ നീണ്ടക്കരയിലെ ഇന്ത്യൻ നോർവ്വീജിയൻ പദ്ധതി മുതൽ മത്സ്യ രംഗത്തുള്ള സഹകരണം മുതൽ ആധുനിക മീൻ വളർത്തൽ, മത്സ്യ ബന്ധനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ ഉന്നയിക്കപ്പെട്ടു. കടലിനുള്ളിൽ മത്സ്യം ടണലുകളിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വളർത്തുന്നതിലും ആഴക്കടൽ മത്സ്യ ബന്ധനത്തിന് അത്യാധുനിക എ ഐ സംവിധാനം ഉൾപ്പെടെ ഉപയോഗിക്കുന്നതിലും സഹകരിക്കാമെന്ന് അവർ വ്യക്തമാക്കി.

ഉച്ചക്ക് 12.30നാണ് ഹോട്ടലിൽ തിരിച്ച് എത്തിയത്. അവിടെ വെച്ച് ഫിഷറീസിലെ യുഎൻ കൺസൾട്ടൻ്റ് എറിക് ഹെംപലുമായി ചർച്ച നടത്തി. ഫിഷറീസ് മന്ത്രിയും വൈസ് ചാൻസലറും ഉൾപ്പെടെയുള്ളവർ ഒന്നിച്ചിരുന്ന് പ്രവർത്തന പദ്ധതി തയ്യാറാക്കി. നോർവ്വേയിലെ വിദഗ്ദരേയും സംരംഭകരേയും പങ്കെടുപ്പിച്ച് കേരളത്തിൽ work shop നടത്താനും നിശ്ചയിച്ചു.

ഉച്ചക്ക് രണ്ടിന് ഹോട്ടലിൽ നിന്നും നോർവ്വീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പുറപ്പെട്ടു. നാലു മണി വരെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചെലവഴിച്ചു.

പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, തുരങ്കപ്പാത നിർമ്മാണം, തീര രോഷണം എന്നീ മേഖലകളിൽ കേരളവുമായി സഹകരിച്ചു പ്രവർത്തിക്കാൻ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് താൽപര്യം പ്രകടിപ്പിച്ചു.

ഏഴു കിലോമീറ്റർ അടിയിലെ പാറയുടെ സ്വഭാവത്തെ മനസ്സിലാക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ലഡാക്കിൽ ഉപയോഗിക്കുന്നത്. നോർവ്വേയിൽ നൂറുകണക്കിന് തുരങ്ക പാതകളുണ്ട്. 23 കിലോമീറ്റർ നീളമുള്ളതും വിവിധ പാതകൾ ചേരുന്ന റൗണ്ടുകൾ ഉൾപ്പെടെയുള്ള തുരങ്കപ്പാത വരെയുണ്ട്.

കേരളത്തിൽ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളെ വിശദീകരിച്ച മുഖ്യമന്ത്രി എൻജിഐയുടെ പദ്ധതികൾ കേരളത്തിനു സഹായകരമാകുമെന്ന് അഭിപ്രായപ്പെട്ടു. പ്രളയ മാപ്പിങ്ങിലും ആവശ്യമായ സാങ്കേതിക ഉപദേശം നൽകാമെന്ന് എൻജിഐ വ്യക്തമാക്കി.

വിദഗ്ദരുടെ കേരള സന്ദർശനത്തിനു ശേഷം സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പരിഗണിക്കാമെന്നും ഡൊമനിക് ലെയ്ൻ വ്യക്തമാക്കി. തുടർ പ്രവർത്തനങ്ങൾക്ക് ആസൂത്രണ ബോർഡിനെ ചുമതലപ്പെടുത്തി. നാലരയോടെ നോബൽ പീസ് സെൻ്റർ സന്ദർശിച്ച് എക്സികൂട്ടിവ് ഡയറക്ടറുമായി ചർച്ച നടത്തി. ബജറ്റിൽ പ്രഖ്യാപിച്ച ലോക സമാധാന സമ്മേളനത്തിൻ്റെ സംഘാടനത്തിൽ സഹകരിക്കുന്നത് പരിഗണിക്കാമെന്ന് അവർ വ്യക്തമാക്കി. അഞ്ചര മണിക്ക് സെയ്ൻ്റോ സി ഇ ഒ ഓസ്വാൾഡ് ബെജലണ്ടുമായി ചർച്ച നടത്തി. അംബാസഡറും ചർച്ചയിൽ പങ്കെടുത്തു. നോർവ്വീജിയൻ കമ്പനികൾക്ക് കേരളത്തിലുള്ള നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്തു. ജനുവരിയിൽ അദ്ദേഹം കേരളത്തിൽ വരാമെന്നും സമ്മതിച്ചു.

ആറു മണി മുതൽ നിക്ഷേപ സംഗമത്തിൽ പങ്കെടുത്തു. ഇന്നോവേഷൻ നോർവ്വേ, നോർവ്വേ ഇന്ത്യ ചേമ്പർ ഓഫ് കോമേഴ്സ് ആൻ്റ് ഇൻഡസ്ട്രി, നോർവ്വീജിയൻ ബിസിനസ് അസോസിയേഷൻ ഇന്ത്യ, എന്നീ സംഘടനകളുമായി ചേർന്ന് ഇന്ത്യൻ എംബസിയും ഇന്ത്യയിലെ നോർവ്വീജിയൻ എംബസിയും ചേർന്നാണ് ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചത്. അമ്പത് പ്രധാന കമ്പനികളിലെ പ്രതിനിധികൾ പങ്കെടുത്തു. ഹൈഡ്രജൻ ഇന്ധനം, ഭക്ഷ്യ സംസ്കരണം, മത്സ്യമേഖല , ഷിപ്പിംഗ്, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ നോർവ്വീജിയൻ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചു. നോർവ്വീജിയൻ കമ്പനികളുടെ നിക്ഷേപ സംഗമം ജനുവരിയിൽ കേരളത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

ഒക്ടോബർ ആറിന് രാവിലെ 9.30ന് ഓർക്കലെ ബ്രാന്റഡ് കൺസ്യൂമർ ഗുഡ്സിൻ്റെ സിഇഒ ആറ്റ്ലെ നെഗ്ൽ ജോൺസനുമായി നടത്തിയ ചർച്ചയിൽ 150 കോടി രൂപയുടെ തുടർ നിക്ഷേപം നടത്താമെന്ന് ഉറപ്പ് നൽകി.

10.15ന് ഹോർട്ടിലെ ഓസ്കോ മറൈനിലേക്ക് പുറപ്പെട്ടു. ഒന്നര മണിക്കൂർ യാത്രയുണ്ട്. ഇവർക്ക് വേണ്ടിയാണ് ലോകത്തെ ആദ്യത്തെ പൂർണ്ണമായും ഓട്ടോമേറ്റഡായ ഇലക്ട്രിക് ബാർജർ കൊച്ചിൻ ഷിപ്പ് യാർഡ് നിർമ്മിച്ച് നൽകിയത്. കൊച്ചിയിൽ ആരംഭിക്കുന്ന മാരിടൈം ക്ലസ്റ്ററിൽ അവർ സഹകരിക്കാമെന്ന് ഉറപ്പു നൽകി. തിരിച്ച് അഞ്ചു മണിയോടെ ഹോട്ടലിൽ എത്തി.

അഞ്ചര മണിക്ക് മുഖ്യമന്ത്രിയുമായി ഇന്റർനാഷണൽ ഫോറത്തിൻ്റെ പ്രതിനിധിയും ഇന്ത്യയിലെ മുൻ നോർവീജിയൻ അംബാസഡറായിരുന്ന ആം വാൽത്തറും സംഘവുമായി കുടിക്കാഴ്ച.

നോർവ്വേയിലെ മലയാളി സമൂഹവുമായ കൂടിക്കാഴ്ച ഏഴു മണിക്കായിരുന്നു. ഒരു മണിക്കൂർ ഇടവേള ആദ്യമായി കിട്ടി. ഡോക്ടർ വി കെ രാമചന്ദ്രനും ഞാനും തൊട്ടടുത്ത ആർട്ട് ഗാലറിയിൽ കഷ്ടി അര മണിക്കൂറിൻ്റെ ധാരാളിത്തം ! ഏഴു മുതൽ ഒമ്പതു വരെ മലയാളി സംഗമം. അങ്ങോട്ട് പോകുന്നതിനിടയിൽ പാർലമെണ്ടിൽ അര മണിക്കൂർ‌. മലയാളി സംഗമം കഴിഞ്ഞ് പത്തു മണിയോടെ ഹോട്ടലിൽ തിരിച്ചെത്തി.

ഏഴിനു രാവിലെ 8 മണിക്ക് ഓസ്ലെ സെനറ്റർ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അവിടെ നിന്നും ട്രെയിനിൽ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. 10.40ന് ബെർഗനിലേക്ക് വിമാനത്തിൽ പുറപ്പെട്ടു. 12 ന് അവിടെയിറങ്ങി 12.30ക്ക് ഹോട്ടലിൽ എത്തി. ഉച്ചഭക്ഷണത്തിന് നിൽക്കാതെ മുഖ്യമന്ത്രിയും സംഘവും നാഷണൽ എൻവയോൺമെൻ്റ് ആൻ്റ് റിമോട്ട് സെൻസിംഗ് സെൻ്ററിലേക്ക് പോയി. ഞാനും വ്യവസായ സെക്രട്ടറിയും ഊർജ്ജ സെക്രട്ടറിയും കൂടി കോർവസ് എനർജി ഫാക്ടറി സന്ദർശിച്ച് സി ഇ ഒ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി. രണ്ടും ഫലപ്രദമായ സന്ദർശനങ്ങൾ.

4 മണിക്ക് തിരിച്ച് ഹോട്ടലിൽ വെച്ച് മാരിടൈം മോൺടറിങ് സി ഇ ഒയുമായി ചർച്ച നടത്തി. വിക്രാന്തിൻ്റെ നിർമ്മാണത്തിൽ പങ്കാളികളായ അവർ കേരളത്തിൽ ഫാക്ടറി തുടങ്ങാൻ ധാരണയായി. തുടർന്ന് മറ്റ് നിക്ഷേപകരുമായി ഒരു മണിക്കൂർ ചർച്ച അതു കഴിഞ്ഞ് ബെർഗനിലെ മലയാളി സമൂഹവുമായ കൂടിക്കാഴ്ച.

എട്ടിനു വെളുപ്പിന് നാലര മണിക്ക് എയർപോർട്ടിലേക്ക് . അവിടെ നിന്നും നേരെ ലണ്ടനിലെ ഗ്ലാഡ് വിക് വിമാനത്താവളത്തിലിറങ്ങി. പത്തര മണിയോടെ ഹോട്ടലിൽ എത്തി. വൈകീട്ട് ഇന്ത്യൻ ഹൈക്കമ്മീഷണറുടെ അത്താഴ വിരുന്നും പൊതുവായ കാര്യങ്ങളുടെ വിശദമായ ചർച്ചയും കഴിഞ്ഞ് പത്തു മണിയോടെ ഹോട്ടലിൽ എത്തി.

ഒമ്പതിനു രാവിലെ 9.20 മുതൽ ലോക കേരളസഭയുടെ യൂറോപ്പ് – യു കെ മേഖലാ സമ്മേളനം. ഉദ്ഘാടനവും നല്ല വിഷയാവതരണങ്ങളും 12 പേർ പങ്കെടുത്ത വിഷയാടിസ്ഥാനത്തിലുള്ള ചർച്ചയും 18 പേർ പങ്കെടുത്ത പൊതു ചർച്ചയും കഴിഞ്ഞ് മുഖ്യമന്ത്രിയുടെ വിശദമായ മറുപടി. ആരോഗ്യ പ്രവർത്തകരുടെ റിക്രൂട്ട്മെൻ്റിന് നോർക്കയുമായ ധാരണാ പത്രവും ഒപ്പുവെച്ചു. അതു കഴിഞ്ഞ് നാലുമണിക്ക് പൊതു സമ്മേളന സ്ഥലത്തേക്ക് ഒന്നര മണിക്കൂർ യാത്ര. ഒമ്പത് മണിയോടെ തിരിച്ച് ഹോട്ടലിൽ എത്തി.

പിറ്റേന്ന് രാവിലെ ഏഴു മണിക്ക് വെയ്ൽസിലേക്ക് പുറപ്പെട്ടു. പതിനൊന്നിന് മുമ്പ് എത്തി നേരെ ഫസ്റ്റ് മിനിസ്റ്ററുമായി കൂടിക്കാഴ്ച. അതു കഴിഞ്ഞ് കാഡ്വിക് സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ആർക്കിടെക്ച്ചറിൻ്റെ കൊച്ചി പഠനം സംബന്ധിച്ച ചർച്ചയും കഴിഞ്ഞ് നേരെ വെയ്ൽസ് ആരോഗ്യ മന്ത്രിക്കൊപ്പം ഉച്ച ഭക്ഷണത്തോടൊപ്പം ചർച്ച. മൂന്നു മണിക്ക് തിരിച്ച് ലണ്ടനിലേക്ക്. ഏഴു മണിക്ക് മുമ്പായി ഹോട്ടലിൽ തിരിച്ചെത്തി. ഏകദേശം ഏഴു മണിക്കൂറോളം റോഡ് യാത്രക്കഴിഞ്ഞ് ഏഴര മണിക്ക് ഗോപി ചന്ദ് ഹിന്ദുജയുമായി കൂടിക്കാഴ്ച. അശോക് ലൈലൻ്റ് ഇലക്ട്രിക് ബസ് നിർമ്മാണം ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ജനുവരിയിൽ അദ്ദേഹം കേരളത്തിൽ വരാനും ധാരണയായി.

പതിനൊന്നിന് രാവിലെ 9.30ന് യു കെ ആരോഗ്യ മന്ത്രിയുമായി ചർച്ച. തുടർന്ന് ലണ്ടൻ ലോർഡ് മേയറുമായി കൂടിക്കാഴ്ച. അതു കഴിഞ്ഞ് ഹൈക്കമ്മീഷനിൽ വെച്ച് സംരംഭകരുമായി ആശയവിനിമയം. ഹൈക്കമ്മീഷണറും പങ്കെടുത്തു. രണ്ടു മണിയോടെ അതു കഴിഞ്ഞു. തുടർ പ്രവർത്തനങ്ങൾക്കായി ടീമിനെ ചുമതലപ്പെടുത്തി. തുടർന്ന് നാഷണൽ ഹെൽത്ത് സർവ്വീസുമായി ആരോഗ്യ മന്ത്രിയും ബ്രിട്ടീഷ് എഡ്യുക്കേഷൻ കൗൺസിലുമായി വിദ്യാഭ്യാസ മന്ത്രിയും ചർച്ച നടത്തി. മുഖ്യമന്ത്രിക്കൊപ്പം ഞാനും ഗ്രഫീൻ ധാരണാപത്രം ഒപ്പുവെയ്ക്കുന്ന ചടങ്ങിൽ അതേ സമയം പങ്കെടുത്തു. നാലു ലോകോത്തര സർവ്വകലാശാലകളുമായി ഡിജിറ്റൽ സർവ്വകലാശാല ഗ്രഫീൻ ധാരണാപത്രം ഒപ്പുവെച്ചത് ചരിത്ര സംഭവമാണ് . അതു കഴിഞ്ഞപ്പോൾ അഞ്ചു മണി കഴിഞ്ഞു. 5.20ന് മുഖ്യമന്ത്രി വിമാനത്താവളത്തിലേക്ക് പോയി. ഗ്ലോബ് തിയ്യേറ്ററിൽ ഒരു നാടകം കാണണമെന്നുണ്ടായിരുന്നു. പക്ഷേ, സമയം അനുവദിച്ചില്ല. 12 ന് വെളുപ്പിന് അഞ്ചു മണിക്ക് ഹിത്രൂ വിമാനത്താവളത്തിലേക്ക്. 31 പരിപാടികൾ കഴിഞ്ഞ് കേരളത്തിലേക്ക്.

May be an image of 8 people, people standing and indoor

May be an image of 8 people and people standing

May be an image of 4 people, people standing, indoor and text that says 'Livable Urbanism PROSM'

അതേസമയം, ഒക്ടോബര്‍ 1 മുതല്‍ 14 വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന യൂറോപ്യൻ രാജ്യങ്ങള‍ിലെ സന്ദര്‍ശന പരിപാടി. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് പര്യടനം നടത്തിയത്. വ്യവസായമന്ത്രി പി രാജീവ് നോര്‍വേ യുകെ തുടങ്ങിയ രാജ്യങ്ങളിലാണ് മുഖ്യമന്ത്രിക്കൊപ്പം സന്ദര്‍ശനം നടത്തിയത്. ഫിഷറീസ് വകുപ്പ് മന്ത്രി നോര്‍വയിലും ആരോഗ്യ വകുപ്പ് മന്ത്രി യുകെയിലും ടൂറിസം മന്ത്രി പി എ മുഹമ്മദ്‌റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം പാരീസിലും സന്ദർശനം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News