
ഇലന്തൂർ നരബലിയിൽ പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി. കേരളസമൂഹത്തിൽ തലപൊക്കുന്ന ഒരു പാതാളലോകത്തിൻറെ തെളിവാണ് ഇലന്തൂരിലെ നരബലിയെന്ന് എം എ ബേബി പ്രതികരിച്ചു. അഗതികളെന്നു പറയാവുന്ന രണ്ടു സ്ത്രീകളാണ് ഈ നരബലിക്ക് ഇരയായത്. ഇത്തരത്തിൽ അരക്ഷിതാവസ്ഥ യിലുള്ള തുരുത്തുകൾ നമ്മുടെ കേരളത്തിൽ ഉണ്ടെന്നത് അഭിമുഖീകരിക്കാതെ നേട്ടങ്ങളെക്കുറിച്ച് മേനി പറഞ്ഞ് അഭിരമിച്ചിരിക്കുന്നതിൽ എന്തുകാര്യം? എം എ ബേബി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
പാലക്കാട് രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ടതും പെരുമ്പാവൂരിൽ ജിഷ എന്ന പെൺകുട്ടി കൊല്ലപ്പെട്ടതും ഇത്തരം നിർധനരും പിന്നോക്കക്കാരുമായവരുടെ കുടുംബങ്ങളിൽ ആണ്. വൈകുന്നേരത്തെ ടെലിവിഷൻ ചർച്ചകളിൽ നിന്നും സാമൂഹ്യ മാധ്യമങ്ങളിലെ ഉപരിപ്ലവ ഗോഗ്വാ വിളികളിൽ നിന്നും പുറത്തേക്കിറങ്ങി സങ്കുചിതകക്ഷി രാഷ്ട്രീയ ഭേദമില്ലാതെ, ജാതി- മതവ്യത്യാസമില്ലാതെ ഒരു പുരോഗമന സാമൂഹിക പ്രസ്ഥാനം നാം കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു…എം എ ബേബി പറഞ്ഞു .
എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇങ്ങിനെ;
നിർധനരായ രണ്ടു സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു കുഴിച്ചു മൂടിയിട്ട് നരബലി നടത്തി ദൈവപ്രീതികൈവരിച്ചു എന്നും സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നും കരുതുന്ന ആളുകൾ കൂടി ജീവിക്കുന്ന നമ്മുടെ സമൂഹത്തിന് കാര്യമായ ചില പ്രശ്നങ്ങൾ ഉണ്ട് എന്നത് നാം ആദ്യം അംഗീകരിക്കണം. നവോത്ഥാന കേരളത്തിന്റെ പഴയകാല മഹിമകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നതിൽ എന്താണ് അർത്ഥം?
കേവലലാഭംമാത്രം ലക്ഷ്യംവച്ചു നീങ്ങുന്ന തീവ്രമുതലാളിത്തത്തിൻറെയും ഹിന്ദുത്വ വർഗ്ഗീയ രാഷ്ട്രീയമേല്ക്കോയ്മയുടെയും ഈ കാലത്ത് കേരളനവോത്ഥാനത്തിൻറെ പുരോഗമന- ശാസ്ത്ര ബോധത്തിൽ ഉറച്ച മൂല്യങ്ങൾ വെല്ലുവിളി നേരിടുകയാണ്.
കേരളസമൂഹത്തിൽ തലപൊക്കുന്ന ഒരു പാതാളലോകത്തിൻറെ തെളിവാണ് ഈ നരബലി. പുറമെ പുരോഗമനവാദിയും കലാസാഹിത്യ ആസ്വാദകരുമൊക്കെ ആയിരിക്കുന്ന മലയാളിയുടെ ഉള്ളിലെ പ്രാകൃത അന്ധവിശ്വാസിയെയും വലിയ പണത്തോടുള്ള അത്യാർത്തിക്കാരനെയും ഈ സംഭവം വലിച്ചു പുറത്തിടുന്നു.
സർക്കാരിനോ പോലീസിനോ മാത്രമായി കൈകാര്യം ചെയ്യാനാവുന്നതല്ല ഈ അധഃപതനം. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടു പോകുന്ന ഒരു സാംസ്കാരിക പ്രസ്ഥാനത്തിന് മാത്രമേ ഈ പ്രശ്നത്തിൻറെ കാതലിനെ നേരിടാനാവൂ.
അഗതികളെന്നു പറയാവുന്ന രണ്ടു സ്ത്രീകളാണ് ഈ നരബലിക്ക് ഇരയായത്. ഇത്തരത്തിൽ അരക്ഷിതാവസ്ഥ യിലുള്ള തുരുത്തുകൾ നമ്മുടെ കേരളത്തിൽ ഉണ്ടെന്നത് അഭിമുഖീകരിക്കാതെ നേട്ടങ്ങളെക്കുറിച്ച് മേനി പറഞ്ഞ് അഭിരമിച്ചിരിക്കുന്നതിൽ എന്തുകാര്യം?
പാലക്കാട് രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ടതും പെരുമ്പാവൂരിൽ ജിഷ എന്ന പെൺകുട്ടി കൊല്ലപ്പെട്ടതും ഇത്തരം നിർധനരും പിന്നോക്കക്കാരുമായവരുടെ കുടുംബങ്ങളിൽ ആണ്.
വൈകുന്നേരത്തെ ടെലിവിഷൻ ചർച്ചകളിൽ നിന്നും സാമൂഹ്യ മാധ്യമങ്ങളിലെ ഉപരിപ്ലവ ഗോഗ്വാ വിളികളിൽ നിന്നും പുറത്തേക്കിറങ്ങി സങ്കുചിതകക്ഷി രാഷ്ട്രീയ ഭേദമില്ലാതെ, ജാതി- മതവ്യത്യാസമില്ലാതെ ഒരു പുരോഗമന സാമൂഹിക പ്രസ്ഥാനം നാം കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു.
അതേസമയം, ഇന്നലെയാണ് കേരളത്തെ നടുക്കിയ ഇരട്ടകൊലപാതക പരമ്പര ഇലന്തൂരിൽ നടക്കുന്നത്. സാമ്പത്തിക ഉന്നതിയും ഐശ്വര്യം ഉണ്ടാകാനും ദേവീ പ്രീതിക്കായുമാണ് നരബലി നടത്തിയതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പത്മയെ കാണാതായ സെപ്റ്റംബര്‍ 26ന് സെക്‌സ് വര്‍ക്കിന് വന്നാല്‍ പണം നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് പ്രതികളുടെ വീട്ടിലെത്തിച്ചത്. വീടിനുള്ളില്‍ വെച്ച് പത്മ പ്രതികളോട് പണം ആവശ്യപ്പെടുകയും തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ പ്ലാസ്റ്റിക് ചരട് കൊണ്ട് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് ബോധം കെടുത്തുകയുമായിരുന്നു. ശേഷം മുറിയിലെത്തിച്ച പത്മയുടെ സ്വകാര്യ ഭാഗത്ത് കത്തി കയറ്റിയും കഴുത്ത് അറുത്തും കൊലപ്പെടുത്തി. പത്മയെ 56 കഷണങ്ങളാക്കി വീട്ടുവളപ്പില്‍ നേരത്തെ തയ്യാറാക്കിയിരുന്ന കുഴിയില്‍ കൊണ്ടിടുകയായിരുന്നു. പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒന്ന്, രണ്ട്, മൂന്ന് പ്രതികളായ മുഹമ്മദ് ഷാഫിയും ഭഗവല്‍ സിംഗും ലൈലയും നടത്തിയ ക്രൂരകൃത്യം വിശദീകരിച്ചുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അന്ധവിശ്വാസത്തിന്റെയും ആഭിചാരക്രിയയുടെയും പേരിലായിരുന്നു കൊലപാതകമെന്നും വ്യക്തമാക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here